ക്യാപ്റ്റൻ രാജു – മലയാള സിനിമയിലെ തലയെടുപ്പുള്ള താരം.
ക്യാപ്റ്റൻ രാജു എന്ന ശക്തനായ നടൻ ഓർമ്മകളിലേക്ക് മടങ്ങിയിട്ട് ആറ് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. മൂന്നര പതിറ്റാണ്ടിലധികം നീണ്ടു നിന്ന അഭിനയ ജീവിതത്തിനിടയിൽ നായകനായും, ഉപനായകനായും വില്ലനായുമെല്ലാം അദ്ദേഹം അഞ്ഞൂറിലധികം സിനിമകളിൽ വേഷമിട്ടു.
1981-ൽ ജോഷി സംവിധാനം ചെയ്ത രക്തം എന്ന സിനിമയിലായിരുന്നു തുടക്കം. 2017ൽ എത്തിയ മാസ്റ്റർ പീസ് അവസാന ചിത്രവും. ഒട്ടേറെ സിനിമകളിൽ അഭിനയിച്ചുവെങ്കിലും ക്യാപ്റ്റൻ രാജുവിൻ്റേതായി ഒരു കാലം മലയാള സിനിമയിൽ ഉണ്ടായി എന്നു പറയാനാവില്ല. അത്രമേൽ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഏറെയൊന്നും ക്യാപ്റ്റനെ തേടിയെത്തിയില്ല എന്നതായിരുന്നു അതിനു കാരണം. എന്നാൽ അത്തരം മികച്ച അവസരങ്ങൾ ലഭിച്ചപ്പോഴൊക്കെ ക്യാപ്റ്റൻ രാജുവല്ലാതെ ആ വേഷം ചെയ്യാൻ മറ്റൊരാളേയും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം തികവാണ് അദ്ദേഹം ആ കഥാപാത്രങ്ങൾക്ക് നൽകിയത്. അത് പറയാതെ വയ്യ. അതു തന്നെയാണ് ഈ കുറിപ്പ് എഴുതാനും കാരണം. ഉദാഹരണത്തിന് കഥ, തിരക്കഥ, സംഭാഷണം സംവിധാനം, ചിത്രീകരണം , വേഷവിധാനം തുടങ്ങി എല്ലാം കൊണ്ടും മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളിലൊന്നെന്നു ഉറപ്പിച്ചു പറയാവുന്ന ഒരു വടക്കൻ വീരഗാഥയിലെ അരിങ്ങോടർ . ആ കഥാപാത്രത്തിലൂടെ ക്യാപ്റ്റൻ രാജു അത്രമേൽ മലയാളി മനസ്സു കീഴടക്കിയിരുന്നല്ലോ.
അരിങ്ങോടർ ചേകവരുടെ ആകാരഭംഗിയും, അയോധനപാടവവും അങ്കക്കലിയും വീരഗാഥയുടെ ഹൈലൈറ്റുകൾ തന്നെയായിരുന്നു.. ചിത്രത്തിൽ മിതത്വമാർന്ന ഭാവാഭിനയത്തിൻ്റെ എത്രയോ അനശ്വര നിമിഷങ്ങൾ ക്യാപ്റ്റൻ കാഴ്ചവെച്ചു . ഈ നടൻ്റെ അഭിനയശേഷിയെ നന്നായി അളക്കാൻ പ്രാപ്തമാണീ സിനിമ
. അങ്കം കുറിച്ച ശേഷം ‘ചേകവനായി പിറന്നു പോയില്ലേ’ എന്ന നിസ്സഹായത കൂടി നിറഞ്ഞ വാക്കുകൾ, എൻ്റെ തലയരിയാൻ വിധിക്കപ്പെട്ട ഒരു ചുരിക എവിടെയോ ഉണ്ട് അങ്കം പിടിച്ചാലും, ഒഴിഞ്ഞാലും അതന്നെ തേടി വരിക തന്നെ ചെയ്യും അതെന്നായാലെന്ത് ?’ കണ്ണപ്പൻ വരും എന്നാണ് ഞാൻ കരുതിയത് ഞങ്ങളിൽ ആര് മീതെ എന്ന് ഇനിയും ബാക്കി ‘
ഈ സംഭാഷണങ്ങൾ പറയുന്നിടത്തെല്ലാം മുഖഭാവത്തിലും ശരീരഭാഷയിലും ശബ്ദനിയന്ത്രണത്തിലുമെല്ലാം ആ വേഷത്തിന് പകരം വെക്കുവാനില്ലാത്ത മികവുറ്റ ഒരു നടനെ കാണാം.
ആരോമലിനോട് അങ്കമേറ്റ ശേഷം, അസാമാന്യ ധീരതയുള്ള ഈ പോരാളി ചന്തുവിനോട് ചോദിക്കുന്നുണ്ട്.
“മനസ്സിൽ ഒരു ഗുരു സ്ഥാനം നീയെനിക്കും തന്നിട്ടില്ലേ ചന്തൂ ആര് ജയിക്കണം എന്നാണ് നീ പ്രാർത്ഥിക്കുന്നത് ?” വികാരനിർഭരമാണ് ആ ചോദ്യം.ഒരു നിമിഷത്തിന് ശേഷം “ഈ ചോദ്യത്തിന് മറുപടി വേണ്ട ”
എന്നും അരിങ്ങോടർ പറയുന്നുണ്ട്.
ക്യാപ്റ്റൻ രാജു എന്ന മികച്ച നടനെ മലയാളി ആ കഥാപാത്രത്തിലൂടെ കാലാകാലത്തേക്കാണ് നെഞ്ചിലേറ്റിയത്. ഉശിരുള്ള ചേകവൻ ചില നിമിഷങ്ങളിൽ സ്നേഹനിധിയും എന്നാൽ നിസ്സഹായനുമായ പിതാവായി മാറുന്ന രംഗങ്ങളുമുണ്ട് സിനിമയിൽ അതെല്ലാം ഈ നടനിൽ തികച്ചും ഭദ്രമായി.
ഒരു വടക്കൻ വീരഗാഥയിൽ സുരേഷ് ഗോപി അവതരിപ്പിച്ച പുരുഷ സൗന്ദര്യത്തിൻ്റെ നിറവുള്ള പൊന്നുണ്ണിയും തികഞ്ഞ അഭ്യാസിയുമായ പുത്തൂരംവീട്ടിൽ ആരോമൽചേകവരെ മുറിവേറ്റ സിംഹത്തെ പോലെ അങ്കത്തട്ടിൽ വീറോടെ നേരിടുന്ന അരിങ്ങോടരെ എങ്ങനെയാണ് മലയാളി മറക്കുക. പുത്തൂരംവീട്ടിൽ ജനിച്ച പൂ പോലഴകുള്ള ചേകവനു മുന്നിൽ കുന്നത്തു സൂര്യനുദിച്ച പോലെയും കളരിവിളക്കു തെളിഞ്ഞ പോലെയും തന്നെയായിരുന്നു എം.ടിയുടെ അരിങ്ങോടർ നെഞ്ചുവിരിച്ചു നിന്നത്. സിനിമയിൽ മമ്മുട്ടി എന്ന മലയാളത്തിലെ എക്കാലത്തേയും അഭിനയപ്രതിഭയുടെ വിസ്മയ പ്രകടനത്തോടൊപ്പം തന്നെ സിനിമയുടെ വൻവിജയത്തിന് ക്യാപ്റ്റൻ്റെ സാന്നിദ്ധ്യവും വലിയ പങ്കുവഹിച്ചു.
അത്തരത്തിൽ തന്നെ ക്യാപ്റ്റൻ്റെ ശക്തമായ മറ്റൊരുവേഷമാണ് നാടോടിക്കാറ്റിലെ വാടക കൊലയാളി പവനായി. പി.വി.നാരായണൻ എന്ന പേര് ഒരു വാടക കൊലയാളിക്ക് യോജിക്കാത്തതിനാൽ ‘പവനായി ‘ എന്ന് പേരു മാറ്റുന്ന ഈ ഉഗ്രരൂപിയാ യ വില്ലൻ വേഷത്തിന് ക്യാപ്റ്റനല്ലാതെ വേറെയാര്. അമ്പും വില്ലും, മെഷീൻ ഗൺ തുടങ്ങി തൻ്റെ ആധുനിക ആയുധങ്ങൾ പരിചയപ്പെടുത്തുമ്പോൾ “എന്ത് കുന്തംകൊണ്ടെങ്കിലും കൊല്ല് ” എന്ന് പ്രധാന വില്ലൻ അനന്തൻ നമ്പ്യാർ പറയുന്നു.
” കുന്തം റിസ്കാണ് ” എന്ന് നിഷ്കളങ്കമായി ഈ ഭീകര കൊലയാളി പറയുമ്പോൾ തിയേറ്ററുകളിൽ ഉയർന്ന കുട്ടച്ചിരി ഈ നടൻ്റെ അഭിനയത്തിനു ലഭിച്ച വലിയ അംഗീകാരം തന്നെയായിരുന്നു.
“ദാസാ ഏതാ ഈ അലവലാതി ”
എന്ന് ശ്രീനിവാസൻ്റെ വിജയൻ എന്ന കഥാപാത്രം മോഹൻലാലിൻ്റെ ദാസനോടു ചോദിക്കുമ്പോൾ
“അയാം നോട്ട് അലവലാതി അയാം പവനായി ” എന്നാണയാൾ വിശദീകരിക്കുന്നത് . എങ്ങനെ മറക്കും നാം ആ പാവം പവനായിയെ .
മലയാളികളുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ക്യാപ്റ്റൻ്റെ മറ്റൊരു ശ്രദ്ധേയ വേഷമാണ് ‘ഒരു സി ബി ഐ ഡയറിക്കുറിപ്പ് ‘ എന്നസൂപ്പർ ഹിറ്റ് സിനിമയിലെ എസ്.പി.പ്രഭാകര വർമ്മ. ഓമനക്കൊലക്കേസിൽ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സത്യസന്ധനായ വർമ്മ രൂപം കൊണ്ടും ഭാവം കൊണ്ടും മികച്ചുനിന്ന മലയാള സിനിമയിലെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിൽ മുന്നിൽ തന്നെ സ്ഥാനമുറപ്പിക്കുന്നു. ഇരിപ്പിലും നടപ്പിലും ചോദ്യം ചെയ്യലിലുമൊക്കെ ക്യാപ്റ്റൻ്റെ ഗാംഭീര്യം പ്രേക്ഷക ശ്രദ്ധ നേടി.
“വർമ്മ ഇവിടെ ഉഴുതു മറിക്കും, തലമുടിയിഴ കീറി അയാൾ തെളിവെടുക്കും സൂക്ഷിച്ചോ ” എന്ന് സി.ഐ അലക്സായി വേഷമിട്ട കെ.പി.എ.സി.സണ്ണി പറയുമ്പോൾ പ്രേക്ഷകനും അത് ശരിയാണ് എന്ന് തോന്നും. അവിടെയാണ് ക്യാപ്റ്റൻ രാജു എന്ന അഭിനേതാവിൻ്റെ വിജയം. വളരെ കുറഞ്ഞ രംഗങ്ങളിലേ എത്തുന്നുള്ളുവെങ്കിലും അത്രമേൽ മികവായിരുന്നു എസ്.പി പ്രഭാകരവർമ്മയ്ക്ക് ക്യാപ്റ്റനിലൂടെ ലഭിച്ചത്.
ആവനാഴിയിലെ അധോലോക രാജാവ് സത്യരാജ്, ആഗസ്റ്റ് ഒന്നിലെ നായകനോളം തന്നെ പ്രാധാന്യമുള്ള വില്ലൻ, രതിലയത്തിലെ നായകൻ കൂടിയായ കൊലയാളി, സാമ്രാജ്യത്തിലെ കൊടിയ വില്ലൻ അലക്സാണ്ടർ തുടങ്ങി ക്യാപ്റ്റൻ രാജു അനശ്വരമാക്കിയ എത്രയോ വേഷങ്ങൾ പറയാനുണ്ട്.
ഒന്നു മാത്രം പറയുന്നു അഭിനയ മികവിന് വെല്ലുവിളിയുയർത്താൻ പ്രാപ്തമായ വേഷങ്ങൾ തേടി വന്നപ്പോഴെല്ലാം തൻ്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സിനിമയിലെത്തും മുമ്പ് പട്ടാള ഓഫീസറായിരുന്ന ഈ നടൻ. പിന്നീട് മലയാളസിനിമയിൽ സംവിധായകവേഷവുമണിഞ്ഞു ക്യാപ്റ്റൻ. ഇതാ ഒരുസ്നേഹഗാഥ എന്ന ചിത്രത്തിൽ വിക്രം ആയിരുന്നു നായകവേഷത്തിൽ. രണ്ടാം ചിത്രം പവനായി 99.99 അദ്ദേഹത്തിന് തിയേറ്ററുകളിൽ എത്തിക്കാനായില്ല.
1950 ജൂൺ 27നാണ് ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ കെ.ജി ഡാനിയൽ, അന്നമ്മ അധ്യാപക ദമ്പതികളുടെ ഏഴ് മക്കളിൽ ഒരാളായി ക്യാപ്റ്റൻ രാജുവിൻ്റെ ജനനം. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡസിനിമളിലും അദ്ദേഹം വേഷമിട്ടു. 2018 സെപ്തംബർ 17നാണ് അറുപത്തെട്ടാം വയസ്സിൽ ഈ ശക്തനായ നടൻ വിടവാങ്ങിയത്. എന്നുമോർക്കാൻ കരുത്തുറ്റ ഒരു പിടി കഥാപാത്രങ്ങളെ ഇവിടെ നമുക്കായി ബാക്കി വെച്ചു കൊണ്ട്.
ക്യാപ്റ്റൻ രാജു എന്ന അഭിനയപ്രതിഭയെ മികച്ചരീതിയിൽ അവതരിപ്പിച്ച ശ്രീ. സുരേഷ് തെക്കീട്ടിൽ സാറിന് അഭിനന്ദനങ്ങൾ


അതേ, മികച്ച ഒരു നടൻ ആയിരുന്നു ക്യാപ്റ്റൻ രാജു. നല്ല അവതരണം.
വില്ലൻ ആയാലും നായകനായാലും മലയാളി ഒരുപോലെ ഇഷ്ടപ്പെട്ട നടനാണ് ക്യാപ്റ്റൻ രാജു…
ഈ ലേഖനം വായിച്ചപ്പോൾ ഒരുപാട് കഥാപാത്രങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു.
തലയെടുപ്പുള്ള നടന് പ്രണാമം
നല്ല അവതരണം
നന്നായിട്ടുണ്ട്
4