വീട്ടിൽ നിന്നു പുറപ്പെട്ടിട്ടു മാസങ്ങൾ കഴിഞ്ഞു. ദിവസങ്ങൾ കിട്ടുന്ന പൈസ ഒന്നിച്ചു ആഴ്ച്ചക്ക് അങ്ങാടിയിൽപോയി മണി ഓർഡർ ആയി അവൾക്കു അയച്ചു കൊടുക്കാറുണ്ട്. എത്ര കിട്ടിയാലും ദാരിദ്രമേ അവൾ പറയാറുള്ളൂ.. മക്കളെ ഇടയ്ക്കിടയ്ക്ക് വിളിക്കും അവരുടെ ശബ്ദം കേൾക്കുമ്പോൾ ഒരു സുഖം തന്നെയാണ് കാടിന്റെ നടുവിൽ മരം മുറിച്ചു കെട്ടി പനയോല മുറിച്ചു മുകളിലും സൈഡിലും മറയ്ക്കും ഭക്ഷണം പാകം ചെയ്യാൻ സ്റ്റവ്വും പാത്രങ്ങളും ഉണ്ട്. രാത്രിയിൽ കിടക്കുമ്പോൾ കാട്ടുമൃഗങ്ങളെയും ഇഴജീവികളെയും പേടിക്കണം. അടുത്ത് നന്ദിനി കിടക്കുന്നതു കൊണ്ട് പേടിയില്ല. അവൾക്കു ഉറക്കം കുറവാണ്. ഇടയ്ക്ക് തുമ്പിക്കൈ കൊണ്ട് തട്ടി വിളിക്കും, അവൾ വിളിച്ചാൽ ഉണർന്നു ടോർച്ചടിച്ചു നാലുഭാഗവും നോക്കും, രാവിലെ ആറ്റിൽ പോയി അവളെയും കുളിപ്പിച്ച് വരുമ്പോൾ അവളെ എല്ലാവരും നോക്കി നിൽക്കും, പതിനഞ്ചുകൊല്ലത്തോളമായി അവളെന്റെകൂടെ, ഞാനെന്തു പറഞ്ഞാലും അനുസരിക്കും..
എന്താ ഏട്ടാ….. എഴുന്നേറ്റിരിക്കുന്നത്?
വേലായുധൻ ചോദിച്ചു
മനസ്സ് വീടുവരെ ഒന്ന് പോയി വേലായുധാ…!! കുട്ടികളെ കാണണമെന്ന് ഒരു തോന്നൽ….
ഇവിടുത്തെ പണി കഴിഞ്ഞാൽ നമുക്ക് നാട്ടിൽ പൊയ്ക്കൂടേ… ഏട്ടാ… എനിക്കും അച്ഛനെയും അമ്മയെയും കാണണമെന്ന് തോന്നാറുണ്ട്..
വേലായുധൻ വിവാഹം കഴിച്ചിട്ടില്ല. എന്റെ കൂടെ കൂടിയിട്ട് അഞ്ചു കൊല്ലത്തോളമായി. അവനും ഈ പണിയോടാണ് താല്പര്യം
നന്ദിനി ശബ്ദമുണ്ടാക്കി.. അവൾ തുമ്പിക്കൈ ചുഴറ്റി വീണ്ടും ശബ്ദമുണ്ടാക്കി..
ടോർച്ചടിച്ചു നോക്കിയപ്പോൾ കിടക്കുന്നതിന്റെ അടുത്ത് ഒരു പാമ്പിനെകണ്ടു.
വേലായുധൻ വടിയെടുത്തുതട്ടി കാട്ടിലേക്കു അതിനെ എറിഞ്ഞു.കുട്ടിക്കാലത്തു അമ്പലത്തിൽ ഉത്സവത്തിനുപോയാൽ ആനയെതന്നെ നോക്കിനിൽക്കാറുണ്ടെന്നു അമ്മ പറയാറുണ്ട്. പഠിപ്പു കഴിഞ്ഞപ്പോൾ പാപ്പനാകാനുള്ള ആഗ്രഹം അച്ഛനെ അറിയിച്ചു. പണിയുടെ പ്രയാസങ്ങൾ അച്ഛൻ പറഞ്ഞെങ്കിലും അതൊന്നും തലയിൽ കയറിയില്ല.
കണയങ്കോട്ടെ മമ്മദാജി ഏഴ് ആനയുള്ള മുതലാളിയാണ് അവിടെ ഇവനെ പാപ്പാനായി പണിക്കു നിൽക്കാൻ പറ്റുമോ എന്ന് അച്ഛന്റെ സുഹൃത്തായ രയരപ്പന്നായരോട് ചോദിച്ചു. നായരാണ് മമ്മദാജിയുടെ വീട്ടിൽ ചെന്നാക്കിയത് അന്ന് നന്ദിനിയുടെ ഒന്നാം പാപ്പാൻ ചേലക്കരക്കാരൻ വാസൂട്ടിയായിരുന്നു. അയാളാണ് ആനയുടെ മർമം കാണിച്ചു തന്നത്. വാസൂട്ടി പിരിയുമ്പോൾ മമ്മദാജിയുടെ മുൻപിൽ വെച്ചു കൊളുത്തുവടി എന്റെ കയ്യിൽ തന്നു നന്ദിനിയെ ചുംബിച്ചു കരഞ്ഞു കൊണ്ടാണയാൾ പോയത്. നന്ദിനിയുടെ കൂടെ ഞാനും. പിന്നെ വേലായുധനുമായി.
കൊളത്തൂരമ്പലത്തിൽ ഉത്സവത്തിന് തിടമ്പ് എഴുന്നള്ളിച്ചു അമ്പലം ചുറ്റുമ്പോൾ അവളൊന്നു പിടഞ്ഞു…
നന്ദിനി മോളേ….ന്നു. വിളിച്ചപ്പോ അവൾ അനങ്ങാതെ നടന്നു. എന്റെ മൂത്ത മകളാണവൾ. പണി കഴിഞ്ഞപ്പോൾ ഞങ്ങൾ നാട്ടിലേക്കു പുറപ്പെട്ടു. കണയൻകോട്ട് മുതലാളിയുടെ വീട്ടിൽ നന്ദിനിയെ നിർത്തി.. ഇനി രണ്ടുദിവസം കഴിഞ്ഞിട്ട് കണിയൻകുളങ്ങര അമ്പലത്തിൽ അവളെയും കൊണ്ട് പോകണം. നന്ദിനിയോട് ഞങ്ങൾ യാത്ര പറഞ്ഞു. വീട്ടിലെത്തിയപ്പോൾ വീട്ടിനു മുമ്പിലെ ഇടവലത്തുള്ളവരും അമ്മയും മക്കളും ഇരിക്കുന്നതാണ് കണ്ടത്.
എന്നെ കണ്ടയുടനെ മോൾ ഓടി വന്നു കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു..
അച്ഛാ….അമ്മ പോയി…
എനിക്കൊന്നും മനസിലായില്ല.
അടുത്ത വീട്ടിലെ ശങ്കരേട്ടൻ എന്റെ കൈ. പിടിച്ചു വടക്കു ഭാഗത്തേക്ക് കൊണ്ടുപോയി…
നീ വിഷമിക്കരുത്… ഇന്നലെ രാത്രി മുതൽ നിന്റെ ഭാര്യയെ കാണാനില്ല.. നീയില്ലാത്ത സമയങ്ങളിൽ ഒരു ചെറുപ്പക്കാരൻ ഇവിടെ വരാറുണ്ടായിരുന്നു. നിന്റെ അമ്മയെ അവൾ വിലവെക്കാറില്ല. അവനെയും അവളെയും ഇന്നലെ റെയിൽവേ സ്റ്റേഷനിൽ കണ്ടവരുണ്ട്….
തലകറങ്ങുന്നത് പോലെ തോന്നി..
മക്കളെ കെട്ടിപ്പിടിച്ചു ഉമ്മറത്തു ഇരുന്നു.
നന്ദിനിയെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞു. അവൾ ഞാൻ പറയുന്നത് അനുസരിക്കാറുണ്ടായിരുന്നു. പക്ഷെ ഇവളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല..
വല്ലാത്ത ക്ഷീണം.. മെല്ലെ അകത്തേക്ക് നടന്നു
പുറത്തു സംസാരിച്ചുകൊണ്ടിരിക്കുന്നവർ പറയുന്നതുകേട്ടു.
“പാപ്പാനായി ആനയെ നിയന്ത്രിക്കാൻ അവനു കഴിഞ്ഞു .. പക്ഷെ ഭാര്യയെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.”
പള്ളിക്കര കരുണാകരൻ✍