സാധാരണ ജലദോഷപ്പനി മുതല്‍ ഗുരുതരമാകാവുന്ന എച്ച്1എന്‍1, ഡെങ്കിപ്പനി, എലിപ്പനി വരെ പടരാന്‍ സാധ്യതയുള്ള സമയമായതിനാല്‍ സ്വയംചികിത്സ ചെയ്യാതെ കൃത്യമായ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു.
ചെറിയ തൊണ്ടവേദന, മൂക്കാലിപ്പ് എന്നിവയോടുകൂടി സാധാരണ കണ്ടു വരുന്ന ജലദോഷപ്പനി ശരിയായ വിശ്രമം, ഭക്ഷണ ക്രമീകരണം എന്നിവ കൊണ്ടു മാറും. മൂന്നുദിവസത്തിനു ശേഷവും ഇത് മാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത് .
പനിബാധിച്ചവര്‍ മറ്റുള്ളവരുമായും പ്രത്യേകിച്ച് കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, കിടപ്പു രോഗികള്‍ എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം.
പനിബാധിതരുമായി അടുത്ത് ഇടപഴകേണ്ടിവരുമ്പോള്‍ മുന്‍കരുതല്‍ വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആശുപത്രി ജീവനക്കാര്‍, ഡോക്ടറെ കാണാന്‍ പോകുന്നവര്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ തുടങ്ങിയവര്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണം