ദുബായ് : കേരളത്തിലെ മഹാ പൂരമായ തൃശ്ശൂർ പൂരം വർണ്ണാഭമായ കെട്ടിയാട്ടങ്ങളും ആഘോഷങ്ങളോടും കൂടെ ദുബായ് എത്തിസലാത്ത് അക്കാദമിയിൽ ആഘാഷിച്ചു.
തൃശ്ശൂർക്കാരുടെ ഏറ്റവും വലിയ ഉത്സവമായ തൃശ്ശൂർ പൂരം, കേരളക്കരയുടെ മഹാപൂരമായി മാറിയതുപോലെ, കടലുകൾക്കിപ്പുറം ഇങ്ങ് യുഎഇ യുടെ പ്രവാസമണ്ണിലും തൃശ്ശൂർപ്പൂരം ഇന്ന് തൃശ്ശൂർക്കാർക്ക് മാത്രമല്ല കേരളത്തിലെ മുഴുവൻ പ്രവാസികൾക്കും ഏറ്റവും വലിയ ആഘോഷമാണ് – തിങ്കളാഴ്ച്ച രാവിലെ എട്ട് മണിക്ക് കൊടിയേറ്റത്തോടെ ആരംഭിച്ച പൂരം രാത്രി വളരെ വൈകിയാണ് അവസാനിച്ചത്. നൂറ്റൻപതിൽപ്പരം കലാകാരന്മാർ അണിനിരന്ന, കൊമ്പ് പറ്റ്, കുഴൽ പറ്റ്, പഞ്ചാരിമേളം, മഠത്തിൽ വരവ്, തുടർന്ന് തിരുവമ്പാടി ദേവസ്വം മേളപ്രമാണി ചേരനല്ലൂർ ശങ്കരൻ കുട്ടി മാരാർ നയിച്ച പഞ്ചാരിമേളങ്ങളോടുകൂടിയാണ് ആഘോഷ പരിപാടികളുടെ തുടക്കം. തുടർന്ന് തൃശ്ശൂർപ്പൂര നഗരിയിലെ ഇലഞ്ഞിത്തറമേളത്തിൻ്റ പ്രമാണി കിഴക്കൂട്ട് അനിയൻ മാരാരും സംഘവും അണിനിരന്ന ഇലഞ്ഞിത്തറ മേളവും അരങ്ങേറി.
തുടർന്ന് പ്രവാസമണ്ണിലെ നിരവധി മലയാളി മങ്കമാർ അണിനിരന്ന മെഗാ തിരുവാതിരയും , കാവടിയാട്ടവും, ശിങ്കാരി മേളം, നാദസ്വരം, എന്നു തുടങ്ങിയ ഒട്ടനവധി കലാ പ്രകടനങ്ങളാണ് അരങ്ങേറിയത്. നിരനിരയായി നിരന്നുനിന്ന നാല് ഗജകേസരികളുടെ ഇടയിലേക്ക് വടക്കുംനാഥ ക്ഷേത്രത്തിൻ്റെ രീതിയിൽ നിർമ്മിച്ച ക്ഷേത്രഗോപുരത്തിൻ്റെ ഉള്ളിൽ നിന്നും നെറ്റിപ്പട്ടം കെട്ടി തലയിൽ തിടമ്പേറ്റി അഞ്ചാമതായി കടന്നുവന്ന ഗജരാജൻ്റെ എഴുന്നള്ളത്ത് പൂരപ്രേമികളെയാകെ ഭക്തിയുടെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് മണിക്കൂറുകളോളം നീണ്ടുനിന്ന മേളക്കൊഴുപ്പിൽ കണ്ടു നിന്ന ജനസാഗരം ഇളകിയാടി.
കേരളത്തിൻ്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിൽ ഒരുക്കിയ പൂരപ്പറമ്പിൽ ഓരോ പൂരപ്രേമികൾക്കും ഞങ്ങൾ തൃശ്ശൂരിൻ്റെ മണ്ണിലല്ല നിൽക്കുന്നത് എന്ന് തോന്നാതിരുന്നില്ല. വൈകുന്നേരം നടന്ന കുടമാറ്റത്തിൻ്റെ ഏറ്റവും വലിയ ആകർഷണീയതയായി അവതരിപ്പിച്ചത് യുഎഇ ഭരണാധികാരികളുടെ കട്ടോട്ടറുകളായിരുന്നു. മാറ്റങ്ങൾക്ക് എന്നും മുൻപന്തിയിൽ നിൽക്കുന്ന യുഎഇ യുടെ ദേശീയ ദിനം കൂടിയായിരുന്ന ഡിസംബർ രണ്ടിന് തന്നെ അണിയിച്ചൊരുക്കിയ തൃശ്ശൂർ പൂരത്തിൽ ഇവിടുത്തെ ഭരണാധികാരികൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ ബഹുമാനമായിരുന്നു ഗജരാജൻ മാരുടെ പുറത്ത് അവരെ അണിനിരത്തിക്കൊണ്ട് പൂരക്കമ്മിറ്റി നൽകിയത്.
പൂരം, പഴമയുടെ പുതുമയുടെ പുത്തൻ തലമുറയുടെ വികാരമാണ്. ഒരു നാടിൻ്റെ ആവേശമാണ്. തൃശ്ശൂർപൂരത്തിൻ്റെ ആവേശം പൂർണ്ണമായല്ലങ്കിലും ഒരു പരിധിവരെ ദുബായിയുടെ സർഗാത്മക മണ്ണിൽ കൊണ്ടുവരാൻ അതിൻ്റെ പിന്നിൽ പ്രവർത്തിച്ച ഒട്ടനവധി കമ്മിറ്റി ഭാരവാഹികൾക്കും അംഗങ്ങൾക്കും കഴിഞ്ഞു എന്നത് വളരെ വലിയ വിജയമാണ്. ജാതി മത ചിന്തകൾക്കതീതമായി സ്നേഹത്തിൻ്റെ സൗഹൃദത്തിൻ്റെ പെരുമ നേരിൽ കാണിച്ചു തന്ന മഹാ ഉത്സവമായിരുന്നു ദുബായിലെ തൃശ്ശൂർ പൂരം. കഴിഞ്ഞ അഞ്ചു വർഷക്കാലമായി യുഎഇയുടെ മണ്ണിൽ പൂരം അരങ്ങേറുന്നുണ്ട്. ഓരോ വർഷവും ആഘോഷ പരിപാടികൾ കൊണ്ടും, ആൾബലം കൊണ്ടും ശ്രദ്ധേയമാകുന്ന രീതിയിലാണ് പൂരം മുന്നോട്ട് പോകുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു നാട്ടിൽ നിന്നും യുഎഇ യിൽ നിന്നും പങ്കെടുത്ത നൂറുകണക്കിന് വാദ്യക്കാരും കലാകാരന്മാരും അണിനിരന്ന പ്രൗഢ ഗംഭീരമായ വാദ്യമേളവും എഴുന്നള്ളത്തും. ഈ വർഷത്തെ പൂരത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയായി അവതരിപ്പിക്കപ്പെട്ടത് മച്ചാട് മാമാങ്കത്തിൻ്റെ കുതിരയെ ആയിരുന്നു. ആദ്യമായാണ് മച്ചാട് മാമാങ്കത്തിൻ്റെ കുതിരയെ മച്ചാട് നാടിന് വെളിയിൽ അതും കടൽ കടന്ന് യുഎഇയുടെ മണ്ണിൽ അവതരിപ്പിക്കുന്നത്.
പൂരം കൊടിയിറങ്ങുമ്പോൾ സമാപന വേദിയിൽ അണിനിരന്ന പൂരകമ്മിറ്റി അംഗങ്ങളോടൊപ്പം, പരിപാടിയുടെ നിരവധി സ്പോൺസർമാരും, പരിപാടിയുടെ സംഘാടകരായ ഇക്വിറ്റി പ്ലസ് മേധാവി ജൂബി കുരുവിള, കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയിയും , ദേശീയ പുരസ്ക്കാര ജേതാവായ നടി അപർണ്ണ ബാലമുരളിയും ഒത്തുചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ തൃശ്ശൂരിൽ തന്നെയാണോ നിൽക്കുന്നത് എന്ന് തോന്നിപ്പോയി. പ്രസിഡണ്ട് അനൂപ് അനിൽ ദേവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീമതി രശ്മി രാജേഷ് സ്വാഗാതം പറഞ്ഞു. വൈസ് പ്രസിഡന്റ് ജെകെ ഗുരുവായൂർ, ജോയിൻ്റ് സെക്രട്ടറി സുനിൽ ആലുങ്കൽ, അനിൽ അരങ്ങത്ത്, ജോയിൻ്റ് ട്രഷറർ ഷാജു എന്നിവരും മറ്റ് പ്രോഗ്രാം കമ്മിറ്റി കൺവീനർമാരും ആശംസകളും നേർന്നുകൊണ്ട് സംസാരിച്ചു. മുഴുവൻ സ്പോൺസർമാരേയും, നടി അപർണ്ണ ബാലമുരളിയേയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് ഖജാൻജി സാജിദ് നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത പിന്നണി ഗായകൻ വിധുപ്രതാവും, നടി അപർണ്ണ ബാലമുരളിയും, ഐഡിയാ സ്റ്റാർ സിംഗർ താരം ശ്രീരാഗ് ഭരതനും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.