യുദ്ധം കനക്കുന്നതിനിടെ കുവൈറ്റിൽ തകർന്ന മൂന്ന് എഫ്-15 യുദ്ധവിമാനങ്ങൾ കുവൈറ്റ് വ്യോമപ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് യുഎസ് സൈന്യം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
”മാർച്ച് 1-ന് രാത്രി 11:03-ഓടെ , ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി പറന്ന മൂന്ന് യുഎസ് എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ കുവൈറ്റിന് മുകളിൽ വെച്ച് തകർന്നു വീണു. ഇറാന്റെ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള ആക്രമണങ്ങൾ നേരിടുന്നതിനിടെ, കുവൈറ്റ് വ്യോമപ്രതിരോധ സേന അബദ്ധത്തിൽ നടത്തിയ വെടിവെപ്പിലാണ് ഈ വിമാനങ്ങൾ തകർന്നത്.” – യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആറ് പൈലറ്റുമാരെയും സുരക്ഷിതമായി കണ്ടെത്തിയതായും കുവൈറ്റ് പ്രതിരോധ സേനയുടെ സഹായത്തിന് നന്ദി പറയുന്നതായും യുഎസ് കമാൻഡ് കൂട്ടിച്ചേർത്തു. ഗൾഫ് മേഖലയിൽ ഇറാൻ മൂന്നാം ദിവസവും ആക്രമണം തുടരുന്നതിനിടയിലാണ് ഈ സംഭവം നടന്നതെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.



