ചടുലതയേറും ഗമനം അനുദിന ,
പടവായുള്ളിൽ ഏറാനായി
ഹൃദയപരാഗം മൃദുലതയേറ്റി
അതിലോലുപനായ് മാറുംഞാൻ
ആറ്റിൻ കരയിലെ ഇളവെയിലേറ്റ്,
ഞാറ്റിൻ ഗന്ധവുമുള്ളിൽത്തഴുകി
സുഗതം മൃദുലം നീയൊഴുകുമ്പോൾ ,
അകതാരിൽ മൃദുതന്തികൾ മീട്ടും
ഒറ്റാലിൽ ചെറുമീനുകണക്കേ ,തിള
മുറ്റുംകൗശല തന്ത്രപ്പണിയാൽ
സൃഷ്ടിസ്ഥിതിയുടെ കൗശലകരവും
ഇഷ്ടംകൂടാൻ വിഭവമൊരുക്കും
സഖി ,നീയെത്തും നേരമതൊന്നിൽ ,
ഹാ
അഖിലവും എന്നിൽ നിറയുംപോലെ;
തുടരെത്തുടരെ സ്വരമാധുരിയിൽ
വിടരും എന്നും മോഹത്തളിക
കാലംകഥയുടെ ഏടുനിവർത്തവേ,
ലോലം ലോലം നീയൊഴുകുന്നു
ചന്തംചാർത്തി
എന്നിലെതരിശിൽ ,നിന്നല
മന്ദം മന്ദം കോൾമയിർചാർത്തി
വിണ്ണിൽ നില്ക്കും വികർത്തകനെത്തേ
മണ്ണിൽവിടരും മാന്തളിർ പോലെ
എന്നും കണ്ണിൽ കൗതുകതളിരായ് ,നീ
വന്നെത്തീടു പൊൻ താരകമായ്
നിറകർണ്ണപുടത്തിൽതേൻമൊഴി
തൂകാൻ
നിറകതിരായി ശോഭിച്ചീടാൻ
മെല്ലെത്തഴുകും കാറ്റലപോലെ , കുളിർ
വല്ലികൾ നീർത്തി പടരാമെന്നും!
ഉഷാ ആനന്ദ്✍