മുംബൈ ഓസ്‌ട്രേലിയൻ വനിതൾക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ആശ്വാസജയം തേടി ഹർമൻപ്രീത് കൗറും സംഘവും. രണ്ട് കളിയും തോറ്റതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു. രണ്ടാംമത്സരത്തിൽ മൂന്ന് റണ്ണിനായിരുന്നു തോൽവി. ഫീൽഡർമാരുടെയും ബാറ്റർമാരുടെയും മോശം പ്രകടനമാണ് ഇന്ത്യക്ക് തലവേദന. രണ്ടാം ഏകദിനത്തിൽ ഏഴ് ക്യാച്ചുകൾ ഫീൽഡർമാർ പാഴാക്കി. അവസാനഘട്ടത്തിൽ ബാറ്റിങ് നിരയും തകർന്നു.
ക്യാപ്‌റ്റൻ ഹർമൻപ്രീതിന്റെ മോശം ഫോമാണ് തിരിച്ചടി. എല്ലാ വിഭാഗത്തിലുമയി കഴിഞ്ഞ എട്ട് ഇന്നിങ്‌സുകളിൽ മൂന്നെണ്ണത്തിൽമാത്രമാണ് ക്യാപ്‌റ്റന് രണ്ടക്കം കാണാനായത്. ഏകദിനത്തിൽ 9, 5 എന്നിങ്ങനെയാണ് സ്‌കോർ. ആദ്യ ഏകദിനത്തിൽ ഓസീസിനെതിരെ വലിയ സ്‌കോർ നേടിയിട്ടും ബൗളിങ് നിരയുടെ മോശം പ്രകടനംകാരണം തോറ്റു. രണ്ടാം ഏകദിനത്തിൽ ബാറ്റർമാർ മങ്ങി.
96 റണ്ണെടുത്ത റിച്ച ഘോഷും 44 റണ്ണുമായി ജെമീമ റോഡ്രിഗസും മാത്രം പൊരുതി. ജെമീമ ആദ്യകളിയിൽ 82 റണ്ണടിച്ചിരുന്നു. ബൗളിങ്ങിൽ തിളങ്ങുന്നുണ്ടെങ്കിലും ഓൾറൗണ്ടർ ദീപ്‌തി ശർമയുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് രണ്ടാം ഏകദിനത്തിൽ തിരിച്ചടിയായി.