Saturday, November 23, 2024
HomeUS Newsബൈജു തെക്കുംപുറത്ത് എഴുതുന്ന.... 'സ്നേഹ സന്ദേശം'

ബൈജു തെക്കുംപുറത്ത് എഴുതുന്ന…. ‘സ്നേഹ സന്ദേശം’

ബൈജു തെക്കുംപുറത്ത്...✍

“പ്രഭാതം വന്നണഞ്ഞു..
ഇരുൾ മാഞ്ഞുപോയി..
ഹൃദയം തുറക്കൂ..
പ്രകാശം നിറയ്ക്കൂ..
ഒന്ന് പുഞ്ചിരിക്കൂ..”

ശുഭദിനം..
🍀🍀🍀

“ദൈവമെ.. എനിക്കു മാറ്റാൻ കഴിയാത്ത സംഗതികൾ സ്വീകരിക്കാനുള്ള പ്രശാന്തമായ മനസ്സു തരേണമെ…
മാറ്റാൻ കഴിയുന്ന കാര്യങ്ങൾ മാറ്റാനുള്ള ധൈര്യവും. ഇവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള വിവേകവും
എനിക്കു തന്നാലും..”

– റെയ്നോൾഡ് നീബർ

പ്രാർത്ഥനകൾ ഏറെ ചൊല്ലാറുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ ഒരു പ്രാർത്ഥനയാണ് സുപ്രസിദ്ധനായ അമേരിക്കൻ വേദ പണ്ഡിതൻ റെയ്നോൽഡ് നീബറിൻ്റെ ഈ പ്രാർത്ഥന.

ആവശ്യങ്ങളുടേയും ആഗ്രഹങ്ങളുടേയും വലിയ നിര തന്നെ പ്രാർത്ഥനകളായി നിത്യവും ദൈവസന്നിധിയിൽ എത്തുന്നു…
അതിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നു ഈ പ്രാർത്ഥന..

ചിലതെല്ലാം നമുക്ക് മാറ്റാൻ കഴിയും..
ചിലതൊന്നും മാറ്റാനാവില്ല..
ചില ആഗ്രഹങ്ങൾ പൂവണിയും..
പലതും ആഗ്രഹങ്ങളും മോഹങ്ങളുമായിത്തന്നെ നിലകൊള്ളും..

“തെങ്ങോലത്തുമ്പിൽ ഇരുന്ന് ഊയലാടുന്ന ഒരു കുഞ്ഞു കുരുവിയെപ്പോലെ ഊയലാടാൻ എത്ര ഭാരം കുറച്ചാലും നമുക്കാവില്ല”

പ്രതിസന്ധികൾ നേരിടുമ്പോൾ പലരും ഉൾക്കൊള്ളാനാവാതെ തളർന്നു പോകുന്നു..

അവഗണനയും,
അപകീർത്തിയും ,
കുത്തുവാക്കുകളും, വഞ്ചനയും അനിഷ്ടവും, പിണക്കവും വെറുപ്പും, മാനഹാനിയും,
ചെയ്യാത്തതു ചെയ്തുവെന്ന പഴിയും, ചെയ്തത് ചെയ്തില്ലെന്ന കുറ്റപ്പെടുത്തലും,
എത്രയെല്ലാം മനസ്സ് തുറന്ന് സത്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കഴിയാതെ വളരുന്ന തെറ്റിദ്ധാരണകളും,
സ്നേഹിച്ചവരുടെ കഠിന വാക്കുകളും, പ്രവൃത്തിയും,
തിരികെ കിട്ടാത്ത സ്നേഹവും,
ഉറ്റവരുടെ വേർപാടും…
മാറാവ്യാധിയും..

ഇതിൽ ചിലതും ചിലപ്പോൾ പലതും വന്നു ചേർന്ന്
തകർത്തു കളഞ്ഞ മനസ്സുകളേറെ..

എന്നും ദുരിതങ്ങളും നൊമ്പരങ്ങളും മാത്രം കൂട്ട്..

” ഭാഗ്യമില്ല.. ” എന്ന ഒറ്റ വാക്കിൽ പറഞ്ഞ് ജീവിതത്തിൽ തോറ്റു കൊടുത്ത് നിരാശരായിക്കഴിയുന്നവരാണ് ഈ ദുരിതങ്ങളിലൂടെ കടന്നുപോകുവാൻ വിധിക്കപ്പെട്ട ഭൂരിഭാഗം മനുഷ്യഹൃദയങ്ങളും..

ശ്വാസം നിലച്ചിരുന്നെങ്കിലെന്ന് സ്വയം പലവട്ടം പറയുന്നവർ..

പരിഹാരമില്ലാത്ത ജീവിത യാധാർത്ഥ്യങ്ങൾ അംഗീകരിക്കാനാവാതെ ഹതാശരായവർ..

പ്രയാസങ്ങളും കഷ്ടതകളും വന്നു ചേരുമ്പോൾ നിരാശരായി ശിഷ്ടകാലം ജീവിച്ചു തീർക്കുന്നവർ.. പാതി വഴിയിൽ വെച്ച് തിരികെപ്പോകുന്നവർ..

ഇതിനെല്ലാം മറുപടി ഒന്നു മാത്രം…
നബീറിൻ്റെ പ്രാർത്ഥന തന്നെ..

“ദൈവമെ.. എനിക്കു മാറ്റാൻകഴിയാത്ത സംഗതികൾ സ്വീകരിക്കാനുള്ള പ്രശാന്ത മനസ്സു തരേണമെ.. മാറ്റാൻ കഴിയുന്ന കാര്യങ്ങൾ മാറ്റാനുള്ള ധൈര്യവും..”

എണ്ണമില്ലാത്ത പ്രതിസന്ധികൾ ചിലനേരം വന്നു ചേരുന്നു..
പലതും മാറ്റാൻ ആവാത്തത്..
ചിലതെല്ലാം ശ്രമിച്ചാൽ മാറ്റാവുന്നതും…

മാറ്റാനാവാത്തത് തിരിച്ചറിഞ്ഞ് അത് സ്വീകരിക്കാം.. മാറ്റാൻ ആവുന്നത് മാറ്റാൻ പരിശ്രമിക്കാം ..
പ്രശാന്തമായ മനസ്സോടെ..

ഏവർക്കും ശുഭദിനാശംസകൾ..

ബൈജു തെക്കുംപുറത്ത്…✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments