Monday, May 20, 2024
HomeUS Newsശ്രീ കോവിൽ ദർശനം (10) സിദ്ധിവിനായക ക്ഷേത്രം ✍അവതരണം: സൈമ ശങ്കർ മൈസൂർ.

ശ്രീ കോവിൽ ദർശനം (10) സിദ്ധിവിനായക ക്ഷേത്രം ✍അവതരണം: സൈമ ശങ്കർ മൈസൂർ.

സിദ്ധിവിനായക ക്ഷേത്രം

പ്രിയ ഭക്തരെ ഈ ആഴ്ചയിൽ നമുക്ക് നേരെ മുംബൈയ്ക്കു പോകാം. അവിടെയുള്ള ഒരു ഗണപതി ക്ഷേത്ര ത്തിന്റെ പേരാണ് സിദ്ധിവിനായക ക്ഷേത്രം.

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം പ്രശസ്തമാണ്. ഇവിടുത്തെ ഗണപതി വിഗ്രഹം സവിശേഷമാണ്. ഒറ്റക്കല്ലില്‍ തീര്‍ത്ത ഗണപതി വിഗ്രഹത്തിന് 2.5 അടി (750 എം എം) ഉയരവും രണ്ട് അടി (600 എം എം) വീതിയുമാണുള്ളത്.

ഗണപതിയുടെ തുമ്പിക്കൈ വലത് ഭാഗത്തേക്കാണ് വളഞ്ഞിരിക്കുന്നത്. മുകളിലത്തെ വലത്, ഇടത് കൈകളില്‍ താമരയും മഴുവും താഴത്തെ വലത്, ഇടത് കൈകളില്‍ ജപമാലയും ഒരു കിണ്ണം നിറയെ മോദകവും പിടിച്ചിരിക്കുന്നു. ഇടത് തോളില്‍ നിന്ന് വയറിന്‍റെ വലത് ഭാഗത്തേക്ക് പൂണൂലിനെ പോലെ തോന്നിക്കുന്ന സര്‍പ്പരൂപം വിഗ്രഹത്തിന് അപൂര്‍വ്വ ഛായ നല്‍കുന്നു.

സിദ്ധിവിനായക വിഗ്രഹത്തിന്‍റെ തിരു നെറ്റിയില്‍ ശിവന്‍റെ തൃക്കണ്ണിനെ അനുസ്മരിപ്പിക്കുന്ന ഒരു കണ്ണുമുണ്ട്. വിനായക വിഗ്രഹത്തിന്‍റെ രണ്ട് വശങ്ങളിലുമായി ദേവിമാരായ ബുദ്ധിയെയും സിദ്ധിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവിമാര്‍ പിന്നില്‍ നിന്ന് ഗണേശ വിഗ്രഹത്തെ എത്തി നോക്കുന്ന നിലയിലാണ്. ഈ ദേവിമാര്‍ക്കൊപ്പം ഗണേശന്‍ ഉള്ളതിനാലാണ് ഈ ക്ഷേത്രം സിദ്ധി വിനായക ക്ഷേത്രമെന്ന് അറിയപ്പെടുന്നത്. പരിശുദ്ധി, വിജയം, ധനം, അഭിവൃദ്ധി എന്നിവയുടെ പ്രതീകങ്ങളാണ് ഈ ദേവിമാര്‍. ഇവരോടൊപ്പം വലത്തേക്ക് വളഞ്ഞ തുമ്പിയുള്ള ഗണേശ ഭാവവും അതിവിശിഷ്ടമെന്നാണ് വിശ്വാസം. സാധാരണ ഗണേശ വിഗ്രഹങ്ങളുടെ തുമ്പി ഇടത്തേക്ക് വളഞ്ഞാണ് കാണാറുള്ളത്.

സിദ്ധിവിനായകന്‍റെ ശ്രീകോവില്‍ പലതവണ പരിഷ്കാരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോഴുള്ള കല്ലില്‍ തീര്‍ത്ത മനോഹരമായ ശ്രീകോവില്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടാഴ്ച നീണ്ട പൂജകളുണ്ടായിരുന്നു.

പഴയ ക്ഷേത്രം 1801 നവംബര്‍ 19 ന് ആണ് പ്രവര്‍ത്തനം തുടങ്ങിയത്- ഹിന്ദു കലണ്ടര്‍ പ്രകാരം ശകവര്‍ഷം 1723 ലെ ദുര്‍മുഖ് സംവത്സരത്തിലെ കാര്‍ത്തിക ശുദ്ധ ചതുര്‍ദ്ദശിക്ക്. ക്ഷേത്രം നിര്‍മ്മിതി 3.60 സ്ക്വയര്‍ മീറ്ററില്‍ പരന്ന് കിടക്കുന്നു. താഴത്തെ നിലയ്ക്ക് 450 എം എം കനമുള്ള ഇഷ്ടിക കെട്ടും പഴയ രീതിയിലുള്ള ഗോപുരവും അതിനുമുകളില്‍ കലശവും ഉണ്ട്. ഗോപുരത്തിനു ചുറ്റും അഴികളോട് കൂടിയ പാരപ്പറ്റ് കെട്ടിയിരിക്കുന്നു. ക്ഷേത്രത്തിന്‍റെ അടിവശം റോഡിന് സമാന്തരമാണ്.

പ്രഭാദേവിയില്‍, തിരക്കേറിയ കാകാസാഹെബ് ഗാഡ്ജില്‍ റോഡിനും എസ്. കെ. ബോലെ റോഡിനും അടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാട്ടുംഗ അഗ്രി സമാജത്തിലെ ദിവംഗതയായ ദേവുബായി പട്ടേല്‍ എന്ന ധനിക മുതല്‍ മുടക്കി വിതുഭായ് പട്ടേല്‍ എന്ന കരാറുകാരനെ കൊണ്ട് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം.

ധനികയായിരുന്ന ദേവുബായിക്ക് കുട്ടികളില്ലായിരുന്നു. സന്താന സൌഭാഗ്യത്തിന് ഗണേശ പൂജ ഫലം നല്‍കുമെന്ന് അറിഞ്ഞ ദേവുബായി അകമഴിഞ്ഞ് ഗണേശനെ പൂജിക്കുകയും സന്താനം പിറന്നാല്‍ ഗണേശന് ക്ഷേത്രം നിര്‍മ്മിച്ച് നല്‍കാമെന്ന് നേരുകയും ചെയ്തു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഈ അവസരത്തില്‍ ദേവുബായിയുടെ ഭര്‍ത്താവ് മരണമടഞ്ഞു. എന്നാല്‍, ദേവുബായി ഗണേശ ഭക്തി മുറുകെ പിടിക്കുകയാണ് ചെയ്തത്. നേര്‍ന്നത് പോലെ ഗണേശ ക്ഷേത്രം നിര്‍മ്മിക്കാന്‍ ദേവുബായി തീരുമാനിച്ചു.

തന്‍റെ വീട്ടിലെ കലണ്ടറില്‍ കാണുന്ന രീതിയിലുള്ള ഗണേശ വിഗ്രഹം നിര്‍മ്മിക്കാനായിരുന്നു തീരുമാനം. മുംബൈ വാക്കേശ്വരിലെ 500 വര്‍ഷം പഴക്കമുള്ള ബന്‍‌ഗംഗ വിഗ്രഹത്തിന്‍റെ ചിത്രമായിരുന്നു കലണ്ടറില്‍ ഉണ്ടായിരുന്നത്.

ദേവു ബായിക്ക് സന്താന ഭാഗ്യമുണ്ടായില്ല എന്നാല്‍, ഗണേശനെ ഭജിക്കുന്ന സന്താനമില്ലാത്ത സ്ത്രീകള്‍ക്ക് ആ ഭാഗ്യം സിദ്ധിക്കാന്‍ വേണ്ടി അവര്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. ഈ പ്രാര്‍ത്ഥന ഗണേശന്‍ ചെവിക്കൊണ്ടു എന്ന് തന്നെ കരുതണം. ഈ ക്ഷേത്രത്തില്‍ ആഗ്രഹ സാധ്യത്തിനായി ആയിരങ്ങളാണ് വരുന്നത്.അതിനാല്‍, മറാത്തിയില്‍ സിദ്ധിവിനായകനെ ‘നവസാച്ച ഗണപതി’ അഥവ ‘നവശാലപവനര ഗണപതി’ (പ്രാര്‍ത്ഥിച്ചാല്‍ ഫലം നല്‍കുന്നവന്‍)എന്നും വിളിക്കുന്നു.

ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിന്റെ പരിസരത്തിലേക്കുള്ള ഇടുങ്ങിയ പാതയാണ് ‘ഫൂൽ ഗലി’. തെരുവിൽ ധാരാളം സ്റ്റാളുകൾ ഉണ്ട്, അവിടെ തുളസി പൂമാലകൾ, നാളികേരം, മധുരപലഹാരങ്ങൾ മുതലായവ വിതരണം ചെയ്യുന്ന കടയുടമകളെ കാണാം. ചതുർത്ഥി സമയങ്ങളിൽ ഭക്തരുടെ വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.

വ്യാപാര തലസ്ഥാനമായ മുംബൈയിലേക്ക് രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളില്‍ നിന്ന് റോഡ്, വ്യോമ, റയില്‍ മാര്‍ഗ്ഗേണ എത്തിച്ചേരാന്‍ എളുപ്പമാണ്.

ക്ഷേത്രത്തിന്‍റെ വക ധര്‍മ്മശാലകള്‍ ഉണ്ട്. കൂടാതെ , ഏത് ബജറ്റിലും ഒതുങ്ങുന്ന താമസ സൌകര്യം അടുത്ത് തന്നെ ലഭ്യമാണ്.

സൈമശങ്കർ,
മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments