Thursday, December 26, 2024
HomeUS Newsഓർമ്മയിലെ മുഖങ്ങൾ:- കെ. എസ്. നന്ദിത, ✍അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ:- കെ. എസ്. നന്ദിത, ✍അവതരണം: അജി സുരേന്ദ്രൻ

അവതരണം: അജി സുരേന്ദ്രൻ✍

മലയാള സാഹിത്യ രംഗത്തെ കവയിത്രി ആയിരുന്ന കെ.എസ്.നന്ദിതയുടെ ഓർമ്മകളിലേക്ക്….

മെയ് 21ന് വയനാട് ജില്ലയിലെ മടക്കി മലയിൽ ശ്രീധരമേനോന്റെയും, പ്രഭാവതി എം മേനോന്റെയും മകളായാണ് ജനനം. ഗവ. ഗണപത് മോഡൽ ഗേൾസ് ഹൈസ്കൂൾ, ചാലപ്പുറം ഗുരുവായൂരപ്പൻ കോളേജ്, ഫറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി ചെന്നൈ എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

പഠനത്തിൽ മിടുക്കിയായിരുന്ന നന്ദിത വയനാട് ജില്ലയിലെ തന്നെ മുട്ടിൽ ഡബ്ലു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.

മരണത്തിനു ശേഷം ഡയറിയൽ കുറിച്ചിട്ട കവിതകൾ കണ്ടെടുത്ത് ഡോ.എം.എം.ബഷീർ മുൻകൈയെടുത്താണ് “നന്ദിതയുടെ കവിതകൾ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. അതിലൂടെയാണ് കവയിത്രിയെ നാമറിയുന്നത്.1985ലാണ് ആദ്യ കവിത കുറിച്ചിട്ടത്.

കാറ്റ് ആഞ്ഞടിക്കുന്നുവെന്നും, കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണർന്നുവെന്നും, ഞാൻ ആളിപ്പടർന്നുവെന്നും വിവരിക്കുന്ന ഭാവതീവ്രമായ വരികൾ ആ ജീവിതത്തിന്റെ നേർകാഴ്ച തന്നെയായിരുന്നു. പ്രണയത്തിനും, മരണത്തിനും അതി മനോഹരമായ ഭാവങ്ങൾ നൽകിയ കവയിത്രിയായിരുന്നു നന്ദിത .വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന മാന്ത്രികത ആ വരികളുടെ പ്രത്യേകതയാണ്.

കോളേജിൽ വിദ്യാർത്ഥികളുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന നന്ദിത നല്ലൊരു വായനക്കാരികൂടി ആയിരുന്നു. സ്വന്തം കവിതകളിൽ വിഷാദഭാവമാണ് നിഴലിച്ചിരുന്നത്.

” പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തി
വെളിച്ചം എന്തിനെന്നെ വിലക്കുന്നു.’..
വിദ്വേഷം നിറഞ്ഞ കണ്ണുകൾക്കു താഴെ
പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ‘
ലോകത്തിലേക്ക് എനിക്ക്
രക്ഷപ്പെടണം
ചുററും അരിച്ചു നടക്കുന്ന
പാമ്പുകളേയും
മൂളിപ്പറക്കുന്ന കൊതുകുകളേയും
തട്ടിമാറ്റി ഞാൻ യാത്രയാരംഭിക്കട്ടെ …..
എന്റെ വേരുകൾ തേടി “….

ലളിതമായ ഭാഷയിലൂടെ വായനക്കാരുടെ മനസ്സിൽ നിറഞ്ഞു നിന്ന വരികളായിരുന്നു കവിതയിലുടനീളം. ഏതോ ഒരു ലോകത്തേക്ക് യാത്രയാക്കണമെന്നും, അതും വിദ്വേഷം നിറഞ്ഞ കണ്ണുകൾക്ക് താഴെ പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്ത ഒരു ലോകത്തിലേക്ക് … എന്തുകൊണ്ടാണ് അത്തരമൊരു ലോകം കവിതകളിൽ നിറച്ചതെന്ന് വ്യക്തമല്ല.

” നിന്റെ പുഞ്ചിരിയിൽ എന്റെ
കണ്ണീരുറയുന്നതും
നിന്റെ നിർവ്വികാരതയിൽ ഞാൻ
തളർന്നതും
എന്റെ അറിവോടു
കൂടിത്തന്നെയായിരുന്നു.
എനിക്ക്
രക്ഷപെടണമെന്നുണ്ടായിരുന്നു
പക്ഷെ …….
ഞാൻ തടവുകാരിയായിരുന്നു.
എന്റെ ചിന്തകളുടെ ” ….

സ്നേഹത്തിനു വേണ്ടിയുള്ള കാത്തിരുപ്പായിരുന്നു കവിതകളിൽ ഏറെയും. നിശബ്ദമായ ഒരു പാട് സ്വരങ്ങൾ ഉള്ളിലൊളിപ്പിച്ച മുഖത്ത് എപ്പോഴും വിഷാദഛായയുള്ള പെൺകുട്ടിയായിരുന്നു നന്ദിത.

” നേർത്ത വിരലുകൾ കൊണ്ട്
ആത്മാവിനെ തൊട്ടുണർത്താൻ
ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്ന്
ഒരു സ്വപ്നം പോലെ
ഇനി നിനക്ക് കടന്നു വരാം”!!

ദുരൂഹതകൾ ബാക്കി വച്ച്, ജനുവരി 17ന് എഴുതിതീരാത്ത കവിതകളും, കിട്ടാതെ പോയ സ്നേഹവും ബാക്കിയാക്കി നന്ദിത യാത്രയായ്…അമ്മ നട്ട പാരിജാതത്തിന്റേയും, പവിഴമല്ലിയുടേയും തണലിൽ നന്ദിത ഉറങ്ങുകയാണ്. ഇനിയും പൂർത്തീകരിക്കാത്ത മറ്റൊരു കവിതയായ് …
ഓർമ്മപ്പൂക്കൾ …..

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments