മലയാളികളുടെ പ്രിയ നടൻ കൊച്ചിൻ ഹനീഫ ഹാസ്യാത്മകമായ ആ മനസും ചിന്തയും അഭിനയവും ഇന്നും മലയാള സിനിമയിൽ ജീവിക്കുന്നു.
വട്ടക്കഴുത്തുള്ള ബനിയനും കൈലിയുമുടുത്ത് അതിനുമുകളില്‍ ബെല്‍റ്റ് കെട്ടി കൈയില്‍ പേനാക്കത്തി നിവര്‍ത്തിപ്പിടിച്ച് നെഞ്ചും വിരിച്ചു നടക്കുന്ന ഇറച്ചിവെട്ടുകാരന്‍ ഹൈദ്രോസ്. കിരീടത്തിലെ സേതുവിനെ ചുറ്റിപ്പറ്റി നടക്കുന്ന ആ മണ്ടന്‍ ഗുണ്ടയെ അറിയാത്തവരായി ആരെങ്കിലുമുണ്ടോ?വില്ലനായി വന്ന് പിന്നീട് ചിരിയിലൂടെ മലയാളികളെ കയ്യിലെടുത്ത നടൻ. കൊച്ചിൻ ഹനീഫ മലയാളികൾക്ക് ഓർത്തുവയ്ക്കാൻ നൽകിയത് നിരവധി കഥാപാത്രങ്ങളാണ്. മിമിക്രി- നാടകവേദികളിലൂടെ കടന്നുവന്ന കൊച്ചിൻ ഹനീഫ ‘അഴിമുഖം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
പഞ്ചാബി ഹൗസിലെ ഗംഗാധരന്‍ മുതലാളി ഇന്നും രമണനെയും കൂട്ടി മലയാള സിനിമയുടെ ചായക്കടയ്ക്ക് മുന്നിലിരുന്ന് കപ്പലണ്ടി കൊറിയ്ക്കുന്നുണ്ട്. പുലിവാല്‍ കല്യാണത്തിലെ ധര്‍മേന്ദ്ര, ചതിക്കാത്ത ചന്തുവിലെ ധര്‍മ, മാന്നാര്‍ മത്തായി സ്പീക്കിംഗിലെ എല്‍ദോ, പാണ്ടിപ്പടയിലെ ദരിദ്രനായ മുതലാളി, സിഐഡി മൂസയിലെ പൊലീസുകാരന്‍ അങ്ങനെ കണക്കില്ലാതെ നീളുന്നു കൊച്ചിന്‍ ഹനീഫ അനശ്വരമാക്കിയ റോളുകള്‍.
പറക്കും തളികയിലെ ഇന്‍സ്‌പെക്ടര്‍ വീരപ്പന്‍ കുറുപ്പിനെ മലയാളികൾ എങ്ങനെ മറക്കാനാണ്. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായി. കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നിവയുടെ തിരക്കഥാകൃത്തായി.
ഒട്ടേറെ തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ഹനീഫ അവതരിപ്പിച്ചു. സിനിമയിൽ സജീവമായി നിൽക്കെ തന്നെയാണ് 2010 ഫെബ്രുവരി രണ്ടിന് കൊച്ചിൻ ഹനീഫ സിനിമാ ലോകത്തുനിന്ന് വിട പറയുന്നത്. പക്ഷേ മികവുറ്റ കഥാപാത്രങ്ങളിലൂടെ ആ കലാകാരൻ മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു.