“ടെക്നോളജി, എൻ്റർടൈൻമെൻ്റ്, ഡിസൈൻ” എന്നിവ അടിസ്ഥാനമാക്കി ആഗോള തലത്തിൽ നടത്തിവരുന്ന TED കോൺഫറൻസിന്റെ ഭാഗമായുള്ള TEDx കോൺഫറൻസിന് ആതിഥേയത്വമൊരുക്കി ഷാർജ ഇന്ത്യൻ സ്കൂൾ (ജുവൈസ).
ദശലക്ഷക്കണക്കിന് ആഗോള പ്രേക്ഷകരുള്ള TED ടോക്കുകൾ ജനപ്രിയമായതോടെയാണ് ലോകമെമ്പാടും TEDx ടോക്കുകൾ പ്രാദേശിക തലങ്ങളിൽ ആരംഭിച്ചത്. പരമാവധി 18 മിനുട്ട് വരെ ദൈർഘ്യമുള്ള ഹ്രസ്വവും ശക്തവുമായ സംഭാഷണങ്ങളാണ് TEDx ടോക്കുകൾ. മഹത്തായ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ലോകത്തെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന എല്ലാ വിഭാഗങ്ങളിൽ നിന്നും സംസ്കാരത്തിൽ നിന്നുമുള്ള ആളുകളെ സ്വാഗതം ചെയ്യുന്ന ഒരു ആഗോള ഇടപെടലാണ് TED ടോക്കുകൾ. 1984-ൽ റിച്ചാർഡ് സോൾ വുർമാൻ സൃഷ്ടിക്കുകയും ഹാരി മാർക്ക്സ് പുന:സ്ഥാപിക്കുകയും ചെയ്ത TED ടോക്കുകൾ കാലിഫോർണിയയിലെ മോണ്ടെറിയിൽ ഒരു വാർഷിക പരിപാടിയായി തുടക്കം കുറിക്കുകയും പിന്നീട് ലോകപ്രശസ്ത ഇവൻ്റായി വളരുകയും ചെയ്തു. ശാസ്ത്രജ്ഞർ, തത്ത്വചിന്തകർ, സംഗീതജ്ഞർ, ബിസിനസ്സുകാർ, മനുഷ്യസ്‌നേഹികൾ, മറ്റ് സ്വാധീനമുള്ള വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന വിപുലമായ ഈ കോൺഫറൻസാണ് TED ടോക്കുകൾ, ദി അഡാഷ്യസ് പ്രോജക്റ്റ്, ഗ്ലോബൽ TEDx എന്നിങ്ങനെ വിവിധ മേഖലകൾ ഉൾപ്പെടുത്തി വിപുലീകരിച്ചത്. ഓരോ പ്രദേശത്തിനും, രാജ്യത്തിനും അനുസൃതമായ രീതിയിൽ ഇന്ന് ലോകമെമ്പാടും സംഘടിപ്പിക്കുന്ന പ്രാദേശിക ഒത്തുചേരലാണ് TEDx കോൺഫറൻസുകൾ.
ജുവൈസ ഷാർജ ഇന്ത്യൻ ബോയ്സ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ ടീം ആതിഥേയത്വം വഹിച്ച ആദ്യത്തെ TEDx ഇവൻ്റ് ഇന്ത്യൻ അസോസിയേഷൻ ഷാർജയിലെ കമ്മ്യൂണിറ്റി ഹാളിൽ . ഉദ്ഘാടനം ചെയ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡണ്ട് നിസ്സാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീ പ്രകാശ്, ട്രഷറർ ഷാജി ജോൺ എന്നിവർ സംയുക്തമായി ഇവന്റ് ഉദ്ഘാടനം ചെയ്തു. ജെംസ് ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ശ്രീവൽസൻ മുഖ്യാതിഥി ആയിരുന്നു. ജുവൈസ പ്രിൻസിപ്പൽ മുഹമ്മദ് അമീൻ സ്വാഗതം പറഞ്ഞു. ഷാർജ ഇന്ത്യൻ സ്കൂൾ സിഇഒ രാധാകൃഷ്ണൻ, ഇന്ത്യൻ സ്കൂൾ ഗുബൈബ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ തുടങ്ങിയ വിദ്യാഭ്യാസ വിദഗ്ധരുടെ വിശിഷ്ട സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. ശ്രീമതി നിയ സോഹൻ റോയിയും, ഷാർജ ഇന്ത്യൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിപ്രതിനിധികളായ ഉമ്മൻ പി ഉമ്മനും ശ്രീമതി നൂസിം ഫാത്തിമയും യുവ വിദ്യാർത്ഥി സമൂഹത്തെ പ്രചോദിപ്പിച്ചു കൊണ്ട് ഇടപെടൽ നടത്തി. ഇന്ത്യൻ അസോസിയേഷൻ സ്റ്റുഡൻ്റ് വെൽഫെയർ കമ്മിറ്റി കൺവീനർ സജി മാത്യു നന്ദി പറഞ്ഞു.