Sunday, April 14, 2024
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 54)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 54)

റോബിൻ പള്ളുരുത്തി

“മാഷേ, ന്നാലും വളരെ കഷ്ടമായിപ്പോയി”

“എന്താടോ ലെഖേ, എന്തുപറ്റി?”

“മാഷും പത്രവാർത്ത വായിച്ചതല്ലെ ?”

” ഇന്നും രാവിലെ പതിവ് പോലെ പാത്രം വായിച്ചു. അതിലേറെയും കടവും, കടമെടുപ്പും കഷ്ടപ്പാടും, ദുരിതവും, കൊലപാതകവും, ആത്മഹത്യയുമൊക്കെയായിരുന്നു. ങ്ങ്ഹാ , ഇപ്പോൾ കുറച്ച് നാളുകളായി ഇതൊക്കെ തന്നെയാണ് പത്രങ്ങളിൽ തെളിഞ്ഞ് നിറഞ്ഞ് നിൽക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം വാർത്തകളൊന്നും ഞാൻ ശ്രദ്ധിക്കാറേയില്ല. ”

“മാഷേ, കഴിഞ്ഞ ദിവസമാണ് ഒരു പാവം ചേട്ടനെ കാട്ടാന ചവിട്ടി കൊന്നത്. ആ വാർത്തയും മാഷ് ശ്രദ്ധിച്ചില്ലായിരുന്നോ?”

” ങ്ഹാ , ആ വാർത്ത ഞാനും വായിച്ചു. ആ സംഭവം വളരെ കഷ്ടമായിപ്പോയി.”

“അതുതന്നെയാ ഞാനും പറഞ്ഞത്. കാട്ടാനകളെല്ലാം ഇങ്ങനെ നാട്ടിലിറങ്ങി ആക്രമിക്കാൻ തുടങ്ങിയാൽ മനുഷ്യർക്ക് പിന്നെ പുറത്തിറങ്ങി നടക്കാൻ പറ്റുമോ മാഷേ.”

“ലേഖേ , ഭൂമി ഉരുണ്ടതാണെന്ന് മനസിലാക്കിയ മനുഷ്യന് അവനവൻ ചെയ്യുന്ന കർമ്മത്തിൻ ഫലം അവനവൻ തന്നെ അനുഭവിക്കേണ്ടിവരുമെന്നും അറിയാം. ”

“ഓ..മാഷിൻ്റെ ഒരു തത്വചിന്തയും ഉപമയും. കാര്യമെന്താണെന്നുവെച്ചാൽ ഒന്ന് തെളിച്ച് പറ മാഷേ.!”

“അത് വേറൊന്നുമല്ല ലേഖേ. മനുഷ്യൻ, അവൻ്റെ ലാഭത്തിനു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങിയിട്ട് നാളേറെയായി അതിൻ്റെ പ്രത്യാഘാതങ്ങളാണ് ഇന്ന് ഭൂമിയിൽ സംഭവിക്കുന്നത്. ”

” മാഷ് പറയുന്നതും ഞാൻ പറഞ്ഞ പത്രവാർത്തയും തമ്മിൽ എന്താണ് മാഷേ ബന്ധം?. ”

“വളരെ വലിയ ബന്ധമുണ്ട് ലേഖേ , പണ്ട് തുറമുഖങ്ങൾ നിർമ്മിക്കാനായി മനുഷ്യൻ അഴിമുഖങ്ങളുടെ ആഴം കൂട്ടി. അതിൻ്റെ പ്രതിഫലനമായി കടൽത്തീരങ്ങൾ കടലെടുത്തു. പുഴനികത്തി ഭുമി സ്വന്തമാക്കിയ മനുഷ്യൻ്റെ അവസ്ഥയും വ്യത്യസ്ഥമല്ല. പ്രളയത്തിൽ അവന് എല്ലാം നഷ്ടമായി. അതുപോലെ തന്നെ കാട് കയ്യേറിയ മനുഷ്യൻ വൻതോതിൽ മരങ്ങൾ മുറിച്ച് മഴക്കാടുകൾ ഇല്ലാതാക്കി. അതിൻ്റെ ഫലമായി മഴ കുറഞ്ഞു. ചൂട് കുടി. വന്യമൃഗങ്ങൾക്ക് അവരുടെ ആവാസ വ്യവസ്ഥ നഷ്ടമായി വെള്ളവും ഭക്ഷണവും തേടി അവർ കാടിറങ്ങി നാട്ടിലെത്തി. തോട്ടയും തോക്കുമായി അവരെ തുരത്തുവാൻ ശ്രമിച്ച മനുഷ്യരോ വന്യമൃഗങ്ങളുടെ ശത്രുക്കളായി. അതിനൊപ്പം അവയുടെ ആക്രമണങ്ങൾക്ക് നിരപരാധികളായ മനുഷ്യർ ഇരകളുമായി. ഇതല്ലെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത് ?. ലെഖേ, വന്യമൃഗങ്ങൾ നാട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ കാരണക്കാർ നമ്മൾ തന്നെയാണ്. ഒരു കാലത്ത് നമ്മൾ അവരുടെ വാസസ്ഥലം കയ്യേറി. ഇന്ന്, അവർ നമ്മുടെ വാസസ്ഥലത്തേക്ക് വന്നിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നമ്മൾ തന്നെയാണ് കാട്ടിൽ വസിച്ചിരുന്ന അവരെ നാട്ടിലേക്ക് വിളിച്ച് വരുത്തിയത്. എന്നിരുന്നാലും മനുഷ്യന് അവൻ്റെ ജീവനേക്കാളും വലുതല്ലല്ലോ ഒരു വന്യജീവിയുടെ ജീവൻ അതുകൊണ്ട് നടപടികൾ മയക്കുവെടിയായും, നാട് കടത്തലുമായും ഇനിയും വാർത്തകളിൽ ഇടം നേടും. പക്ഷെ, മനുഷ്യൻ അവൻ്റെ പ്രകൃതി നശീകരണം ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ അരിക്കൊമ്പൻമാർ വീണ്ടും നമ്മുടെ നാട് കാണാൻവരുമെന്നതിൽ സംശയം വേണ്ട. അവയുടെ ആക്രമണത്തിൽ നിരപരാധികൾക്ക് ജീവൻ നഷ്ടമാകുമെന്നതിനും. ”

റോബിൻ പള്ളുരുത്തി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments