” എന്റെ ഇടനെഞ്ചിലേക്ക് നീ തലചായ്ച്ചിടൂ
ഹൃദയതാളം മെല്ലെ ചെവിയോർത്തിടൂ… ”
ജക്കരന്ത പൂവ് പോലെഎത്ര മനോഹരമായ വരികൾ.
2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ ലഭിച്ച നോവൽ ശ്രീ മോബിൻ
മോഹന്റെ “ജക്കരന്ത”യെ കുറിച്ച് അറിയാം.കാവ്യാത്മകമായ പ്രണയം തുളുമ്പുന്ന വരികളിലൂടെ ഒന്നല്ല കുറേ ഏറെ പ്രണയകഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുറമ്പോക്ക്, ആകാശം പെറ്റ തുമ്പികൾ എന്നീ രണ്ട് കഥാസമാഹാരങ്ങളും” ജക്കരന്ത” എന്ന ഈ നോവലും അദ്ദേഹത്തിന്റെ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചവയാണ്. കേരള സാഹിത്യ അക്കാദമി അംഗം കൂടിയായ കഥാകൃത്തിന് മറ്റ് ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇടുക്കിയിലെ മണ്ണിൽ നിന്നും യൂറോപ്പ് കഥാഭൂമികയാവുന്ന ഈ പ്രണയകഥ ചിന്ത പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രണയവും പ്രകൃതിപ്രതിഭാസങ്ങളും മതവും ആത്മീയതയും സ്നേഹവും സൗഹൃദവും വഞ്ചനയും ചരിത്രവും വിരഹവുമെല്ലാം ഈ നോവലിൽ കാച്ചിക്കുറുക്കിയ രീതിയിൽ ഒട്ടുമേ ഭംഗി ചോർന്നു പോകാതെ കാവ്യാത്മകമായ ശൈലിയിൽ എഴുതി ചേർത്തിരിക്കുന്നു..
അവതാരിക എഴുതിയ ശ്രീ സുരേന്ദ്രൻ മാഷിന്റെ വരികൾ കഥയേത് യാഥാർഥ്യമേത് എന്ന് ഒരു നിമിഷം ഏതൊരു വായനക്കാരനും സംശയിക്കുമെന്നാണ്. അത്രയ്ക്ക് ഓരോ വരികളും വായനക്കാരന്റെ മനസ്സിൽ പൂക്കാലം സൃഷ്ടിക്കുന്നു..
ഭാവനയുടെ അനന്തസാധ്യതകളെ വിദഗ്ധമായി ഉപയോഗിക്കുകയും സൗന്ദര്യാത്മകമായി അവതരിപ്പിക്കാനും കഴിഞ്ഞു എന്ന് ശ്രീ ടി ഡി രാമകൃഷ്ണൻ എഴുതിയ കുറിപ്പിൽ..
പ്രണയത്തിന്റെ നോവും നീറ്റലും മനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞ നോവലാണ് ജക്കരന്ത എന്ന് പ്രശസ്ത നോവലിസ്റ്റ് ശ്രീ ബെന്യാമിൻ.
ഈ പ്രശസ്ത വ്യക്തികളുടെ വാക്കുകളിൽ നിന്നും മനസ്സിലാകും ഈ നോവൽ വായനക്കാരന്റെ മനസ്സിൽ എത്രമാത്രം ആഴത്തിൽ സ്പർശിക്കും എന്ന്..
ജക്കരന്തയുടെ വയലറ്റ് പുഷ്പങ്ങളാൽ മണ്ണിലും മനസ്സിലും പ്രണയമഴ പെയ്യിച്ചു കൊണ്ട് നമുക്ക് ഈ നോവൽ യാത്ര ആരംഭിക്കാം.
പ്രണയം, കാവ്യാത്മകമായ രീതിയിൽ അവതരിപ്പിക്കുക എന്നത് പ്രയാസമേറിയകാര്യമാണ്.. ഇവ വായനക്കാരന്റെ മനസ്സിൽ അതെ അനുഭൂതി അനുഭവിപ്പിക്കുക എന്നത് അതിലേറെ പ്രയാസവും. നോവലിസ്റ്റിനു അതിന് സാധിച്ചു എന്നത് പ്രശംസനാർഹമാണ്. കഥാകാരന്റെ ഭാവനയിലെ സ്ഥലവും കാലവും കഥാപാത്രങ്ങളും കാലദേശാന്തരങ്ങളുടെ ചട്ടകൂടുകൾക്കിടയിൽ നിന്നും വായനക്കാരന്റെ മനസ്സിലേക്ക് കുടിയേറുന്ന കാഴ്ച..
പ്രണയത്തിന്റെ രാജകുമാരനായ ഒക്ടെവിയസിന്റെ പ്രജകൾ, ജക്കരന്തയുടെ വയലറ്റ് പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന യൂറോപ്പിലെ കാർണോവിയയിലെ അനാഥരായ സാൽവദോറും കൂട്ടുകാരൻ അഗസ്റ്റനോയുടെയും സൗഹൃദവും അവരുടെ വ്യത്യസ്ത മായ പ്രണയവും അവയിൽ നിന്നുമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥയുടെ പ്രമേയം.. ഒന്നാം അധ്യായം ആരംഭിക്കുന്നത് തന്നെ കാർണോവിയയുടെ പ്രകൃതി സൗന്ദര്യം വിവരിച്ചുകൊണ്ടാണ്.യൂറോപ്പ് ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത നോവലിസ്റ്റ് ഭാവനയിൽ വരച്ചെഴുതിയ ഓരോ വരികളും വായനക്കാരന്റെ മനസ്സിലും നിറഞ്ഞ കാഴ്ചകളായി മാറുന്നു..
ഒക്ടെവിയസ് ഒരു കപ്പൽ യാത്രയ്ക് തയ്യാറാവുകയും കടൽ യാത്ര ഭയന്നിരുന്ന അദ്ദേഹത്തിന്റെ പ്രിയ പത്നി കാതറിൻ യാത്രയിൽ നിന്നും പിന്മാറുകയും ചെയ്തു.. യാത്രയ്ക്കിടയിൽ മെൽബണിലെ വഴിയോരങ്ങളിൽ കണ്ട വയലറ്റ് പൂക്കൾ ഉള്ള ജക്കരന്തയാണ് അദ്ദേഹത്തെ ഏറെ ആകർഷിച്ചത്.. തന്റെ പ്രിയതമയ്ക് സമ്മാനിയ്കാനായി അതിന്റെ തൈ യുമായി ആണ് അദ്ദേഹം തിരിച്ചെത്തിയത്.. പക്ഷെ അപ്പോഴേക്കും കാതറിൻ രോഗം ബാധിച്ചു മരിച്ചിരുന്നു.. ദുഖിതനായ അദ്ദേഹം കാതറിന്റെ ശവകുടിരത്തിനു സമീപം ജക്കരന്ത തൈ നട്ടു പിടിപ്പിച്ചു.. പിന്നീട് അദ്ദേഹത്തിന്റെ അടുത്ത യാത്രയിലും പരമാവധി ജകരന്ത വിത്തുകൾ ശേഖരിച്ചാണ് വന്നത്.. അങ്ങനെയാണ് കാർണോവിയ ഇത്രയും ജക്കരന്ത നിറഞ്ഞു നില്കുന്നത്.ഇപ്പോഴും അവിടുത്തുകാരുടെ ഇടയിലുള്ള വിശ്വാസം പ്രണയം ഉള്ള ആളിനെ മനസ്സിൽ വിചാരിച്ചു ജക്കരന്ത കായ്കൾ പൊട്ടിച്ചു നോക്കുമ്പോൾ വിത്തുകൾ ഉണ്ടെങ്കിൽ അവരുടെ പ്രണയം സഫലമാകും എന്നാണ്.റാക്കോണ മലയെ കുറിച്ചും ഒക്ടെവിയസ് രാജാവ് അവിടെ പണി കഴിപ്പിച്ച വിശുദ്ധ ഡൈൻവൻ പള്ളിയെ കുറിച്ചും ഇതേ പോലെ ഓരോ പ്രണയ കഥകൾ ഈ നോവലിൽ വിവരിക്കുന്നുണ്ട്.
പുസ്തകത്തിന്റെ ആദ്യപകുതിയിൽ അനാഥരും ടൂറിസ്റ്റ് ഗൈഡ് മായി ജോലി ചെയ്യുന്ന സാൽവദോറിന്റെയും അഗസ്റ്റനോയുടെയും സൗഹൃദവും രണ്ട് വ്യത്യസ്തമായ പ്രണയങ്ങളും അതിന്റെ ഭവിഷത്യുകളും വിവരിക്കുന്നു.. സാൽവദോർ തെരുവ് ഗായകനായ തോബിയാസിന്റെ മകൾ അമേലിയയെ ആണ് പ്രണയിക്കുന്നത്.. എന്നാൽ അഗസ്റ്റനോ ശത്രു രാജ്യത്തെ ഒരു പ്രദേശമായ ഗാന്റിയയിലെ ഇസബെല്ലയെ ആണ്..സൂക്ഷിക്കണമെന്ന് സൽവാദോരോ മുന്നറിയിപ്പ് നൽകിയിട്ടും അഗസ്റ്റാനോ ഇസബെല്ലയെ കാണാനായി ഗാന്റിയായിലേക്ക് ഡാനി എന്ന കുതിരയെയും കൊണ്ട് യാത്ര തിരിക്കുകയാണ്..
രണ്ടാം പകുതിയിൽ പ്രണയത്തിന്റെ ചതിയിൽ പെട്ടുപോയ അഗസ്തനോയെയും ദാനിയേയും രക്ഷിക്കാനായി സൽവദോരോ നടത്തുന്ന യാത്രയും അവിടെ പരിചയപ്പെടുന്ന ചില മുഖങ്ങളെ കുറിച്ചും വിവരിക്കുന്നു.
ഇടുക്കിയിൽ ഇരുന്നു കൊണ്ട് യൂറോപ്യൻ പശ്ചാത്തലത്തിൽ എഴുതിയ ഈ നോവൽ കഥാകാരന്റെ ഭാവനയിലെ സ്ഥലവും കാലവും കഥാപാത്രങ്ങളും കാലദേശാന്തരങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നും വായനക്കാരന്റെ മനസ്സിലേക്ക് കുടിയേറുന്നു. കാർണോവിയയും റക്കോണയും ഗാന്റിയയും റൈൻ നദിയും സിസിലിയുമെല്ലാം ഭാവനയിലെ കാഴ്ചകൾക് നിറം പകരുമ്പോൾ നമ്മുടെ മനസ്സിലും ആത്മാവിലും പെയ്തൊഴിയുന്ന നിലാവ് പോലെ പ്രണയം നിറയ്ക്കുന്നു.
ഒരു മനുഷ്യന് മറ്റൊരുവനോട് പ്രകടിപ്പിക്കാൻ കഴിയുന്ന സ്നേഹത്തിന്റെ ഏറ്റവും ചേതോഹരമായ അടയാളം ആലിംഗനമാണെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞ കഥകാരാ … നിസ്സഹായരും നിരാലംബരുമെന്ന് സ്വയം തോന്നുമ്പോൾ ആരെങ്കിലും നമ്മെ ഹൃദയത്തോട് ചേർത്ത് ആലിംഗനം ചെയ്താൽ എല്ലാം മറന്ന് നാം ഒരു സുരക്ഷിത ബോധത്തിലെത്തും. എല്ലാ പ്രതിസന്ധികളെയും ആശങ്കകളെയും ആ മാത്രയിൽ ഉരുക്കി കളയും..
ചതിയിൽ പെട്ട അഗസ്തനോയെ രക്ഷിക്കാൻ താൻ ഒരിക്കലും ചെയ്യില്ലെന്ന് ഉറപ്പിച്ച മോഷണം വരെ സൽവദോർ ചെയ്യാൻ തയ്യാറാകുന്നു. സൗഹൃദത്തിന്റെ ഏറ്റവും ഉത്തമഉദാഹരണമാണ് ഈ നോവൽ..
ജീവിതത്തിൽ ശരികൾ കണ്ടെത്തുമ്പോഴാണ് നമ്മുടെ ജീവിതത്തിന്റെ രൂപം തന്നെ മാറുന്നത്. ചിലപ്പോൾ ആ കണ്ടെത്തലുകൾ ശരി തെറ്റുകളെ കുറിച്ചുള്ള നമ്മുടെ സങ്കൽപങ്ങളെ പോലും തകിടം മറിച്ചേക്കാം. നന്മയാണ് ലക്ഷ്യമെങ്കിൽ തെറ്റുകൾ സധൂകരിക്കപ്പെടും.
പ്രണയം പോലെ സൗഹൃദവും ചരിത്രവും ഈ നോവലിൽ പ്രധാനമാണ്. നെപ്പോളിയൻ ബൊണപ്പാർട്ട് ന്റെ ജീവിതവും ജൂത – ക്രിസ്തീയ സംഘർഷവും എല്ലാം മികച്ച രീതിയിൽ വിവരിച്ചിട്ടുണ്ട്..
മലയാള നോവൽ സാഹിത്യ രംഗത്ത് മികച്ച എഴുത്തുകാരൻ എന്ന രീതിയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു ശ്രീ മോബിൻ.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ശ്രീ മോബിന് സാധിക്കട്ടെ.. ആശംസകൾ..