തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിഇഎ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ മാനേജ്മെൻ്റ് തയ്യാറാകണമെന്ന് സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് ജെ മസിക്കുട്ടി അമ്മ. എല്ലാ യൂണിയനുകളുമായി നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനോടും യോജിപ്പാണ്.
ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യാൻ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭവുമായി സിഐടിയു മുന്നോട്ടുപോകുമെന്നും അവർ മുന്നറിയിപ്പ് നൽകി. കെഎസ്ആർടിഐഎ നടത്തിയ സെക്രട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേഴ്സിക്കുട്ടി അമ്മ. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, എൻഡിആർ, എൻപിഎസ് കുടിശ്ശിക അടച്ചുതീർക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി കാണിക്കുക, പുതിയ ബസുകൾ നിരത്തിലിറക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ചീഫ് ഓഫീസിന് മുന്നിൽ വിശദീകരണയോഗം ചേർന്നശേഷമായിരുന്നു ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്ത മാർച്ച് ആരംഭിച്ചത്. വർക്കിങ് പ്രസിഡൻ്റ് സി കെ ഹരികൃഷ്‌ണൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, കെ കെ ദിവാകരൻ, കെഎസ്ആർടിഇ സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, എസ് സന്തോഷ്കുമാർ, എസ് സുജിത്കുമാർ, എസ് ശ്രീദേവി, സുശീലൻ മണവാരി, മുഹമ്മദ് ഷൂജ തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.”