കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമവാദം തുടങ്ങി. കേസിന്‍റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യത്തേത്.
തുടർന്ന് പ്രതിഭാഗം മറുപടി നൽകും. അടുത്ത മാസം കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടൻ ദിലീപാണ് കേസിൽ എട്ടാം പ്രതി
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണിത്.നടിയെ ആക്രിച്ച കേസിൽ ദിലീപടക്കമുളള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകിയിരിക്കുന്നത്.തന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ‍് അനധികൃതമായി തുറന്നു പരിശോധിച്ചതായി ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായതാണ്.വിചാരണക്കോടതിയുടെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെയും പരിഗണനയിലിരിക്കെ ഇത് തുറന്നെന്നാണ് കോടതി തന്നെ കണ്ടെത്തിയത്.
എന്നാൽ ആരാണ് തുറന്നത്, എന്തിനാണ് തുറന്നത് , ദൃശ്യങ്ങൾ പുറത്തുപോയിട്ടുണ്ടോ എന്നതിൽ യാതൊരു പരിശോധനയും നടന്നില്ല എന്നാണ് കത്തിലുളളത്.കോടതിയിൽ നടന്ന സംഭവമായിതിനാൽ ജുഡീഷ്യറിക്കാണ് തുടർ നടപടിയ്ക്കുളള അധികാരം.
ഉത്തരാവാദികളായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിക്കും സുപ്രീംകോടതിക്കും കത്ത് നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയെ സമീപിക്കുന്നതെന്നും കത്തിലുണ്ട്.