എല്ലാവർക്കും നമസ്കാരം
നമ്മൾ മലയാളികൾ ഓണമായാലും വിഷു ആയാലും ഉണ്ണിയപ്പം ഉണ്ടാക്കുന്നത് പോലെയാണ് ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ ഉള്ളവർ ദീപാവലി ആയാലും ഹോളി ആയാലും മാൽപുവ ഉണ്ടാക്കുന്നത്. നമ്മുടെ നെയ്യപ്പത്തിൻ്റെ കസിൻ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ടില്ല, സ്വാദുണ്ട്. അപ്പോ പിന്നെ ഇത്തവണത്തെ വിഭവം മാൽപുവ തന്നെ ആവട്ടെ എന്ന് തീരുമാനിച്ചു.
🌟മാൽപുവ
✨ആവശ്യമായ സാധനങ്ങൾ
🌟മൈദ – 200 ഗ്രാം
🌟പെരുഞ്ചീരകം – 1 ടീസ്പൂൺ
🌟ഇളം ചൂടുള്ള പാൽ – 1/2 ലിറ്റർ
🌟പഞ്ചസാര – 200 ഗ്രാം
🌟വെള്ളം – മൂന്നാല് സ്പൂൺ
🌟ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
🌟എണ്ണ/നെയ്യ് – വറുക്കാൻ ആവശ്യമായത്
🌟കുങ്കുമപ്പൂ – അലങ്കരിക്കാൻ
✨പാചകവിധി
🌟ഒരു ബൗളിൽ മൈദ എടുത്ത് അതിലേക്ക് പെരുഞ്ചീരകം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാൽ കുറേശ്ശെയായി ഒഴിച്ച് കട്ടകെട്ടാതെ ഇളക്കി യോജിപ്പിച്ച് അയവുള്ള ബാറ്റർ തയ്യാറാക്കി അടച്ചു വയ്ക്കുക.
🌟പഞ്ചസാര വെള്ളം ചേർത്ത് നല്ലതുപോലെ അലിയിച്ച് ഒരു നൂൽപ്പരുവം ആകുന്നതിനു തൊട്ടുമുമ്പ് ഏലയ്ക്കാപ്പൊടി ചേർത്ത് നന്നായി ഇളക്കി സ്റ്റൗവിൽ നിന്നും മാറ്റുക.
🌟ഓരോ വലിയ കയിൽ ബാറ്റർ എടുത്ത് തിളക്കുന്ന എണ്ണയിലേക്ക് ഒഴിച്ച് രണ്ടു ഭാഗവും വെന്ത് ഗോൾഡൻ കളർ ആകുമ്പോൾ കോരിയെടുത്ത് തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാര പാനിയിലേക്ക് ഇടുക. കുറേനേരം കഴിഞ്ഞ് മറിച്ചിടുക. എന്നാലെ രണ്ടു ഭാഗവും ഒരുപോലെ മധുരം വലിച്ചെടുക്കുകയുള്ളൂ.
🌟പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് സെർവ്വിംഗ് ഡിഷിലേക്ക് മാറ്റി മുകളിൽ കുങ്കുമപ്പൂ തൂവി അലങ്കരിക്കുക.
🌟ഇളം ചൂടോടെ കഴിക്കാം ജ്യൂസി ടേസ്റ്റി മാൽപുവ.