Sunday, September 15, 2024
HomeKeralaശബരിമല തീർഥാടനം ; തിരക്കുനിയന്ത്രണത്തിന് ചില നിർദേശങ്ങൾ.

ശബരിമല തീർഥാടനം ; തിരക്കുനിയന്ത്രണത്തിന് ചില നിർദേശങ്ങൾ.

ശബരിമല തീർഥാടനം മുമ്പത്തെക്കാളേറെ ദേശീയ ശ്രദ്ധയിലേക്ക്‌ കടന്നുവരുന്നു. തദ്ദേശീയരായ തീർഥാടകരായിരുന്നു മുൻകാലങ്ങളിൽ കൂടുതലായി ദർശനം നടത്തിയിരുന്നതെങ്കിൽ ഇന്ന് തെക്കേ ഇന്ത്യയിലെ വലിയൊരു വിഭാഗം തീർഥാടകരെ ആകർഷിക്കത്തക്കവിധത്തിൽ ശബരിമലയുടെ പ്രശസ്തി വർധിച്ചിരിക്കുന്നു. ആന്ധ്ര, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്‌ വലിയതോതിൽ ജനങ്ങൾ ഇവിടേയ്ക്ക് എത്തിച്ചേരുന്നു. റോഡ്, റെയിൽവേ, വ്യോമ ഗതാഗതം എന്നിവ കൂടുതൽ കാര്യക്ഷമമായതോടുകൂടി പതിന്മടങ്ങ് വർധിച്ചു. സംസ്ഥാനത്തെ ഇതര ക്ഷേത്രങ്ങളെ അപേക്ഷിച്ച് സംരക്ഷിത വനമേഖലയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിലേക്കുള്ള തീർഥാടനം മണ്ഡലമാസ പൂജകൾക്കായി നടതുറക്കുന്ന 41 ദിവസവും പിന്നെ മകരവിളക്കിനും എല്ലാ മലയാളമാസം ഒന്നാം തീയതി മുതൽ തുടർന്ന് അഞ്ചു ദിവസത്തേക്കുമായി നിജപ്പെടുത്തിയിരിക്കുന്നു. ഈ നിയന്ത്രിത സമയപരിധിക്കുള്ളിൽ നടക്കുന്ന തീർഥാടനമായതിനാൽത്തന്നെ പലപ്പോഴും കണക്കുകൂട്ടലുകൾക്കപ്പുറത്തേക്കുള്ള ജനപ്രവാഹം ശബരിമലയുടെ വാഹകശേഷിയെ അധികരിക്കുകയും ചെയ്യുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കണക്കനുസരിച്ച് ഓരോ മണ്ഡലകാലത്തും ഏകദേശം 30 മുതൽ 40 ലക്ഷം തീർഥാടകർ ക്ഷേത്രദർശനം നടത്തുന്നു. വാർഷിക കണക്കിൽ ഇത് ഏകദേശം ഒരു കോടിവരെ എത്തുന്നു. വർധിതമായ തോതിൽ വർഷാവർഷം എത്തിച്ചേരുന്ന തീർഥാടകർക്ക് ആനുപാതികമായ തോതിലുള്ള അടിസ്ഥാന സൗകര്യവികസനം ദേവസ്വം ബോർഡിനും സർക്കാരിനും മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. സംരക്ഷിത വനമേഖലയ്ക്കുള്ളിലായതിനാൽത്തന്നെ വികസനാവശ്യങ്ങൾക്കായുള്ള ഭൂമി ലഭ്യമാക്കുക എന്നുള്ളത് തികച്ചും സങ്കീർണവും പ്രയാസമേറിയതുമായ കാര്യമാണ്. നിലവിൽ കേന്ദ്ര വനം വന്യജീവി, പരിസ്ഥിതി വകുപ്പുകളുടെ പ്രത്യേക അനുമതി നേടിയെടുത്തു മാത്രമേ വികസന പ്രവർത്തനങ്ങൾക്കുള്ള ഭൂമി ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ. സന്നിധാനത്ത് പുതിയ തീർഥാടക കോംപ്ലക്സുകളുടെ നിർമാണവും നടവഴികളുടെ നവീകരണവും അത്യാവശ്യമാണെങ്കിൽപ്പോലും നടപ്പാക്കാൻ കടമ്പകൾ ഏറെ കടക്കേണ്ടതായുണ്ട്. ഈ ഘട്ടത്തിൽ സ്‌പെഷ്യൽ ടെക്നോളജിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ശബരിമലയിലേക്ക്‌ എത്തുന്ന തീർഥാടകരുടെ എണ്ണത്തെ വികേന്ദ്രീകൃതമായ രീതിയിൽ നിയന്ത്രിക്കുന്നതിനായുള്ള പ്രായോഗിക മാർഗങ്ങൾ അവലംബിക്കാവുന്നതാണ്.

സ്ഥാനീയ സവിശേഷതകളുള്ള ചലിക്കുന്നതോ നിശ്ചലാവസ്ഥയിലുള്ളതോ ആയ പ്രതിഭാസങ്ങളുടെ മാപ്പിങ്ങിന് ഉപയോഗപ്പെടുത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത സാങ്കേതിക വിദ്യയാണ് ഭൂവിവരവ്യവസ്ഥ (ജിഐഎസ്‌). സ്ഥാനീയ വിവരങ്ങളോടൊപ്പം പ്രതിഭാസങ്ങളെ സംബന്ധിച്ചുള്ള അനുബന്ധവിവരങ്ങൾകൂടി കൂട്ടിച്ചേർക്കാനാകുന്നതിനാൽ ഈ സാങ്കേതികവിദ്യ വ്യാപകമായി മാനേജ്മെന്റിനും ആസൂത്രണത്തിനും നയരൂപീകരണപ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നു. ഗതാഗത സംവിധാനങ്ങളുടെ തൽസമയ നിരീക്ഷണത്തിനും മാനേജ്മെന്റിനും ആസൂത്രണത്തിനും പ്രയോജനപ്പെടുത്തുന്ന ജിപിഎസ് സാങ്കേതികവിദ്യ ഇന്ന് ഏറെ പുരോഗമിച്ചിരിക്കുന്നു. ഇവയിൽനിന്ന്‌ ലഭ്യമാകുന്ന ഡാറ്റ ഉപയോഗപ്പെടുത്തി വാഹനങ്ങളെയും അവയുടെ സഞ്ചാരപാത, ദിശ, വേഗം തുടങ്ങിയ വിശദാംശങ്ങളോടെ ഭൂവിവരവ്യവസ്ഥ മാപ്പിങ്ങിന് വിധേയമാക്കാൻ സാധിക്കും.

ശബരിമലയുടെ കാര്യത്തിൽ, ഓരോ തീർഥാടനകാലത്തും ഏകദേശം 80 ലക്ഷം പൊതുസ്വകാര്യ വാഹനങ്ങൾ തീർഥാടകരെയും വഹിച്ച് എത്തിച്ചേരുന്നതായി കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. നിയന്ത്രിതമായ സാഹചര്യത്തിലല്ലാതെ എത്തിച്ചേരുന്ന വാഹനങ്ങൾ പലപ്പോഴും നീണ്ട ഗതാഗതക്കുരുക്കിൽപ്പെടുകയും തീർഥാടകരുടെ വിലയേറിയ സമയനഷ്ടത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, ഒരു കേന്ദ്രീകൃതമായ ഭൂവിവരവ്യവസ്ഥ വാഹനങ്ങളുടെ കാര്യക്ഷമമായ മാനേജ്മെന്റ് ലക്ഷ്യമാക്കി രൂപീകരിക്കാവുന്നതാണ്. ഈ ഭൂവിവരവ്യവസ്ഥയുടെ ഡാറ്റാബേസിലേക്ക്‌ യാത്രയ്ക്ക് തയ്യാറെടുക്കുന്ന സ്വകാര്യ പൊതുഗതാഗത വാഹനങ്ങളുടെ സ്ഥിതിവിവരങ്ങൾ യഥാസമയം രജിസ്റ്റർ ചെയ്യാനും അവയുമായി ബന്ധപ്പെട്ട അനുബന്ധ വിവരങ്ങളെ ക്രോഡീകരിച്ചു നിയന്ത്രണ സംവിധാനങ്ങൾക്ക് കൃത്യമായി എത്തിച്ചുകൊടുക്കാനും കഴിയും. കൂടാതെ, ശബരിമലയിലേക്കുള്ള ഗതാഗതം തൽസമയം നിരീക്ഷിക്കാനും സാധിക്കും. ഇത്തരത്തിൽ ഉയർന്ന ശേഷിയുള്ള ഒരു കേന്ദ്രീകൃത ഭൂവിവരവ്യവസ്ഥ സങ്കേതം രൂപീകരിക്കുകയാണ് തിരക്കു നിയന്ത്രണത്തിലെ ആദ്യപടി.

രണ്ടാമതായി, കേന്ദ്രീകൃത ഭൂവിവരവ്യവസ്ഥയുമായി ഇന്റർനെറ്റിലൂടെ ബന്ധപ്പെടാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷന്റെ നിർമാണവും പ്രയോഗവുമാണ്. പുതുതലമുറ ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളിൽ ഭൂവിവരവ്യവസ്ഥയ്ക്ക് അനുഗുണമായ ജിപിഎസ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ കൂടുതൽ കാര്യക്ഷമമായും സൂക്ഷ്മതയോടെയും ഉപയോഗിക്കാൻ സാധിക്കും. മേൽപ്പറഞ്ഞ മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹനം, തരം, തീർഥാടകരുടെ എണ്ണം, മാനേജ്മെന്റ് ആവശ്യങ്ങൾക്കായി വേണ്ടി വരുന്ന മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവ കേന്ദ്രീകൃത ഭൂവിവരവ്യവസ്ഥാ സംവിധാനത്തിലേക്ക്‌ യാത്രയുടെ തുടക്കത്തിൽത്തന്നെ നൽകാൻ സാധിക്കും. വാഹനത്തിലെ ഡ്രൈവർമാരുടെയോ തീർഥാടക സംഘങ്ങളിലെ ടീം ലീഡർമാരുടെയോ മൊബൈൽ ഫോണുകൾ ഈ ആവശ്യത്തിനായി ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുകൊണ്ടുള്ള പ്രയോജനം, ശേഖരിക്കുന്ന വിവരങ്ങളിലെ സ്ഥാനീയ ഘടകങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ശബരിമലയുടെ ഒരു നിശ്ചിത ബഫർ അതിർത്തിക്കുള്ളിലേക്ക്‌ കടക്കുന്നതോടുകൂടി ട്രാക്കിങ്‌ ആരംഭിക്കാനും വാഹനവുമായി വിവരവിനിമയത്തിനും യാത്രയെ സംബന്ധിച്ചുള്ള യഥാസമയ നിർദേശം കൈമാറുന്നതിനും സാധിക്കും.

മൂന്നാമത്തെ പടിയായി, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലൂടെ കടന്നുവരുന്ന തീർഥാടക സംഘങ്ങളുടെ പമ്പയിലേക്കുള്ള പ്രവാഹത്തെ സമയബന്ധിതമായി നിയന്ത്രിക്കുക എന്നതാണ്. ഇതിനായി പത്തനംതിട്ട, ചെങ്ങന്നൂർ, വടശേരിക്കര, ളാഹ തുടങ്ങിയ സ്ഥലങ്ങളിലെ ഇടത്താവളങ്ങളെ പാർക്കിങ്ങിനായും തീർഥാടകർക്കുള്ള വിശ്രമ സങ്കേതങ്ങളായും വികസിപ്പിക്കേണ്ടതുണ്ട്. മൊബൈൽ ആപ്ലിക്കേഷൻ വഴി പമ്പയിലേക്ക്‌ നിലവിലെ തിരക്കനുസരിച്ച് എത്തിച്ചേരാൻ കഴിയുന്ന ഏകദേശ സമയം മുൻകൂട്ടി അറിയിക്കാൻ സാധിക്കും. അതുവഴി സ്വമേധയാ സഞ്ചാരവേഗം ക്രമപ്പെടുത്താനും അല്ലാത്തപക്ഷം, ഇടത്താവളങ്ങളിൽ പാർക്ക് ചെയ്യാൻ നിർദേശം നൽകുന്നതിനും തുടർന്ന് നിലയ്ക്കലേക്ക്‌ പോകുന്നതിനുള്ള സമയക്രമം നിശ്ചയിച്ചു നൽകാനും കഴിയും. ഇപ്രകാരം ചെയ്യുക വഴി നിലയ്ക്കലിൽ എത്തിച്ചേരുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും അവിടെനിന്ന്‌ പമ്പയിലേക്കുള്ള പൊതുഗതാഗത സർവീസുകളുടെ വിന്യാസം കാര്യക്ഷമമാക്കാനും അമിതമായി അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാനും സാധിക്കും.

കേന്ദ്രീകൃത ഭൂവിവരവ്യവസ്ഥയിലേക്ക്‌ ലഭ്യമാകുന്ന വിവരങ്ങളെ യഥാസമയം ക്രോഡീകരിച്ച്, വിശകലനം ചെയ്ത്‌ നിയന്ത്രണ/മാനേജ്മെന്റ് സംവിധാനങ്ങൾക്ക് എത്തിച്ചുകൊടുക്കുകയും അനുബന്ധനിർദേശങ്ങൾ തീർഥാടകസംഘങ്ങൾക്ക് നൽകുകയുമാണ് തിരക്കുനിയന്ത്രണത്തിലെ അടുത്തപടി. പൊലീസ്, ഇടത്താവളങ്ങൾ, നിലയ്ക്കൽ പാർക്കിങ്‌, പൊതുഗതാഗതം തുടങ്ങി പരസ്പരബന്ധിതമായി പ്രവർത്തിക്കുന്ന ഘടകങ്ങൾക്ക് തൽസമയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി തീരുമാനങ്ങളെടുക്കുന്നതിന് അവസരം ലഭിക്കുന്നു എന്നതാണ് മെച്ചപ്പെട്ട ഘടകം.

ശബരിമലയിലെയും പമ്പയിലെയും അടിസ്ഥാനസൗകര്യങ്ങൾ ഏറെ വർധിപ്പിക്കാൻ സർക്കാരിനായിട്ടുണ്ട്‌. ശബരിമല തീർഥാടനത്തിന്റെ പ്രാധാന്യവും അനുദിനം വർധിച്ചുവരുന്ന തീർഥാടക പ്രവാഹവും കണക്കിലെടുത്തുകൊണ്ട് ഒരു കേന്ദ്രീകൃത മാനേജ്മെന്റ് സംവിധാനം രൂപപ്പെടുത്തി നടപ്പാക്കുക എന്നത് ഏറെ അത്യന്താപേക്ഷിതമാണ്, മുഖ്യമായും ശബരിമലയുടെ പരിസ്ഥിതി സംരക്ഷണവും തീർഥാടകരുടെ സുരക്ഷയും മുൻനിർത്തി. ഇവിടെ വിഭാവനം ചെയ്യപ്പെടുന്ന സ്‌പെഷ്യൽ ടെക്നോളജി സംവിധാനം വഴി തീർഥാടകർക്ക് യാത്രയുടെ തുടക്കംമുതൽ ആശയവിനിമയം നടത്തുന്നതിനും നിർദിഷ്ട സമയക്രമം പാലിച്ച് പ്രവേശന കവാടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നതിനും തിരക്ക് ഒഴിവാക്കി സുഗമമായ ദർശനത്തിന് വഴിയൊരുക്കാൻ സഹായകവുമാണ്. കൂടാതെ, ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജലവിതരണം, മാലിന്യനിർമാർജനം, ആരോഗ്യപരിചരണം തുടങ്ങിയ ഏജൻസികൾക്ക് അവരുടെ പ്രവർത്തനങ്ങൾ വീഴ്ച കൂടാതെ നിർവഹിക്കുന്നതിനും മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനും സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments