ആവശ്യമുള്ള സാധനങ്ങൾ
1. നന്നായി വിളഞ്ഞ ശീമച്ചക്ക :1
ശർക്കര: അര കിലോ
കടലപ്പരിപ്പ്: ഒരു ഗ്ലാസ്സ്
ഏലക്കായ്: പത്ത്
ചൗവ്വരി: അര ഗ്ലാസ്സ്
2. തേങ്ങാപ്പാൽ: ഒരു വലിയ വിളഞ്ഞ തേങ്ങയുടേത്
പശുവിൻ പാൽ:അര ലിറ്റർ
നെയ്യ്: അര ഗ്ലാസ്സ്
അണ്ടിപരിപ്പ്: ആവശ്യത്തിന്
കിസ്സ്മിസ്സ് : ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ശീമച്ചക്ക തൊലികളഞ്ഞ് ഒരിഞ്ചു നീളത്തിലും അരയിഞ്ചുകനത്തിലുമുള്ള കഷണങ്ങളായി അരിഞ്ഞെടുക്കുക. അരിഞ്ഞാലുടൻ വെള്ളത്തിലിട്ട് വയ്ക്കുക. നിറം മാറിപ്പോകാതിരിക്കാനാണ് വെള്ളത്തിൽ ഇട്ട് വയ്ക്കുന്നത്. ഒരു തേങ്ങ ചിരകി നല്ല കട്ടിയിൽ ഒന്നാം പാലും രണ്ടാം പാലും പിഴിഞ്ഞ് ഒന്നായി തന്നെ വയ്ക്കുക. അല്പം നെയ്യിൽ അണ്ടിപ്പരിപ്പും കിസ്സ്മിസ്സും മൂപ്പിച്ച് കോരുക. തലേന്നേ വെള്ളത്തിലിട്ട് കുതിർത്ത കടലപ്പരിപ്പ് വേവാൻ പാകത്തിന് വെള്ളമൊഴിച്ച് അധികം വെന്തുടഞ്ഞു പോകാതെ വേവിച്ച് വയ്ക്കുക. പശുവിൻ പാൽ കാച്ചി ചൂടുപോകാതെ അടച്ചുവയ്ക്കുക. ചൗവ്വരി ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. വേവിക്കുമ്പോൾ കട്ടകെട്ടാതെയിരിക്കാൻ ശ്രദ്ധിക്കുക. ഏലക്കായ് ചതച്ചു വയ്ക്കുക.ശർക്കര പാനിയാക്കി അരിച്ചു വയ്ക്കുക.
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ അരിച്ചു വച്ചിരിക്കുന്ന ശർക്കര പാനി ഒഴിച്ച് അടുപ്പിൽ വച്ച് അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കടലപ്പരിപ്പ് ചേർത്ത് ചെറുതീയിൽ നന്നായി ഇളക്കി യോജിപ്പിക്കുക. (മധുരം.. അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് കൂട്ടിയും കുറച്ചും ഉപയോഗിക്കാം.) കടലപ്പരിപ്പിൽ പാനി നന്നായി പിടിച്ച് കുറുകി വരുമ്പോൾ രണ്ടു മൂന്ന് വെള്ളം കഴുകി വാരി വെള്ളം വാർന്ന ശീമച്ചക്ക കഷണങ്ങൾ അതിലേക്ക് ഇടുക. കൂട്ട് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഏലക്കായ് ചതച്ചത് വിതറി നെയ്യ് ഒഴിച്ച് ചെറുതീയിൽ തുടരെത്തുടരെ ഇളക്കി ശീമച്ചക്ക കൂടി ഒന്നു വെന്തു മധുരം പിടിച്ചുവരുമ്പോൾ നേരത്തേ വേവിച്ചു വെച്ചിരിക്കുന്ന ചൗവ്വരി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു അതിലേക്ക് പിഴിഞ്ഞു വച്ചിരിക്കുന്ന തേങ്ങാപ്പാൽ ചേർക്കണം.
വീണ്ടും ചെറുതീയിൽ ഇളക്കി യോജിപ്പിച്ചു വീണ്ടും പായസക്കൂട്ട് കുറുകി തുടങ്ങുമ്പോൾ ചെറുചൂടോടെ കാച്ചി വച്ചിരിക്കുന്ന പശുവിൻ പാൽ ചേർത്ത് ഒന്നു തിളയ്ക്കുമ്പോൾ വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കിസ്സ്മിസ്സും ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ചു ഇറക്കിവയ്ക്കുക. അപ്പോഴേക്കും പായസത്തിന്റെ മണം ചുറ്റു പരിസരമാകെ പരന്നിരിക്കും. ഏറെ രുചിപ്രദവും ഗുണപ്രദവുമായ ഈ പായസം എല്ലാവർക്കും ഇഷ്ടപ്പെടും. വേറിട്ട രുചിയിൽ ഒരു പായസം നുകരാം. ശീമച്ചക്കയുടെ സീസൺ ആയതിനാൽ ശീമച്ചക്ക കിട്ടാൻ ഇപ്പോൾ എളുപ്പമാണ്. പ്രകൃത്യാ തന്നെ ഔഷധ സമ്പുഷ്ടമായ, കടച്ചക്ക എന്നും അറിയപ്പെടുന്ന ഈ തനിനാടൻ ചക്ക പലപല രോഗങ്ങൾക്കും ശമനി കൂടിയാണ്. അപ്പോ… എല്ലാവരും ഈ പായസം ഒന്നു പരീക്ഷിച്ചു നോക്കുക. വീണ്ടും മറ്റൊരു വിഭവവുമായി കാണാം.നന്ദി.