തെഹ്‌റാൻ കടുത്ത സംഘർഷാവസ്ഥ തുടരുന്നതിനിടെ ചെങ്കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ച് ഇറാൻ. നാവികസേനയുടെ ഭാഗമായ അൽബോർസ് യുദ്ധക്കപ്പൽ യമനിനടുത്തുള്ള ബാബുൽ മൻദബ് കടലിടുക്കിലൂടെയാണ് ചെങ്കടലിൽ എത്തിയത്. ഹൂതി വക്താവ് മുഹമ്മദ് അബ്ദുൾ സലാമുമായി ഇറാൻ സുരക്ഷാ മേധാവി അലി അക്ബർ അഹമ്മദിയൻ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കപ്പൽ വിന്യാസം.
ഹമാസിന് പിന്തുണ നൽകുന്നതിനായി യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ നവംബർമുതൽ ചെങ്കടലിലെ കപ്പലുകൾ ലക്ഷ്യമിടുന്നുണ്ട്. തുടർന്ന് പല ഷിപ്പിങ് കമ്പനികളും കേപ്പ് ഓഫ് ഗുഡ് ഹോപ്പുവഴി യാത്ര മാറ്റിയിരുന്നു. കപ്പൽ റാഞ്ചാൻ ശ്രമിച്ച ഹൂതി ബോട്ടുകൾ ഞായറാഴ്‌ച അമേരിക്കൻ നാവികസേന മുക്കിയിരുന്നു.