ഇസ്രയേൽ–ഇറാൻ-പശ്ചിമേഷ്യ സംഘർഷം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗൾഫ് ലോക കേരള സഭ പ്രതിനിധി യോഗം ചേര്‍ന്നു
പ്രവാസികള്‍ ഒരുമയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി
വിമാനസര്‍വ്വീസുകള്‍, റീഫണ്ട്, അമിത വിമാനക്കൂലി വിഷയങ്ങള്‍
കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുഖ്യമന്ത്രി
സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെങ്കിലും സുരക്ഷിതരെന്ന് പ്രവാസികള്‍
———————————-
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവാസികേരളീയരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടിലെത്തേണ്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ് സംസ്ഥാനസര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിലെ പ്രവാസി കേരളീയരുടെ ഒരുമയോടെയുളള പ്രവര്‍ത്തനത്തില്‍ ഏറെ സന്തുഷ്ടിയുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ വ്യത്യാസങ്ങളും മാറ്റിവച്ച് ഒരുമയോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമായ ഘട്ടമാണിത്. ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം പശ്ചിമേഷ്യന്‍ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേര്‍ത്ത ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടിലെത്തേണ്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് കഴിയുന്ന എല്ലാ പിന്തുണയും നല്‍കും. വിമാനസര്‍വ്വീസുകള്‍, റീഫണ്ട്, അമിത വിമാനക്കൂലി, ചാര്‍ട്ടേഡ് വിമാനങ്ങള്‍, ട്രാന്‍സിറ്റ് ടൂറിസ്റ്റ് യാത്രക്കാര്‍ തുടങ്ങിയവരുടെ വിഷയങ്ങളും കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തും.
നമ്മുടെ രാജ്യവുമായി വിപുലമായ വ്യാപാര വാണിജ്യ ബന്ധങ്ങളുള്ളതാണ് ഗള്‍ഫ് മേഖല. ഈ മേഖലയിലെ പ്രതിസന്ധി സംസ്ഥാനത്തെ സാധാരണ ജനജീവിതത്തെ പോലും ബാധിക്കാൻ സാധ്യതയുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പ്രവാസികള്‍ താമസിക്കുന്ന രാജ്യങ്ങളിലെ ഭരണകൂടവും ഇന്ത്യന്‍ എംബസികളും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, അടിസ്ഥാനരഹിതമായ വാര്‍ത്തകളും കിംവദന്തികളും വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോര്‍ക്ക റൂട്ടസ് ഡയറക്ടര്‍മാരായ ഡോ. ആസാദ് മൂപ്പന്‍ ഒ.വി മുസ്തഫ, ജെ.കെ മേനോന്‍, സി.വി റപ്പായി, നോർക്ക വകുപ്പ് സെക്രട്ടറി അനുപമ ടിവി, ലോകകേരള സഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, ലോക കേരള സഭ അംഗങ്ങളായ ഗള്‍ഫാര്‍ മുഹമ്മദലി, കെ.പി ഹുസൈന്‍, പി.വി രാധാകൃഷ്ണ പിളള, പുത്തൂര്‍ റഹ്മാന്‍, ബിജു കല്ലുമല തുടങ്ങി 143 പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെങ്കിലും സുരക്ഷിതരാണെന്നും ഭയപ്പെടുത്തുന്ന അന്തരീക്ഷമില്ലെന്നും പങ്കെടുത്ത ലോക കേരള സഭാ പ്രതിനിധികള്‍ അറിയിച്ചു.
വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാര്‍, അടിയന്തിരമായി നാട്ടിലേയ്ക്കും തിരിച്ചു വരേണ്ട പ്രവാസികള്‍, വിദേശരാജ്യങ്ങളിലേയ്ക്കും അവിടെനിന്നും നാട്ടിലേയ്ക്കും യാത്രചെയ്യവേ ഗള്‍ഫ് മേഖലകളിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ കേരളീയര്‍, വിവിധ പരീക്ഷകള്‍ക്കായി നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍, ട്രാന്‍സിറ്റ് വീസയിലെത്തി കുടുങ്ങിയവരുടെ നിലവിലെ സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ പ്രതിനിധികള്‍ ശ്രദ്ധയില്‍പെടുത്തി. പ്രതിനിധികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ സാധ്യമായ എല്ലാ സഹായവും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.



