ആത്മശേഖരത്തിൽനിന്നും
കൊഴിഞ്ഞുവീണ
മിഴിപ്പൂക്കൾ അരുമയായി
കൈയിലെടുത്തു.
വിരൽവിടവിലൂടെ ഊർന്നുപോയി
അവ
കാൽനഖങ്ങളെ നനച്ചു.
അഗ്നി ഗോളമായി
അകത്തളങ്ങളിലെ
ചുവരുകളിൽ തട്ടിത്തിരിയുമ്പോളും
വിരിയുന്ന പൂവിനെ സ്വപ്നംകണ്ടു.
സുഗന്ധമാപിനികളിൽ ഗന്ധമളന്നു.
ഒരു പൂവായിരുന്നുവെങ്കിലെന്നു
വീണ്ടും സ്വപ്നംകണ്ടു.
തഴമ്പുപിടിച്ച കൈകളിൽ നോക്കി
നെടുവീർപ്പിട്ടു.
മുഖത്തെ കരുവാളിപ്പ്
അലമാരയുടെ കണ്ണാടിയിൽ കണ്ട്
അന്ധാളിച്ചു.
കൊഴിയാതെ ബാക്കിനിന്ന
മുടിയിഴകൾ
വിരലിൽ ചുറ്റി വെറുതെ വലിച്ചു.
പുകയില്ലാത്ത അടുപ്പിനും ചൂടുണ്ട്.
കരിഞ്ഞ ചുണ്ടുകൾക്ക്
നാവ് നീര് കൊടുത്തു.
വൃദ്ധസദനത്തിന്റെ വലിയ വാതിലിൽ
വണ്ടി നിൽക്കുമ്പോൾ
ബലമില്ലാത്ത കാലുകൾ
താളമില്ലാതെയാടി.
അപ്പോളും മുറ്റത്തെ പൂക്കൾനോക്കി
സ്വപ്നംകണ്ടു.
‘സ്വപ്‌നങ്ങൾ,സ്വപ്‌നങ്ങൾ,
സ്വപ്നങ്ങളേ നിങ്ങൾ
സ്വർഗ്ഗകുമാരികളല്ലോ’
ഗാനശകലങ്ങൾ നെഞ്ചിലുടഞ്ഞു



