Monday, September 16, 2024
HomeKeralaതാരകെെമാറ്റ ജാലകം തുറന്നു ; ‘കളത്തിൽ’ വീണ്ടും എംബാപ്പെ.

താരകെെമാറ്റ ജാലകം തുറന്നു ; ‘കളത്തിൽ’ വീണ്ടും എംബാപ്പെ.

പാരിസ്‌ ജനുവരിയിലെ താരകൈമാറ്റ ജാലകം തുറന്നതോടെ കണ്ണുകൾ വീണ്ടും കിലിയൻ എംബാപ്പെയിലേക്ക്‌. 2025 വരെ പിഎസ്‌ജിയുമായി കരാർ ഒപ്പിട്ടുവെങ്കിലും എംബാപ്പെ കൂടുമാറിയേക്കുമെന്നാണ്‌ സൂചന. റയൽ മാഡ്രിഡ്‌ ആണ്‌ ഇപ്പോഴും രംഗത്ത്‌. ഇംഗ്ലീഷ്‌ ക്ലബ് ലിവർപൂളും ഫ്രഞ്ചുകാരനായി വല വീശുന്നുണ്ട്‌. ജനുവരിയിലെ ജാലകം തുറന്നതോടെ വമ്പൻ താരങ്ങൾക്കായുള്ള ശ്രമം ക്ലബ്ബുകൾ ആരംഭിച്ചു. സൗദി ലീഗിലേക്ക്‌ മുൻനിര താരങ്ങൾ ചേക്കേറാനുള്ള സാധ്യതയുമുണ്ട്‌.

പിഎസ്‌ജിക്കായി ഇതുവരെ ചാമ്പ്യൻസ്‌ ലീഗ്‌ നേടാനായിട്ടില്ല എന്ന നിരാശയുണ്ട്‌ എംബാപ്പെയ്‌ക്ക്‌. ക്ലബ് വിടാനുള്ള നീക്കത്തിനുപിന്നിൽ ഇതൊരു കാരണമാണ്‌. 2021ലാണ്‌ റയലിന്റെ വൻ വാഗ്‌ദാനം പിഎസ്‌ജി ആദ്യമായി നിരസിക്കുന്നത്‌. 2022ൽ വീണ്ടും റയലെത്തി. എന്നാൽ, ഇരുപത്തഞ്ചുകാരൻ 2025 വരെ കരാർ നീട്ടുകയായിരുന്നു. ഇതിനിടെ സൗദി ക്ലബ് അൽ ഹിലാലും വൻ തുകയുമായി രംഗത്തെത്തിയിരുന്നു. ഇതൊക്കെ എംബാപ്പെ നിരസിച്ചു.അർജന്റീനയുടെ അണ്ടർ 17 ലോകകപ്പ്‌ താരം ക്ലോഡിയോ എച്ചെവെരി ഇംഗ്ലീഷ്‌ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റിയിലേക്കെന്നാണ്‌ സൂചന. റിവർപ്ലേറ്റിലായിരുന്നു ഈ മുന്നേറ്റക്കാരൻ. ഈ വർഷം ഡിസംബർവരെ റിവർപ്ലേറ്റിനായി വായ്പാടിസ്ഥാനത്തിൽ കളിക്കും. 2025ൽ സിറ്റിയിലെത്തും.
ആറ് വർഷത്തേക്കായിരിക്കും കരാർ.

അതേസമയം സിറ്റിയുടെ മധ്യനിരക്കാരൻ കാൾവിൻ ഫിലിപ്‌സ്‌ ടീം വിടും. സിറ്റിയിൽ അവസരം കുറവായിരുന്നു ഇംഗ്ലീഷുകാരന്‌. ന്യൂകാസിൽ യുണൈറ്റഡും ഇറ്റാലിയൻ ക്ലബ് യുവന്റസുമാണ്‌ രംഗത്ത്‌. മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ പരിശീലകൻ എറിക്‌ ടെൻ ഹാഗുമായി രസത്തിലല്ലാത്ത ജെയ്‌ഡൻ സാഞ്ചോയും ഈ ജാലകത്തിൽ കൂടുമാറും. മുൻ ക്ലബ് ബൊറൂസിയ ഡോർട്ട്‌മുണ്ടിലേക്ക്‌ തിരിച്ചുപോകാനാണ്‌ സാധ്യത. മറ്റൊരു യുണൈറ്റഡ്‌ താരം ഡോണി വാൻ ഡി ബീക്ക്‌ ഐൻട്രാക്‌റ്റ്‌ ഫ്രാങ്ക്ഫുർട്ടിൽ വായ്‌പയടിസ്ഥാനത്തിൽ കളിക്കും.

അഴ്‌സണൽ ഗോൾ കീപ്പർ ആരോൺ റംസ്‌ദാലെയും ടീം വിടും. ചെൽസിയും ന്യൂകാസിലുമാണ്‌ ഈ ഗോൾ കീപ്പർക്കായി ശ്രമം നടത്തുന്നത്‌. ഈ സീസണിൽ ചെൽസിക്കായി മികച്ച കളി പുറത്തെടുക്കുന്ന കോണർ ഗല്ലഗറിനായി ടോട്ടനം ഹോട്‌സ്‌പറാണ്‌ സജീവമായുള്ളത്‌. കഴിഞ്ഞ വിപണിയിൽ വൻതുക ചെലവഴിച്ച ചെൽസി സാമ്പത്തികമായി ഞെരുക്കത്തിലാണ്‌.

ബ്രെന്റ്‌ഫോർഡിന്റെ ഇവാൻ ടോണിയെ അഴ്‌സണലും ഫുൾഹാമിന്റെ ജോയോ പാലീന്യയെ അഴ്‌സണലും ബയേണും ലിവർപൂളും ലക്ഷ്യമിടുന്നുണ്ട്‌. മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ പ്രതിരോധക്കാരൻ റാഫേൽ വരാൻ റയൽ മാഡ്രിഡിലേക്ക്‌ തിരിച്ചുപോകുമെന്നാണ്‌ സൂചന. ബയേണും രംഗത്തുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments