Sunday, February 22, 2026
Homeപ്രവാസിഅപരനിലൂടെ നമ്മെ കണ്ടെത്താം; വായന വിമോചനത്തിന്റെ ആയുധം: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

അപരനിലൂടെ നമ്മെ കണ്ടെത്താം; വായന വിമോചനത്തിന്റെ ആയുധം: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

നസീർ വാവകുഞ്ഞ്

ജിദ്ദ: മറ്റുള്ളവരിലൂടെയാണ് നാം സ്വയം തിരിച്ചറിയുന്നതെന്നും, ആ തിരിച്ചറിവിലേക്കുള്ള ഏറ്റവും വലിയ ഉപാധി പുസ്തകങ്ങളാണെന്നും പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. ജിദ്ദ കേരള പൗരാവലിയുടെ സാംസ്‌കാരിക വിഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വയം അന്വേഷിക്കുന്ന ഒരു മനുഷ്യന്‍ എല്ലാവരിലും ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മെ ചിന്തിപ്പിക്കുകയും ആ അന്വേഷണത്തിന് കരുത്തേകുകയും ചെയ്യുന്ന വലിയ ആയുധം വായനയാണ്. പ്രവാസം എന്ന വാക്കിനെ അഭിമാനത്തോടെയാണ് താന്‍ കാണുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘നമ്മിലെ സ്വാതന്ത്ര്യബോധത്തെ ജ്വലിപ്പിക്കുന്ന ഒന്നാണ് പ്രവാസം. ഗാന്ധിജി പോലും ഒരു പ്രവാസിയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ അദ്ദേഹത്തിന്റെ പ്രവാസ ജീവിതമാണ് സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിയാന്‍ ലോകത്തെ സഹായിച്ചത്.’

സമൂഹത്തിന് നന്മകള്‍ തിരിച്ചുനല്‍കുക എന്നത് ഓരോരുത്തരുടെയും ബാധ്യതയാണ്. മികച്ച സാഹിത്യം മനസ്സിന്റെ ഭൂപടം വിശാലമാക്കുന്നു. മനുഷ്യന്‍ സ്വന്തം സങ്കല്പത്തിലൂടെ ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കുകയാണ്. പലപ്പോഴും തൊട്ടടുത്തിരിക്കുന്ന അപരിചിതനാകാം നമ്മുടെ രക്ഷകന്‍. അതിനാല്‍ വെറുപ്പിനെ അകറ്റിനിര്‍ത്തണമെന്നും, സ്നേഹിക്കുമ്പോഴാണ് നാം സുന്ദരികളും സുന്ദരന്മാരുമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷറഫിയ അബീര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഉണ്ണി തെക്കേടത്ത് അധ്യക്ഷത വഹിച്ചു. അബീര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഇമ്രാന്‍ ആശംസ നേര്‍ന്നു. ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി കള്‍ച്ചറല്‍ വിംഗിനെ പരിചയപ്പെടുത്തി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മറുപടി പറഞ്ഞു. സൗദ കാന്തപുരം രചിച്ച മഴമേഘങ്ങളെ പ്രണയിക്കുന്നവള്‍ എന്ന പുസ്തകം ശിഹാബുദ്ദീന് കൈമാറി. തുടര്‍ന്ന് ജിദ്ദ കേരള പൗരാവലി ഭാരവാഹികള്‍ അദ്ദേഹത്തിന് മെമെന്റോ നല്‍കി ആദരിച്ചു. സാംസ്‌കാരിക വിഭാഗം കോർഡിനേറ്റര്‍ സഹീര്‍ വലപ്പാട് സ്വാഗതവും റെമി ഹരീഷ് നന്ദിയും പറഞ്ഞു.

നസീർ വാവകുഞ്ഞ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com