കെട്ടിടവും വീടും രണ്ടാണ്. മനുഷ്യരുടെ വാസസ്ഥലമാണ് വീട്. അവരുടെ സ്നേഹ ബന്ധങ്ങളും (ശത്രുതയും)ചാന്ത് പിടിപ്പിക്കുന്ന ഇടംമാത്രമാണ് വീട് ആവുന്നത്. ഓരോ വീടും, അതുകൊണ്ട്, മനുഷ്യഭാഷ സംസാരിക്കുന്ന സജീവമായ ഇടമാണ്. ചുമരില്‍ കാതോര്‍ത്താല്‍ വീടിന്റെ മര്‍മ്മരം കേള്‍ക്കാം.മനുഷ്യരുടെ വാചാലതയും മൂകതയും കരച്ചിലും ചിരിയും മുഴങ്ങാത്ത കെട്ടിടങ്ങളൊന്നും വീടുകളാവുന്നില്ലെന്ന് ചുരുക്കം.
രാജ്യത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. ‘ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരു പിടി മണ്ണല്ല’; ഇവിടെ വാഴും മനുഷ്യരാണ് അതിനെ രാജ്യം ആക്കുന്നത് . പല മൊഴികളുച്ചരിക്കുന്ന ജനകോടികളുടെ നാനാത്വത്തിലെ ഏകത്വം അതിനെ ഒരു സാംസ്കാരിക പരിസരമാക്കി മാറ്റുന്നു. ഭാരതം പോലെ, ഗ്രീസും റോമും ഇറ്റലിയും ചെെനയും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ നിരവധി രാജ്യങ്ങളും അവരവരുടെ സംസ്കാരത്തിന്റെ ഉത്പ്പന്നമായ ഭാഷകൊണ്ട് ജനകോടികള്‍ സൃഷ്ടിച്ചതാണ്.
പഞ്ചാബി സംസാരിക്കുന്നവരുടെ പഞ്ചാബും ഗുജറാത്തി മാതൃഭാഷയായവരുടെ ഗുജറാത്തും ദ്രാവിഡഭാഷകളുടെ ഇല്ലങ്ങളായ ദ്രാവിഡപ്രദേശങ്ങളും ഒഡീസിയുടെ ഉത്കലവും ബംഗാളിഭാഷക്കാരുടെ ബംഗാളും ചേര്‍ന്നതാണ് ഭാരതം എന്ന രാജ്യം. പ്രാദേശികഭാഷകളുടെ ഫെഡറല്‍ ഏക്യം അതിന്റെ സൗന്ദര്യമാണ്. അതുകൊണ്ട്, പ്രാദേശികതയില്‍ ഊന്നുന്ന ദേശീയതയാണ് ജനഗണമനയുടെ ഭാരതീയത എന്ന് പറയാം.സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ സങ്കീര്‍ത്തനവുമാണ് ആ ഗീതം.വിന്ധ്യ ഹിമാലയങ്ങള്‍ ബഹുസ്വരരായ ജനഗണങ്ങളുടെ ജീവിതത്തിന്റെ പിന്നാമ്പുറകാഴ്ച്ചകളാണ്. ഉജ്വലജലധിതരംഗം അതിന്റെ പശ്ചാത്തല സംഗീതം ആണ് .അങ്ങനെ, യമുനയും ഗംഗയും ഉര്‍വരമാക്കുന്ന ഒരു ഗണതന്ത്രരാഷ്ട്രത്തിന്റെ വിദൂരദൃശ്യം (long shot) അനാവൃതമാക്കുന്നു ടാഗോറിന്റെ ഗീതം.
വന്ദേമാതരത്തിന്റെ പ്രമേയം ജനജീവിതമല്ല. ഭാരത്തിന്റെ ഉര്‍വ്വരതയിലാണ് അത് ഊന്നുന്നത്. സുജലയും സുഫലയും സസ്യശ്യാമളകോമളവും മാതൃത്വത്തിന്റെ ഉര്‍വ്വരപ്രകൃതിയാണ്. ‘ഭാരതമെന്നാല്‍ കേവലമൊരുപിടി മണ്ണല്ല’ എന്നുതന്നൊണ് ഈ ഗീതത്തിലും പറയുന്നതെങ്കിലും ടാഗോറിന്റെ നമ്മളെ നാമാക്കിയവരുടെ ബഹുസ്വരത ഇതിന്റെ വിഷയമല്ല. ദേവി എന്ന മിത്തില്‍ ആണ് ബങ്കിംചന്ദ്ര ഭാരതത്തിന്റെ മഹത്വം ദര്‍ശിക്കുന്നത്. ദെെവികമായ ഒരു പ്രകാശവലയം അതിനെ ആരാധ്യയാക്കി മാറ്റുന്നുണ്ട്. ഭൂപ്രദേശം എന്നതിനപ്പുറം അതൊരു ദേവഭൂമിയാണ്.
ടഗോറിന്റെ പ്രമേയം ഭാരതം എന്ന രാഷ്ട്രമാണെങ്കില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജിക്ക് അത് സര്‍വ്വഭൂതങ്ങളുടെയും മാതാവായ ദേവതയാണ്.ആദ്യത്തേത് രാഷ്ട്രം എന്ന വാസ്തവവും മറ്റേത് പുരാണപ്രഥിതയായ ഭാരതമാതാവുമാണ്. ഏത് ഗാനമാണ് കൂടുതല്‍ ദേശീയം എന്ന് നിര്‍ണ്ണയിക്കുന്നത് ഓരോരുത്തരുടെയും രാഷ്ട്രീയവീക്ഷണമാണ്. അതില്‍ ശരിയും തെറ്റും തിരയുന്നത് വാഗ്വാദങ്ങള്‍ക്ക് തിരികൊളുത്തും.. സാഹിത്യവും കലയും രാഷ്ട്രീയത്തില്‍നിന്ന് സ്വതന്ത്രമല്ല എങ്കിലും സൗന്ദര്യാവിഷ്കാരമാണ് അവയുടെ ധര്‍മ്മം എന്ന് വിസ്മരിച്ചുകൂട. ജനഗണങ്ങള്‍ക്ക് മംഗളം ആശംസിക്കുന്ന ടഗോറും സുമധുരഭാഷിണിയായ അമ്മയെ വന്ദിക്കുന്ന ബംങ്കിം ചന്ദ്രയും നമുക്കേകിയ കാവ്യാനുഭവം നിസ്തുലമാണ്.



