ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി രണ്ട്, മൂന്ന് ദിവസങ്ങളിൽ ദക്ഷിണേന്ത്യയിൽ. 2ന് തമിഴ്നാട്ടിലും ലക്ഷദ്വീപിലും എത്തുന്ന മോദി, മൂന്നിന് തൃശൂരിലുണ്ടാകും. തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന സ്ത്രീ ശക്തി സംഗമത്തിൽ പ്രസംഗിക്കും. വനിത സംവരണ ബിൽ പാസാക്കിയതിൽ അഭിനന്ദനം അറിയിക്കാനാണ് ബി.ജെ.പി സംസ്ഥാന ഘടകം പരിപാടി സംഘടിപ്പിക്കുന്നത്.
തമിഴ്നാട്ടിൽ 19,850 കോടിയുടെ പദ്ധതികൾക്ക് രണ്ടിന് തുടക്കമിടും. കൊച്ചി – മംഗളൂരു വാതക പൈപ്പ് ലൈനിന്റെ കൃഷ്ണഗിരി മുതൽ കോയമ്പത്തൂർ വരെയുള്ള ഭാഗത്തിന്റെ വികസനവും ഇതിലുണ്ട്. അന്ന് ഉച്ചകഴിഞ്ഞ് 3.15ന് ലക്ഷദ്വീപിലെ അഗത്തിയിൽ എത്തുന്ന പ്രധാനമന്ത്രി, പൊതുപരിപാടിയിൽ പങ്കെടുക്കും.
ടെലികമ്യൂണിക്കേഷൻ, കുടിവെള്ളം, സൗരോർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ 1150 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും. കൊച്ചിയെയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കുന്ന സബ്‌മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷൻ ഉദ്ഘാടനം ചെയ്യും. ഇതോടെ ഇന്റർനെറ്റിന്റെ വേഗത വർദ്ധിച്ച്, ദ്വീപിലെ വാർത്താവിനിമയ സൗകര്യങ്ങളിലും ഡിജിറ്രൽ സാങ്കേതികയിലും വൻ മാറ്റമുണ്ടാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.