Tuesday, March 3, 2026
Homeഅമേരിക്കഅറിയാക്കഥയിലെ അരക്കില്ലങ്ങൾ. (പ്രവാസ കഥകൾ -6) ✍ റോമി ബെന്നി

അറിയാക്കഥയിലെ അരക്കില്ലങ്ങൾ. (പ്രവാസ കഥകൾ -6) ✍ റോമി ബെന്നി

അധികം ഉയരമില്ലാത്ത ഒലിവുമരങ്ങൾ കാറ്റത്ത് ആടിക്കളിച്ച് പരസ്പരം വിരൽക്കൊമ്പുകളാൽ തൊട്ടു കളിക്കാൻ ശ്രമിക്കുന്നതു കാണുമ്പോൾ സ്കൂൾ മുറ്റത്തെ കുട്ടിക്കളികളെ ഓർമ വന്നു.

മനുഷ്യർക്ക് വിശ്രമിക്കാനിട്ടിരിക്കുന്ന കോൺക്രീറ്റു ബഞ്ചുകൾക്ക് ഭംഗിയുള്ള ഇലത്തണലേകി മരുഭൂമിയുടെ ഊഷരത കുറയ്ക്കാനാകണം ഇവയെ വെച്ചു പിടിപ്പിച്ചത്.

പള്ളി മുറ്റം നിറയെ ആളുകളാണ് .കുട്ടികളേക്കാൾ കലപില കൂട്ടി സംസാരിക്കുന്ന മുതിർന്നവർ.

പള്ളിക്കകത്തായിരിക്കുന്ന മക്കളെ കാത്തിരിക്കുന്നവർ.

കുട്ടികളുടെ ക്യാറ്റിക്കിസം ക്ലാസ് സമയത്താണ് മുതിർന്നവർക്കുള്ള കുർബാന .

അതു കഴിഞ്ഞിറങ്ങു മ്പോൾ കുട്ടികൾ കുർബാനയ്ക്ക് പള്ളിയിൽ കയറും.

അവർ വരുന്നതുവരെ പള്ളിയങ്കണത്തിൽ മാതാപിതാക്കളുടെ ഒത്തുചേരലാണ്.

ഓരോ ബഞ്ചുകളിലിരിക്കുന്നവരും, അതിനു ചുറ്റും കൂടി നിൽക്കുന്നവരും ഒന്നു നോക്കിയാൽ ഓരോ രാജ്യങ്ങളാണോയെന്നു തോന്നും .

മാതൃഭാഷ സ്വാതന്ത്ര്യത്തോടെ പരസ്പരം സംസാരിച്ച് നിൽക്കുന്ന ആഗോള ഗ്രാമമായി പള്ളിയങ്കണം മാറും.

ജോലിയിടങ്ങളിൽ ലോക ഭാഷയിൽ സംസാരിക്കണമല്ലോ.!

കുടുംബക്കൂട്ടായ്മ പോലെ അവരവരുടെ നാട്ടുകാരുമായുള്ള ഒത്തു ചേരലിനുള്ള സമയം കൂടിയാണിത്.

പള്ളിയിലെ ആരാധന ആംഗലേയമായതിനാൽ ആഗോള ഗ്രാമത്തിലെ കുട്ടികൾ ഒരുമിച്ച് ചിൽഡ്രൻ മാസിൽ പങ്കെടുക്കുകയാണ്.

മാതാപിതാക്കൾ പുറത്തു കാത്തിരിക്കുന്നു.

ആഴ്ചയിലൊരു ദിനം ദൈവത്തിനു വേണ്ടി നിർബന്ധമായി മാറ്റി വെയ്ക്കാൻ സ്വയം സന്നദ്ധരാണ് പ്രവാസികൾ.

നാട്ടിൽ സുലഭമായി കിട്ടുന്ന ആരാധാനാലയങ്ങളുടെ ദൗർലഭ്യമുള്ളതു കൊണ്ടല്ല ഇവിടെ ദേവാലയങ്ങളിലിത്ര തിരക്ക്.

അന്യദേശത്തു വിശ്വസിപ്പാനും , ആശ്രയിപ്പാനും ദൈവമല്ലാതെ മറ്റാരുമില്ലയെന്ന ചിന്ത എല്ലാവർക്കുമുള്ളതാണ് പ്രധാന കാരണം.

നേരം ഉച്ചയോടടുത്തു. ചൂടു കൂടാൻ പോകുന്നു
വെന്നറിയിച്ചു കൊണ്ട് കാറ്റു വീശിത്തുടങ്ങി.
തെളിഞ്ഞാകാശമൊരു മേൽക്കൂര പോലെ അനങ്ങാതെ നിൽക്കുന്നുണ്ട്.

പുറത്തെ നാലുവരിപ്പാതയിൽ വാഹനങ്ങളുടെ തിക്കും തിരക്കും.

വീശുന്ന കാറ്റിലും എരിയുന്ന ചൂടാണ്. എന്നാലും ഒട്ടും വിയർക്കുന്നുമില്ല.

ഓരോ ബെഞ്ചുകളിലേയ്ക്കും കണ്ണയച്ചിരിക്കുമ്പോൾ ഓരോ രാഷ്ട്രക്കാഴ്ചകൾ ഒരു വീട്ടു മുറ്റത്തു കാണുന്ന പോലെ നോക്കിയിരുന്നെനിക്ക് വിസ്മയാനുഭൂതി വന്നു നിറയാൻ തുടങ്ങി.

ഫിലിപ്പൈനികളുടെ ഒത്തുചേരൽ നടക്കുന്ന ഭാഗത്ത് ചിരിയും, ആഹ്ലാദാരവവും,സ്നേഹാശ്ലേഷ രംഗങ്ങളും കാണാം.

കൂടുതൽ ബെഞ്ചുകളും, കൈയ്യടക്കി വെച്ചിരിക്കുന്നത് മലയാളികളാണ്.

നോർത്ത് സൗത്ത് ഭേദമന്യേ ഇന്ത്യക്കാരുമിരിപ്പുണ്ട്.

എല്ലാവരും ഇംഗ്ലീഷ് ഭാഷ മറന്നു മാതൃഭാഷയിൽ സർവ്വസ്വാതന്ത്ര്യത്തോടെ പരസ്പരം മനസു തുറക്കുന്നതു കണ്ടിരുന്നു.

ഒരുകാര്യം മനസിലായി ഭാഷ വ്യത്യസ്തമെങ്കിലും പറയാനുള്ള പരാതികളും, പരിഭവങ്ങളും, തമാശകളും ഏതാണ്ടൊന്നു തന്നെയാണ്.

തൊട്ടടുത്തിരുന്ന മലയാളി കുടുംബം സൂപ്പർ മാർക്കറ്റിലേയ്ക്കു പോയതിനാലും , ഭർത്താവ് പള്ളി ക്യാന്റീനിൽ നിന്ന് ചായ കുടിക്കാൻ കയറിയതുകൊണ്ടും ഒറ്റയ്ക്കിരിപ്പിന്റെ സുഖമനുഭവിച്ചിരുന്നപ്പോഴാണ് ഒരു ഫിലിപ്പൈനി യുവതി എന്റെ തൊട്ടടുത്തു വന്നിരുന്നത്.

ഹൗ ആർ യു? എന്നതിൽ തുടങ്ങി ഇനി ഇംഗ്ലീഷിൽ കേട്ടും പറഞ്ഞുമിരിക്കണം,

ഉറക്കത്തിലെ സ്വപ്നങ്ങളിൽ പോലും നമ്മൾ സംസാരിക്കുന്ന മലയാള ഭാഷയിനി നാവിൻതുമ്പിൽ അടക്കി നിറുത്തണം.

നിശബ്ദ വീക്ഷണത്തിന്റെ സുഖാനുഭവം വിട്ട് ഒരു ഗുണവുമില്ലാത്ത ഔപചാരികതയിൽ സംസാരിച്ചു തുടങ്ങണമല്ലോയെന്നോർത്ത്
അസ്വസ്ഥത തോന്നിയെങ്കിലും പുറമേ കാണിക്കാതെ ഞാൻ പുഞ്ചിരിച്ചു.

മനോഹരമായി മന്ദഹസിച്ചു
കൊണ്ട് സുന്ദരിയായ അവൾ തൂവാല വിതർത്തിയിട്ട് ബെഞ്ചിലിരുന്നു.

ഇങ്ങോട് മിണ്ടിയാലങ്ങോടു മിണ്ടാമെന്ന മട്ടിൽ മതിലിനരികിലെ കാറ്റാടി മരത്തിന്റെ ചാഞ്ചാട്ടം നോക്കി ഞാനിരിക്കുമ്പോൾ അവളുടെ സംസാരം കേട്ട് കണ്ണു മിഴിച്ച് വായൽപ്പം തുറന്നപടിയിരുന്നു പോയി ഞാൻ.

ഫിലിപ്പെയ്നി ചുവയോടെ തനി മലയാളം.

” നാൻ ഷാരി ! ങ്ങടെ പേര് എന്ന ”

അവർ തോളത്തു തട്ടി മണി കിലുങ്ങും പോലെ ചിരിച്ചു.

മലയാളികൾ മാത്രമുള്ള സ്ഥാപനത്തിലാണോ ജോലി?

എന്റെ സംശത്തിനുത്തരമായി അവർ കുറച്ചു ദൂരെ മറ്റാരോടോ സംസാരിച്ചു നിൽക്കുന്ന ഒരു കേരളീയനെ കാണിച്ചു തന്നു.

“അതാണു
പർത്താവ്’ ”
എന്നു പറഞ്ഞു.

കാര്യം പെട്ടെന്നു പിടികിട്ടിയ ഞാൻ തല കുലുക്കി.

“മക്കൾ രണ്ടാളും നിങ്ങളുടെ സ്കൂളിലുണ്ട്. പക്ഷേ സി.ബി.എസ്.ഇ.യിലല്ല ബ്രിട്ടീഷ് കരിക്കുലമാണ് അറബിക്കുട്ടികളുടെ ഒപ്പമാണ് . ”

ഒന്നു നിർത്തിയ ശേഷം മലയാളം പറഞ്ഞു പഠിക്കും പോലെ അവർ തുടർന്നു

“നിങ്കൾ സ്കൂളിൻ്റെ ഓഫീസിൽ നിൽക്കുന്നതു കണ്ടിട്ടുണ്ട് ”

കുശലാന്വേഷണങ്ങൾ തുടർന്നു മുന്നേറിയപ്പോൾ
കേരളത്തിൽ വന്നിട്ടുണ്ടോയെന്ന എന്റെ ചോദ്യത്തിന് സങ്കടഭാവത്തോടവർ പറഞ്ഞു.

“രവി പോലും ഞങ്ങളുടെ മാര്യേജിനു ശേഷം നാട്ടിൽ പോയിട്ടില്ല”

അവിടെ ആർക്കും ഇഷ്ടമല്ല അവരുടെബന്ധമെന്നും. അങ്ങോട്ടു ഇവരെ കൊണ്ടു ചെല്ലേണ്ടയെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പറഞ്ഞപ്പോൾ മിഴിയിണകളിൽ കണ്ണീരിന്റെ ഒരു തിളക്കമെനിക്കു തോന്നിയതാണോ എന്നറിയില്ല.

“ങ്ങങ്ങൾക്ക് രണ്ടു കുട്ടികളായി. എന്നിറ്റും”

വലിയ ഉച്ഛാരണ വൈകല്യമില്ലാത്ത മലയാള ഭാഷയിൽ അവൾ പറഞ്ഞു നിറുത്തി.

രവി കുട്ടികളെ വീട്ടിൽ മലയാളമാണു പറയിപ്പിക്കുന്നതെന്നും,അതു കൊണ്ടാണ് താനും പഠിച്ചതെന്നു
മവൾ പറഞ്ഞു കൊണ്ടിരുന്നു.

പാരന്റ്സിനെ കാണാനൊരിക്കൽ കേരളത്തിൽ കൊണ്ടുപോകുമ്പോൾ കുട്ടികൾ മലയാളത്തിൽ സംസാരിക്കണമെന്നാണു രവിയുടെ ഇഷ്ടം .

അതുകൊണ്ടാണത്രെ കുട്ടികൾക്കൊപ്പം ഷാരിയും മലയാളം പഠിക്കുന്നത്.

സ്കൂൾ വിട്ടതുപോലെ കുട്ടികൾ പുറത്തേയ്ക്ക് ഒഴുകിത്തുടങ്ങി.പള്ളിയിലെ സ്റ്റെപ്പിൽ നിന്നു ചാടിയിറങ്ങി വരുന്നവരിൽ ചിലർ ജ്യൂസ് പാക്കറ്റിനായി ക്യാന്റീനിലേയ്ക്ക്
ഓടുന്നുണ്ടായിരുന്നു .

ചില കുട്ടികൾക്ക് മാതാപിതാക്കൾ വാങ്ങിച്ചു വെച്ചിട്ടുമുണ്ടായിരുന്നു

മലയാളിക്കുട്ടികൾ കെഞ്ചി ചോദിച്ചിട്ടും വഴക്കു പറഞ്ഞ് വീട്ടിലേയ്ക്ക് അമ്മമാർ നടത്തി കൊണ്ടു പോകുന്ന കാഴ്ചയും കണ്ടിരിക്കാൻ രസകരമായിരുന്നു.

മക്കൾ വരുന്നതു കണ്ട് ഞങ്ങൾ വർത്തമാനം നിറുത്തി ബൈ ബൈ പറഞ്ഞു.

പിറ്റേയാഴ്ച കുർബാന കഴിഞ്ഞ് മക്കളെ കാത്തിരിക്കുമ്പോൾ അവിടെല്ലാം ഷാരിയെ ഞാൻ തെരഞ്ഞു .കണ്ടില്ല.

ഏതോ പഴയ കാല മലയാള സിനിമാ നടനെ പോലെ തോന്നിക്കുന്ന അവരുടെ ഭർത്താവ് ഞങ്ങളെ ഗൗനിക്കാതെ ദൂരെ മാറിയിരുന്ന് മൊബൈലിൽ സംസാരിക്കുന്നുണ്ടായിരുന്നു.

എന്നോടു ഷാരി മിണ്ടിയത് അവളുടെ ഭർത്താവിന് ഇഷ്ടപ്പെട്ടില്ലയെന്നു തോന്നുന്നു. ഇന്നവർ വന്നില്ല. മടങ്ങുമ്പോൾ കാറിലിരുന്ന് ഞാൻ പിറുപിറുത്തു.

അടുത്ത ദിവസം സ്കൂൾ ഗേറ്റിൽ മക്കളെ ഇറക്കിയിട്ട് കാറിനരികിലേയ്ക്ക് നടക്കുന്ന ഷാരി എന്നെ കണ്ട് പെട്ടെന്നു നിന്നു.

ഈയാഴ്ച ചർച്ചിൽ വരാനൊത്തില്ലയെന്നും,
നെക്സ്റ്റ് വീക്ക് കാണാമെന്നും പറഞ്ഞു.

ഷാരിയും , രവിയും ഒരിടത്താണ് വർക്കു ചെയ്യുന്നത്. രവി കാറിൽ വെയ്റ്റ് ചെയ്യുന്നുണ്ട് , ചെറിയ കുട്ടിയെ ക്ലാസിൽ ആയയെ ഏൽപ്പിക്കാൻ പോയതാണ്
എന്നുമൊക്കെ ഒറ്റശ്വാസത്തിൽ പറഞ്ഞവൾ ഓടിപ്പോയി.

ഫിലിപ്പെയ്നിക്കൂട്ടത്തിലും മലയാളി സമൂഹത്തിലും ഉൾപ്പെടാതെ മാറിയിരുന്നിരുന്ന ഷാരിയും, രവിയും ബെഞ്ചിൽ ഞങ്ങളുടെ ഒപ്പം വന്നിരിക്കാൻ തുടങ്ങി.

ഷാരിയുടെ കൊഞ്ചി കൊഞ്ചിയുള്ള സംസാരത്തിൽ സമയം പെട്ടെന്നു തീർന്നു പോകുന്നതു പോലെ എനിക്കനുഭവപ്പെട്ടു.

കൂടുതൽ സമയം ഫോൺ കോളിലായിരുന്ന രവി ഞങ്ങളോടും അധികം സംസാരിക്കാറില്ലായിരുന്നു.

ഫിലിപ്പൈനി ഭക്ഷണ രീതികൾ പറയുന്നതോടൊപ്പം കേരളീയ വിഭവങ്ങളും എന്നോടു ചോദിച്ചറിയാൻ ഷാരി എപ്പോഴും താൽപര്യം കാണിച്ചു കൊണ്ടിരുന്നു.

” ഷാമ്പാർ വെക്കാൻ അറിയാം” എന്ന് അഭിമാനത്തോടവൾ പറഞ്ഞു.

ക്രിസ്തുമസ് ഈവിന് പരസ്പരം ഞങ്ങൾ വീടുകൾ സന്ദർശിച്ചു.

കുട്ടികൾക്ക് വർഷാവസാന പരീക്ഷ കഴിഞ്ഞാൽ പിറ്റേന്നു തന്നെ പുതിയ അധ്യയന വർഷത്തിലെ ആദ്യ ടേം ആരംഭിക്കും.

അതിനു ശേഷമാണ് മധ്യവേനലവധി ഗൾഫിൽ വരുന്നത്.

പുതിയ അധ്യയന വർഷത്തിന്റെ രണ്ടാം മാസം മുതൽ ഷാരി മാത്രമാണ് ടാക്സിയിൽ കുട്ടികളുമായി പള്ളിയിൽ വന്നത്.

വിഷാദഭാവത്തിൽ അവൾ പറഞ്ഞു

“രവി നാട്ടിൽപ്പോയി. ഫാദറിന് സുഖമില്ല . ഞങ്കളെകൊണ്ടു പോയില്ല. ചെന്നിട്ട് അവിടത്തെ
അറ്റ്മോസ്ഫിയർ നോക്കട്ടെയെന്നാണു പറഞ്ഞത്.

എനിക്ക് എന്റെ പാരന്റ്സിനെ വെക്കേഷന് പോയി കാണണമെന്നുണ്ട്.

പക്ഷേ എപ്പോഴും ഒറ്റയ്ക്കു പോയി വരാനാണ് രവി പറയുന്നത്. മക്കളും രവിയും വരില്ല. ”

അതെന്താ അവർ വരാത്തത്? ഞാൻ പെട്ടെന്നു ചോദിച്ചു പോയി.

“അറിയില്ല. ”

എന്നു പറഞ്ഞ് കുറച്ചു നേരം പതിവില്ലാതെ ഷാരി മിണ്ടാതിരുന്നു.

“എന്റെ ഡാഡി നല്ല ലവിംഗ് പേഴ്സനാണ്. കൊച്ചു മക്കളെ കാണാനൊത്തിരി ആഗ്രഹമുണ്ട്. പ്രായമായി വരുന്നു.

അവളുടെ ചെറിയ കണ്ണുകളിൽ നീർ പൊടിഞ്ഞതു തുടച്ചു കൊണ്ടു പറഞ്ഞു നിറുത്തി.

മമ്മി വിളിക്കുമ്പോഴൊക്കെ കരച്ചിലാണ് എന്നെ കാണണമെന്നു പറഞ്ഞ്.എത്ര വർഷമായി അവരെയൊക്കെ കണ്ടിട്ട്.

രവിയും നാട്ടിൽ പോകാറില്ല. എന്നോട് തനിയെ പോകാൻ പറയുമ്പോൾ ഞാൻ വേണ്ടയെന്നു പറയും. കാരണം ചെറിയ കുട്ടി എന്നെ പിരിഞ്ഞു നിൽക്കില്ല. ”

ഫിലിപ്പൈനി മുഖഛായയുള്ള രണ്ടു മക്കളും ഷാരിയോടൊട്ടി നടന്നു പോയി.

അവധിക്കാലമാരംഭിച്ചു.ഞങ്ങൾ നാട്ടിലേയ്ക്കു മഴമേഘങ്ങളും,പ്രിയ മുഖങ്ങളും തേടി പതിവുപോലെ പോയി.

രണ്ടു മാസം കടന്നുപോയതറിഞ്ഞില്ല.

ഒന്നു രണ്ടുതവണ നാട്ടിൽ നിന്നു ഷാരിയെ ഫോൺ ചെയ്തെങ്കിലും കിട്ടിയില്ല. അവൾ ഇത്തവണ അവധിക്ക് അവളുടെ നാട്ടിൽ പോയി
ക്കാണുമോയെന്നു ഞാൻ വെറുതെ ചിന്തിച്ചു.

രവി തിരിച്ചെത്തിയോ എന്നറിയണമെന്നുണ്ടായിരുന്നു. ഇവിടുണ്ടെങ്കിൽ അയാളെ ഫോൺ വിളിക്കാമെന്നു കരുതി .

അയാളുടെ നാട്ടിലെ നമ്പർ പോരുമ്പോൾ
വാങ്ങാൻ ഞങ്ങൾ മറന്നു പോയിരുന്നു.

ദിനങ്ങൾ പറന്നു പോയി. നാട്ടിൽ പോയാൽ അങ്ങിനെയാണ്
എല്ലാം പെട്ടെന്നു കഴിഞ്ഞ പോലെ തോന്നും.

തിരിച്ചെത്തുമ്പോഴുള്ള പതിവു
ഹൃദയ ഭാരത്തോടെ പള്ളിയങ്കണത്തിലെ സ്ഥിരം ബെഞ്ചിൽ
തല കുമ്പിട്ടിരിക്കുന്ന എൻ്റെയടുത്ത് ഷാരി വന്നിരുന്നു.

അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു. ഒഴുകിക്കിടന്നിരുന്ന സിൽക്കു മുടി ഭംഗിയില്ലാതെ പാറിപ്പറന്ന അവസ്ഥയിലായിരുന്നു

“രവി ഇതുവരെ വന്നില്ല .”

അവർ മന്ത്രിക്കും മട്ടിൽ പറഞ്ഞു.

ഞെട്ടലോടെ ഞാനവളുടെ മുഖത്തു നോക്കി.

“ഫാദറിനെ നോക്കാൻ നിൽക്കുകയാണെന്നാണു പറഞ്ഞത്. ”

അപ്പോൾ ജോലിയിൽ ഇത്രയും ദിവസം ലീവു കിട്ടുമോ?

ഞാൻ അമ്പരപ്പോടെ അവളെ നോക്കി ചോദിച്ചു.

“അറിയില്ല. ലീവിന് ഇമെയിൽ വിട്ടെന്നാണു പറഞ്ഞത്. വരുമ്പോൾ ജോബുണ്ടാകുമെന്നറിയില്ല. ”

വിതുമ്പിപ്പോകാതിരിക്കാൻ അവൾ ശ്രമിക്കുന്ന പോലെ തോന്നി.

വീട്ടിലേയ്ക്കു മടങ്ങുമ്പോൾ കലങ്ങിമറിഞ്ഞ മനസോടെ ഞാൻ എന്റെ ആശങ്കൾ വെറുതെ പറഞ്ഞു കൊണ്ടിരുന്നു.

അയാൾ ഇനി വരില്ലേ? വേറെ ഭാര്യയും മക്കളും കാണുമോ? പാവം ഷാരി ഇനി എന്തു ചെയ്യും?

ഫിലിപ്പൈയ്നി കമ്യൂണിറ്റിയിലും, മലയാളി അസോസിയേഷനിലും ഷാരിയും കുടുംബവും അംഗങ്ങളല്ല.

എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവൾ ആരെ ആശ്രയിക്കും?

ആകുലതയാൽ എന്റെ വാക്കുകൾ ഇടറിയപ്പോൾ ഭർത്താവു പറഞ്ഞു “ഷാരിയെ വിളിച്ച് അയാളുടെ നമ്പർ ചോദിക്ക്.

നമുക്ക് നാട്ടിലേയ്ക്കു വിളിച്ചു ചോദിക്കാം. ”

ആദ്യം നമ്പർ തരാൻ മടിച്ചെങ്കിലും അവൾ വിറയലോടെ പറഞ്ഞു.

“രവിക്ക് ഇഷ്ടമാകില്ല ഞാൻ വിളിച്ചിട്ട് ഈയിടെയായി കിട്ടുന്നില്ല. ഇങ്ങോട്ടും ഫോൺ കുറവാണ്.”

ഞാൻ സ്തബ്ധയായെങ്കിലും വല്ലാത്ത ആവേശത്തോടെ തുടർച്ചയായി ഞാൻ അയാളുടെ നാട്ടിലെ ഫോൺ നമ്പറിലേയ്ക്ക് ബെല്ലടിപ്പിച്ചു കൊണ്ടിരുന്നു.

റിംഗ് ചെയ്യുന്നുണ്ടെങ്കിലും യാതൊരു മറുപടിയും ഇല്ല.

നാട്ടിലെ മറ്റാരുടെ നമ്പറും ഷാരിയുടെ കൈവശമില്ല താനും.

ഒരു വൈകുന്നേരം അൽ ഐയിൻ മാളിലെ കോറിഡോറിൽ ഭക്ഷണസാധനങ്ങളേന്തിയ ട്രോളി ഉന്തി വരുന്ന ഷാരി ഞങ്ങൾ നടന്നു വരുന്നതു കണ്ട് അടുത്തേയ്ക്കു വന്നു.

“ഫിലിപ്പൈൻസി
ലേയ്ക്ക് മക്കളുമായി പോകുന്നു. രവി വിളിച്ചിട്ടുണ്ടായിരുന്നു. അവിടെ നിന്ന് പെട്ടെന്ന് മടങ്ങാൻ പറ്റാത്ത സാഹചര്യമെന്ന് പറഞ്ഞു.

കുട്ടികളുമായി ജോലിയെടുത്ത് ഇവിടെ തനിച്ചു വയ്യ.

രവി തിരിച്ചു വന്നിട്ട് യു.എ.ഇ ക്കു വരാം. വിസയും ജോലിയും കളയുന്നില്ല. ലോംഗ് ലീവെടുത്തു. ”

അവൾ നടന്നു നീങ്ങി.

വാക്കുകളിൽ രവി ഇനിയൊരിക്കലും വരില്ലേയെന്ന അരക്ഷിതാവസ്ഥയുടെ തേങ്ങലുകൾ അവൾ ഒളിപ്പിച്ചിരുന്നുവോ
യെന്ന സന്ദേഹത്താൽ എനിക്കു ഒരു വീർപ്പു മുട്ടലനുഭവപ്പെട്ടു.

അയാളെ കുറ്റം പറയാതെ ജോലിയും വിസയും കളയാതെ അവളുടെ നാട്ടിലേയ്ക്കുള്ള മടക്കം നിവൃത്തികേടു കൊണ്ടായിരിക്കാം.

കേരളത്തി
ലേയ്ക്കവൾ ചെല്ലുന്നത് രവി തടഞ്ഞിട്ടുണ്ടാകും.

ഒരു പക്ഷേ വിസയും മറ്റുകാര്യങ്ങൾക്കുമൊക്കെയായി നടക്കാനവൾ ശ്രമിച്ചിട്ടുണ്ടാകില്ല.

പള്ളിയങ്കണത്തിലെ ഒലിവുമരങ്ങൾക്കു കുറച്ചു കൂടി ഉയരം കൂടിയതുപോലെ തോന്നി.
കാറ്റിന്റെ താളത്തിൽ ഇളകിയാടുന്നയിലകളിലേക്കുനോക്കിയിരിക്കുമ്പോൾ ഷാരിയെ ഓർത്തു.

പള്ളിയിൽ വന്നിട്ടില്ല. എന്നാണവൾ മടങ്ങുന്നതെന്നറിയണം. ഫോണെടുത്തു വിളിച്ച ആദ്യ റിംഗിൽ തന്നെയവൾ ഹലോ പറഞ്ഞു.

നിന്നെ വളരെ മിസാകുന്നു. എന്താണ് ചർച്ചിൽ വരാത്തത്? എന്നാണു മടക്കം! ഞാൻ പരിഭവത്തോടെ ചോദിച്ചു.

രണ്ടു ദിവസം കഴിഞ്ഞു പോകും,
പാക്കിങ്ങൊക്കെകഴിഞ്ഞു. രവിയോട് ഫിലിപ്പിയൻസിലേക്കുപോകുന്ന കാര്യമൊന്നും
പറഞ്ഞില്ലയെന്നും ,വിളിച്ചിട്ട് പഴയതു പോലെ രവിയെ കിട്ടുന്നില്ലയെന്നും പറഞ്ഞു.

ഫ്ലാറ്റിന്റെ ചാവി ഓണറിനെ ഏൽപ്പിക്കുന്നുണ്ടെന്നുമൊക്കെ ഒരിക്കലുമില്ലാത്ത തളർച്ചയുടെ ശബ്ദത്തിൽ അവൾ പറഞ്ഞു നിറുത്തി.

രവി തിരിച്ചു വന്നിട്ടേ ഞങ്ങളും ഇങ്ങോട്ടുള്ളു എന്നു പറഞ്ഞ ശേഷം അങ്ങേ തലയ്ക്കൽ നിശബ്ദത മാത്രമായി.

അവൾ കരയുകയാണെന്നും തൊണ്ട ഇടറിയതാണു സംസാരിക്കാൻ പറ്റാത്തതെന്നുമെനിക്കു മനസിലായി.

കണ്ണുകൾ നിറഞ്ഞൊഴുകാതിരിക്കാൻ പരിശ്രമിച്ചു കൊണ്ട് ഞാൻ മേരി മാതാവ് കൈ കൂപ്പി നിൽക്കുന്ന ഗ്രോട്ടോയുടെ ഇടതു വശത്ത് ആരോ കത്തിച്ച മെഴുകുതിരികളെ നോക്കി ബെഞ്ചിൽ നിന്നെഴുന്നേറ്റ് നിന്നു.

കാറ്റിലണയാതിരി
ക്കാൻ ബദ്ധപ്പെടുന്ന മെഴുതിരിനാളങ്ങൾ,
ആകുലതകളുടെ നിശ്വാസമേറ്റു കെട്ടുപോകാതിരി
ക്കാൻ പരിഭ്രമിക്കുന്ന ജീവിത ചെരാതുകളിലെ കനലാണോ യെന്നോർത്തപ്പോൾ വല്ലാത്തൊരു ഹൃദയമിടിപ്പോടെ ഞാൻ പറഞ്ഞു

“പ്രാർത്ഥിക്കുന്നുണ്ട് ഷാരി, ദൈവം കൈവെടിയില്ല. വിഷമിക്കരുത് ”

വീട്ടിലെത്തിയപ്പോൾ ഞങ്ങൾ ഒരിക്കൽക്കൂടി ഷാരി മുമ്പു തന്ന നാട്ടിലെ അയാളുടെ നമ്പറിൽ വെറുതെ വിളിച്ചു നോക്കി.

ബെല്ലടിക്കുന്നുണ്ട്.

പെട്ടെന്ന് ഒരു പരിചയമില്ലാത്ത പുരുഷ ശബ്ദം ഫോണിലൂടെ ഹലോ ശബ്ദം വെച്ചപ്പോൾ ഞെട്ടലോടെ ഞാൻ ഫോൺ ഭർത്താവിന് കൈമാറി.

ഫോൺ സ്പീക്കറിലിടാൻ ഞാൻ ആംഗ്യം
കാണിച്ചതു ശ്രദ്ധിക്കാതെ മറുഭാഗത്തെ അശരീരി വളരെ ഗൗരവഭാവത്തോടെ ഭർത്താവ് കേട്ടുകൊണ്ടിരുന്നു.

വിവരമറിയാൻ പറ്റാതെ മുറിക്കകത്തങ്ങോട്ടു
മിങ്ങോട്ടും നടന്ന് ഞാൻ വ്യാകുലതയോടെ മൗന പ്രാർത്ഥന നടത്തി.

അയാൾക്കു പ്രശ്നമൊന്നുമുണ്ടാകല്ലേ? വല്ലതും സംഭവിച്ചോ? അതായിരിക്കുമോ വിളിക്കാതിരുന്നത്.

ആകുലതയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഇവിടന്നങ്ങോട് ഇടി മുഴങ്ങുന്ന ശബ്ദത്തിൽ ഭർത്താവു പറയുന്നതു കേട്ടു

“നിങ്ങൾക്കിതൊക്കെ ഷാരിയെ വിളിച്ചു പറഞ്ഞാലെന്തായിരുന്നു കുഴപ്പം. ?ആ കുട്ടി അനുഭവിച്ചതു വല്ലതുമറിയാമോ ?

അവർ ഫിലിപ്പെൻസിലേയ്ക്ക് പോകാനുള്ള പ്ലാനിലാണ് . ”

അവിടെ നിന്നു പറയുന്ന മറുപടി എന്തോ കേട്ട് “ശരി ” എന്നു പറഞ്ഞ് ഭർത്താവു ഫോൺ വെച്ചു.

ആകുലതയാൽ പെരുവിരലിൽ നിൽക്കുന്ന എന്നെ നോക്കി ഭർത്താവ് ചെറുചിരിയോടെ പറഞ്ഞു

“സ്വസ്ഥമായി അവിടെയിരിക്ക് എന്നിട്ടു പറയാം വിവരങ്ങൾ”.

അയാളുടെ അച്ഛൻ്റെ അസുഖം സീരിയസൊന്നുമായിരുന്നില്ല . സ്വത്തു പ്രശ്നമൊക്കെ
തീർക്കാനാണ് നാട്ടിലേയ്ക്കു രവിയെ വിളിച്ചു വരുത്തിയതത്രെ.

അവിടെ കുടുംബം വക പ്രോപ്പർട്ടി വീതം വെയ്ക്കുന്നതു സംബന്ധിച്ച് അയാളുടെ അച്ഛന്റെ സഹോദരങ്ങളുമായി കേസുണ്ടായിരുന്നു.

രവിയുടെ ഒപ്പിന്റെ ആവശ്യമുള്ളതു കൊണ്ട് അച്ഛനു അസുഖം വളരെ കൂടുതൽ എന്നു പറഞ്ഞ് വിളിച്ചു വരുത്തിയതാണ്.

അല്ലെങ്കിൽ അയാൾ ചെല്ലില്ലയെന്ന് വീട്ടുകാർക്കറിയാം.

ആരോ ഇടപെട്ട് കേസു ഒത്തു തീർപ്പാക്കാൻ വെച്ച ആലോചനായോഗം കയ്യാങ്കളിയായി.

രവിയുടെ ഒരു സഹോദരൻ ഫാദറിന്റെ സഹോദരനെ ഉപദ്രവിച്ചു.

അയാളുടെ മക്കൾ തിരിച്ചടിച്ചു. കത്തിക്കുത്തായി.

ആർക്കും കാര്യമായൊന്നും പറ്റിയില്ലെങ്കിലും ഇവരുടെ കുടുംബത്തെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ ഇതിലൊന്നും പങ്കില്ലാത്ത രവിക്കെതിരെ കേസു കൊടുക്കുകയും അയാൾ കുറച്ചു ദിവസം ജയിലിലാകുകയും ചെയ്തു.

ജാമ്യം കിട്ടിയ ശേഷം എപ്പോൾ വിളിച്ചാലും തിരിച്ചു വരാമെന്ന ഉറപ്പിൽ പിടിച്ചു വെച്ച പാസ്പ്പോർട്ടു തലേന്നാണ് രവി കൈപ്പറ്റിയത്.

ഫാദറിനു വയ്യ വേറാരുമില്ല നോക്കാൻ എന്ന നുണ കൊണ്ടു പ്രശ്നം മറച്ചുവെച്ചത്
ഷാരി വിഷമിക്കാതിരി ക്കാനാണത്രെ.

 

അന്നു തന്നെ ഞങ്ങൾ ഷാരിയുടെ ഫ്ലാറ്റിലേയ്ക്കു ചെന്നു.

കോളിംഗ് ബെല്ലടിച്ചു കാത്തു നിൽക്കുമ്പോൾ കരയണോ ചിരിക്കണോ എന്ന മാനസികാവസ്ഥയിലായിരുന്നു ഞാൻ.

വാതിൽ തുറന്ന ഷാരി പുഞ്ചിരിയോടെ ഞങ്ങളെ അകത്തേയ്ക്കു
ക്ഷണിച്ചു.

നിസംഗതയുടെ മൂടുപടമിട്ട് രോഷവും, സങ്കടവുമൊളിപ്പിച്ച മിഴികളോടെയവൾ പറഞ്ഞു.

” ഞങ്ങൾ മറ്റന്നാൾ ഫിലിപ്പൈൻസിനു പോകും. രവി മൂന്നു ദിവസത്തിനകം എത്തുമെന്നു പറഞ്ഞു. ഞങ്ങൾ പോകുന്ന വിവരം ഞാൻ രവിയോടു പറഞ്ഞില്ല . ചെന്നിട്ടു വിളിക്കാമെന്നു വെച്ചു.

എല്ലാ വിവരവും രവി നിങ്ങളോടു പറഞ്ഞല്ലോ അല്ലേ! ഇന്നാണ് ഞാനും കാര്യങ്ങൾ അറിയുന്നത്.

നിങ്ങൾ വിളിച്ചറിഞ്ഞതുകൊണ്ട് അവിടത്തെ പ്രശ്നങ്ങൾ എന്നെയും അറിയിച്ചു.
സർപ്രെയ്സാക്കാനാണത്രെ വരുന്ന വിവരം പറയാതിരുന്നതെന്ന് . ”

ഷാരിയുടെ മുഖത്ത് ആനന്ദത്തിനു പകരം ഒരു നിർവികാരത കാണപ്പെട്ടു.

ഞങ്ങൾ കുറച്ചു നാൾ പാരന്റ്സിന്റെ കൂടെ നിന്നിട്ട് തിരികെ വരാം.

രവിക്ക് ഞങ്ങളാണി പ്പോൾ സർപ്രൈയ്സ് കൊടുക്കാൻ പോകുന്നത്. ”

അവൾ പൊട്ടിച്ചിരിച്ചു

“രവി ഇവിടെ ജോലിയിൽ ജോയിൻ ചെയ്യട്ടെ. ചെറിയ കുട്ടികളല്ലേ ക്ലാസു പോയാലൊന്നും കുഴപ്പമില്ല. അവർ ഗ്രാന്റ്പാരന്റ്സിനെ അടുത്തറിയട്ടെ.”

ഒരു വാക്കു പോലും മലയാളം ചേർക്കാതെ ഇംഗ്ലീഷിൽ ഇതെല്ലാം പറഞ്ഞ് ശാരി നിറുത്തി.

ഞങ്ങൾ പുറത്തേയ്ക്കിറങ്ങുമ്പോൾ വലതു കൈപ്പത്തി മടക്കി മുഷ്ടി ഭാഗം എൻ്റെ മക്കളുടെ നെറ്റിയിൽ പതിയെ തൊട്ട് അനുഗ്രഹിച്ചു കൊണ്ടു ഷാരി പറഞ്ഞു

“ഗോഡ് ബ്ലെസ് യുവർ ഫാമിലി”.

എന്നെ ചേർത്തു നിറുത്തിപ്പറഞ്ഞു

“സിസ്റ്റർ ഒരു ഫാമിലിയിൽ എന്തു പ്രശ്നവും പരസ്പരം പങ്കിടണം. മറ്റയാൾ വിഷമിക്കുമെന്നു കരുതി ഒളിപ്പിച്ചു വെയ്ക്കുന്ന പലതും, ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ”

പിന്നെ മക്കളെ എല്ലാവരെയും നോക്കിപ്പറഞ്ഞു

” വളർത്തി വലുതാക്കിയ പാരന്റ്സിനെ മറന്ന് ഒരു കൂട്ടിൽ വാതിലടച്ച് സ്വയം
മറന്നിരിക്കരുത് ”

കാറിന്റെ ഡോറടയ്ക്കുമ്പോൾ എന്റെ കണ്ണു വീണ്ടും നിറഞ്ഞു . ചില്ലു താഴ്ത്തി ഞാൻ കൈ വീശി.

മിഴിനീരണിയാതെ ഷാരി പഴയ പുഞ്ചിരിയോടെ പറഞ്ഞു

“എനിക്കു രവിയോടു പ്രശ്നമൊന്നുമില്ല. അവിടെ വെച്ചനുഭവിച്ച വിഷമങ്ങളിൽ വേദനയുമുണ്ട്.

അതൊന്നു തുറന്നു പറഞ്ഞെങ്കിൽ ഇത്രയും നാൾ അഗ്നി വിഴുങ്ങി എനിക്കു ജീവിക്കേണ്ടി വരുമായിരുന്നില്ല.”

വിടർന്ന ചിരിയോടവൾ തുടർന്നു

“കുറച്ചു നാൾ രവി ഇവിടെ വന്നിട്ട് ഒറ്റയ്ക്കു നിൽക്കട്ടെ. ലീവൊക്കെ കഴിഞ്ഞ് ഞങ്ങൾ വരും. അത് ഒരു ചെറു ശിക്ഷ.”

കാറിൽ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞു ഷാരി പറഞ്ഞതാണു ശരി.

അവർ പോയി എത്രയും വേഗം തിരിച്ചു വരട്ടെ.

ആകാശ നീലിമയിലേക്ക് ഉയർന്നു പറക്കുന്ന ഒരു വ്യോമയാനം ഞങ്ങളുടെ കാറിനു സൈഡിലായി നീങ്ങുന്നതു നോക്കി ഞാനിരുന്നു.

ഏതോ നാട്ടിലേക്ക് സ്വപ്നങ്ങൾ തകർന്നവരെയും, ബന്ധങ്ങൾ ഇഴയടിപ്പിക്കാൻ കൊതിയോടെ പോകുന്നവരെയും, തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരെയും പേറിയ വാനശകടം നിമിഷങ്ങൾക്കകം വിദൂരതയിലേക്ക് മറയുന്നു .

കാത്തിരിക്കുന്ന ആരെയോ കണ്ടിട്ട് തിരിച്ചു വരാനെന്ന പോലെ

റോമി ബെന്നി✍

RELATED ARTICLES

11 COMMENTS

  1. ദുഖങ്ങൾ അരക്കില്ലങ്ങൾ തീർത്തു കഴിയുന്ന ഒരുപാട് ജീവിതങ്ങളുടെ പരിഛേദം….. വീണ്ടും ഷാരിയുടെയും രവിയുടെയും ജീവിതത്തിൽ സന്തോഷം പൂക്കാൻ പ്രാർത്ഥന…..

  2. പ്രവാസം സമ്മാനിച്ച അനുഭവങ്ങളെ ഒട്ടും ചോർന്നുപോകാതെ പകർത്തിവയ്ക്കുന്നുണ്ട് റോമി . ഓർമ്മകളുടെ പൂമരത്തിൽ ഇനിയുമിനിയും ഒരുപാട് വസന്തങ്ങൾ വന്നു നിറയട്ടെ.❤️❤️

  3. ജീവിതത്തിന്റെ തിരക്കുകളിൽ എവിടെയോ ഉപേക്ഷിച്ചു പോയ നിമിഷങ്ങൾ ഒരു തണുത്ത കാറ്റുപോലെയോ അല്ലെങ്കിൽ കനൽ പോലെയോ മനസ്സിനെ പൊതിയും. അത് അക്ഷരങ്ങളായി പുറത്തുവരുമ്പോൾ എത്ര മനോഹരം…
    വളർന്നുവരുന്ന എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ

  4. ഷാരിയുടെ കഥ മനസ്സിനെ വല്ലാതെ സ്പർശിച്ചു… നന്നായി എഴുതി… അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്… ഇനിയും എഴുതു… വായനക്കായി കാത്തിരിക്കുന്നു….

  5. പ്രവാസ ജീവിതം അതു അനുഭവിച്ചവർക്കേ അതിന്റെ തീവ്രത മനസിലാകൂ പക്ഷെ ശാരിയുടെ ജീവിതം വായനക്കാർ അനുഭവിച്ചു അത്തരത്തിൽ ആണ് വിവരണം, അഭിനന്ദനങ്ങൾ.

  6. വായനക്കാരുടെ മനസ്സിനെ സ്വാധീനിക്കുന്ന തരത്തിലുള്ള കഥ അവതരണം വളരെ മനോഹരമായിരിക്കുന്നു . ഓരോ കഥാ സന്ദർഭങ്ങളിലൂടെയും എന്നെപ്പോലെ കുറച്ചുകാലമെങ്കിലും പ്രവാസിയായിരുന്ന ഞങ്ങളുടെ പഴയ ഓരോ ഓർമ്മകളിലൂടെ കടത്തിവിടുവാൻ ഈ കഥയിലൂടെ റോമിക്ക് സാധിച്ചിട്ടുണ്ട് . ഗൾഫിലെ ആരാധന ആലയവുമായി ബന്ധപ്പെട്ട ഓരോ ആഘോഷങ്ങളും പരിപാടികളും ആ സമയങ്ങളിൽ ഒത്തുചേരുന്ന ജനങ്ങളെയും ഓർമ്മയിലേക്ക് വീണ്ടും കൊണ്ടുവരുവാൻ റോമിക്ക് സാധിച്ചു . കഥ വായനയിലൂടെ സദാ പ്രസന്ന വദനരായി നടക്കുന്ന ഫിലിപ്പൈൻസ് കാരും മനസ്സിലൂടെ കടന്നുപോയി . ഇതുപോലുള്ള അനുഭവങ്ങൾ വീണ്ടും എഴുതി ഞങ്ങളെയും പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോകുവാൻ റോമിയെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  7. വായിച്ച് അഭിപ്രായമെഴുതിയ പ്രിയപ്പെട്ടവരോട് നന്ദി അറിയിക്കുന്നു. നിങ്ങളെഴുതുന്ന ഓരോ വരികളും ഹൃദയത്തിലാണ് പതിയുന്നത്.

    ഓർമകൾ കഥകളാകുമ്പോഴും അതിനെ ഉൾക്കൊള്ളുന്ന , വായിച്ച് അഭിനന്ദിക്കുന്ന എല്ലാവരോടും സ്നേഹവും കടപ്പാടും എപ്പോഴും ഉണ്ട്.

    ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com