Friday, January 17, 2025
HomeUncategorizedഅനുരാധ എന്റെ കൂട്ടുകാരി (ചെറുകഥ) ✍🏻 സുജ ശശികുമാർ

അനുരാധ എന്റെ കൂട്ടുകാരി (ചെറുകഥ) ✍🏻 സുജ ശശികുമാർ

സുജ ശശികുമാർ✍

ശശികലയും, അനുരാധയും ബാല്യകാലസഖികളായിരുന്നു
പരസ്പരം സ്നേഹം മാത്രം കൈമാറിയ ബാല്യ കൗമാരമായിരുന്നവരുടേത്.
കോളേജ് തലം തൊട്ടാണ് വേർപിരിയേണ്ടി വന്നത്.
എങ്കിലും മനസ്സുകൊണ്ടവർ ഒന്നായി ജീവിച്ചു.

വിവാഹം കഴിഞ്ഞ് ശശികല
ഭർത്താവിനൊപ്പം അബുദാബിയിലേക്ക് പോയി –
പിന്നീട് വൈകിയാണ് അനുരാധയുടെ വിവാഹം നടന്നത്.
ആ വിവാഹം അധിക നാൾ നീണ്ടു നിന്നില്ല.
അയാളൊരു യോയോ ബോയ് ആയിരുന്നു.
എല്ലാ ചീത്ത സ്വഭാവങ്ങൾക്കും അടിമപ്പെട്ട വ്യക്തി –

അതിനാൽ തന്നെ അവൾക്കയാളെ മനസ്സുകൊണ്ട് അംഗീകരിക്കാനേ കഴിഞ്ഞില്ല.

അങ്ങനെ അവൾ നാട്ടിൽ വന്ന് ഒരു ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ്
ശശികലയും ഭർത്താവും
അവർ നാട്ടിൽ പണിത പുതിയ വീട്ടിലേക്ക് വരുന്നെന്നറിഞ്ഞത്.

ഒരു ദിവസം ശശികലയുടെ ഫോൺ വന്നു.

അനൂ.. ഞാനാ ശശി, ഞങ്ങൾ നാട്ടിലുണ്ട് എന്റെ പുതിയ വീട്ടിൽ.
കുറച്ചു ദിവസം ഇവിടെ കാണും.
നീ ഇങ്ങോട്ടു വാ.. നാളെത്തന്നെ.

ഒന്നിനും ഒരു മൂഡില്ലെടീ..

ആകെ ഒരു മടി, എല്ലാത്തിനോടും വെറുപ്പാ തോന്നുന്നേ..

ജീവിതമെന്നത് ഒരു സംഭവം തന്നെയാണല്ലേ
എന്തെല്ലാമായിരുന്നു നമ്മുടെ കണക്കുകൂട്ടൽ
എന്നെ സംബന്ധിച്ച എല്ലാം തെറ്റി –

അല്ലാ.. നിനക്കു സുഖമല്ലേ
നീയെങ്കിലും രക്ഷപ്പെട്ടല്ലോ.. സന്തോഷം.

ഞാൻ അയാളിൽ നിന്നും ഡൈവേഴ്സ് വാങ്ങി നാട്ടിലേക്ക് പോന്നതാ..

ഇവിടെയിപ്പോ അപ്പയും, അമ്മയും തരുന്ന ഭക്ഷണവും കഴിച്ച് ഓരോ ദിവസവും തള്ളി നീക്കുന്നു.

ആ…ശരി. ബാക്കി വന്നിട്ടു പറയാം.

എങ്കിൽ നീ…..വാ… നാളയെങ്കിൽ നാളെ..

നിന്റെ ഭർത്താവിന് ഞാൻ വരുന്നതിലെന്തെങ്കിലും അതൃപ്തി കാണുമോ ?

ആളെങ്ങനെ, കുഴപ്പക്കാരനല്ലല്ലോ,

കുറച്ചു പിശുക്കും, കർക്കശക്കാരനുമാണെന്ന് പറഞ്ഞിരുന്നു.

ഏയ് അല്ല, നീ വാ..

പിറ്റേന്ന് അതിരാവിലെ നല്ല മഴയായിരുന്നു.

കോണിംഗ് ബെൽ അടിച്ചതു കേട്ട് ശശികല സുദേവിനോടു പറഞ്ഞു.
സൂ. ഒന്നു നോക്കൂ ആരാ.. ന്ന്.

സിറ്റിംങ്ങ് റൂമിലിരുന്ന് പത്രം വായന നിറുത്തി സുദേവ് ഉമ്മറവാതിൽ തുറന്നു

വെളുത്ത് മെലിഞ്ഞ് നീണ്ട കോലൻ മുടിയഴിച്ചിട്ട ഒരു സുന്ദരി
ദൂരേക്ക് നോക്കി തിരിഞ്ഞു നിൽക്കുന്നു.

പൊടുന്നനെ അവൾ കെട്ടിപ്പിടിച്ചു.
സുദേവ് ആകെ വല്ലാതായിപ്പോയി.

എന്താ.. മാഷേ.. സുഖമല്ലേ..
എന്നൊരു ചോദ്യവും കാച്ചി
അവൾ അകത്തേക്കു കുതിച്ചു.

അവളുടെ മട്ടും, ഭാവവും കണ്ട് സുദേവ് ഒന്നു പുഞ്ചിരി ച്ചു.
ഇങ്ങനെയും ഉണ്ടോ പെങ്കുട്ട്യോള്.

ഇവളെങ്ങനെ എന്റെ ശശിയുടെ കൂട്ടുകാരിയായി.
അത്ഭുതം തന്നെ.

അടുക്കളയിൽ ജോലിത്തിരക്കിലായിരുന്ന ശശിയെ പിറകേ നിന്ന്കണ്ണുപൊത്തി അനു.

അയ്യോ.. എടീ, നീയായിരുന്നോ..

നീ ഇന്ന് വരുന്നത് പറഞ്ഞില്ലല്ലോ.

നിനക്കൊരു സർപ്രൈസാവട്ടേന്ന് കരുതി.

എന്താ.. വല്ല കുഴപ്പവും ?

ഏയ് ഒന്നുല്ല.

പുള്ളിയെ ഞാൻ കണ്ടു.

എല്ലാം കേട്ടുകൊണ്ട് സുദേവ്
ഡൈനിംങ്ങ് ഹാളിൽ നിൽപ്പുണ്ടായിരുന്നു.

പിന്നീട് കഥകളുടെ ഘോഷയാത്രയായിരുന്നു.
രാത്രി അവരൊന്നിച്ചു കിടന്നു.

കുറച്ചു കഴിഞ്ഞ് അനു.
എടീ നീ ചെല്ല് അയാൾക്ക് ബോറടിക്കണ്ടാ.
ശീലം മാറ്റണ്ട.
ഓ.. പിന്നേ, അങ്ങനെയൊന്നും ഇല്ല.
സുദേവേട്ടൻ പാവാ..

നീ പോ.. പോയിക്കിടന്നുറങ്ങ്.
ശശികലയെ തള്ളി വാതിലിനു പുറത്താക്കി –

എന്നാ ശരി. നിന്റെ കുട്ടിക്കളികളൊന്നും ഇതുവരെ മാറിയില്ലല്ലേ…
മും, ശരിയായിക്കോളും.

ഓ.. ഉത്തരവ്
അതും പറഞ്ഞ് അനുവാതിൽ അടച്ചു കുറ്റിയിടാതെ കിടന്നു ഉറക്കം വന്നതെപ്പഴെന്നറിയില്ല.
ലൈറ്റ് കത്തുന്നതു കണ്ട് വെള്ളം കുടിക്കാൻ ഡൈനിംങ്ങ് ഹാളിൽ ചെന്ന സുദേവ് കണ്ടു.

ഇവൾ ഉറങ്ങിയില്ലേ ?

വാതിൽ തുറന്നാൽ പ്രശ്നമാവുമോ.
വാതിലിനു മുട്ടിയാലോ, ശശി ഉണരും.
വേണ്ട.

മെല്ലെ തുറന്നു ഭാഗ്യം കുറ്റിയിട്ടിട്ടില്ല.

അയാൾ ലൈറ്റും, ഏസിയും ഫാനും എല്ലാം ഓഫാക്കി റൂമിൽ നിന്നും അരണ്ട വെളിച്ചത്തിൽ അവളെയൊന്നു നോക്കി.
ഇറങ്ങുന്ന നേരം ശശി അതാ റൂമിന്റെ മുൻപിൽ –

സുദേവേട്ടാ… അവൾ അലറിവിളിച്ചു. നിങ്ങൾ.
നിങ്ങളെന്താ ഇവിടെ ?

ഇങ്ങനെ ഒരു മുഖം കൂടി നിങ്ങൾക്കുണ്ടായിരുന്നോ ?

അവൾ ചോദ്യ ശരങ്ങളുതിർത്തു.
അയാൾക്ക് ഒന്നും പറയാൻ വാക്കുകൾ കിട്ടാത്ത പോലെ നിന്നു.

റൂമിലേക്ക് നടന്ന അവളുടെ പുറകേ അയാളും നടന്നു.

അയാൾ പറഞ്ഞു.
ശശി.. ഞാനൊന്നു പറയട്ടേ
നീ കരുതുന്ന പോലെ ഒന്നുമില്ല
അവൾ ലൈറ്റ് ഓഫാക്കാത്തതു കണ്ട് ഞാൻ വാതിൽ മുട്ടി വിളിക്കാവിളിക്കാമെന്നു കരുതി.
നിന്നെ ഉണർത്തണ്ടാന്നു കരുതി മെല്ലെ തുറന്നു നോക്കി
എല്ലാം ഓഫാക്കി.

കറന്റ് ചാർജ്ജ് ഞാനല്ലേ അടയ്ക്കുന്നത്
നിന്റെ വീട്ടിൽ നിന്നല്ലല്ലോ എനിക്കു തരുന്നത്

ഈ മഴക്കാലത്ത്
ഏസിയും, പോരാത്തത് ഫാനും, ലൈറ്റ് മുഴുവനും കത്തിച്ചു വെച്ചിരിക്കുന്നു
ഒരു കോമൺ സെൻസ് വേണ്ടേ
മറ്റുള്ളവരുടെ വീട്ടിൽ പോയാൽ ?
അതില്ല.

അയാൾ വായിൽ വന്നതൊക്കെ പറഞ്ഞു ഒറ്റ ഇരുപ്പിൽ
ഇനി കിടക്കാമല്ലോ.. ല്ലേ..

ഇനിയും നിനക്കെന്നെ സംശയമാണെങ്കിൽ
സംശയിച്ചോ.
കുഴപ്പമില്ല.

ഞാൻ കണ്ടതും. ചോദിച്ചതുമാണോ കുഴപ്പം
അവൾചോദിച്ചു
ഞാൻ നിങ്ങളുടെ ഭാര്യയല്ലേ..

എനിക്കും ചില ഉത്തരവാദിത്തങ്ങളും. കടമകളും ഒക്കെയുണ്ട്
അതു ഞാൻ ചെയ്യും മരിക്കുന്നവരെ.

ഓ,ശരി. എന്നാൽ ലൈറ്റോഫാക്കികിടക്കാൻ നോക്ക്

രണ്ടു പേരും രണ്ട് സൈഡിലേക്കും തിരിഞ്ഞു കിടന്നു.

അവളെ വിളിച്ചു വരുത്തേണ്ടായിരുന്നൂന്ന്
ഇപ്പോ തോന്നുന്നു.

നീ എന്തോ പറഞ്ഞോ ?

നീയുറങ്ങിയില്ലേ.
സുദേവ് ചോദിച്ചു.

ഇല്ല, എനിക്കുറക്കം വരുന്നില്ല

എന്നെയും, എന്റെ വാക്കിനേയും വിശ്വാസമുണ്ടങ്കിൽ ഉറങ്ങിക്കോ.
എനിക്കത്രയേ പറയാനുള്ളൂ..

ഗുഡ് നൈറ്റ്.
എറിക്കുറക്കം വരുന്നു.

അവൾ എങ്ങനെയോ നേരം വെളുപ്പിച്ചു
അടുക്കളയിൽ ചെന്നപ്പോ അവിടെ ലൈറ്റ് കത്തുന്നു.
ആളെ കാണാനില്ല.

സുദേവ്
ഉമ്മറത്ത് പത്രം വായിക്കുന്നു.
ഗ്യാസ് അടുപ്പിൽ ഇഡ്ഡലി ചെമ്പ് വെച്ചിരിക്കുന്നു.
ചഡ്നി ഉണ്ടാക്കിയിട്ടുണ്ട്.

ഈശ്വരാ ഇവളിതെഴുന്നേറ്റു പോന്നോ

ഇതെന്തു ഭാവിച്ചാ..

അവളതാ.. വർക്കേരിയയിലുള്ള ബാത് റൂമിൽ നിന്നും വരുന്നു.

എടീ അനു. നീ ഇന്നലെ ഉറങ്ങിയില്ലേ..

അതു ചോദിച്ചപ്പഴാ ഓർത്തേ..
ഞാൻ ഇന്നലെ ലൈറ്റ് ഓഫാക്കാൻ മറന്നോ..

ഉവ്വ്. അതു കേട്ട് ശശികല പറഞ്ഞു- ഞാനാ ഓഫാക്കിയത്.

ഞാൻ വെള്ളംകുടിക്കാൻ ഡൈനിംങ്ങിലേക്ക് വന്നപ്പോ നിന്റെ മുറിയിൽ ലൈറ്റ് കത്തുന്നു.
പോരാത്തത് ഫാനും, ഏസിയും നിനക്കെന്താടീ ഭ്രാന്തുപിടിച്ചോ തലയ്ക്ക്.

ഈ മഴയത്ത് ഇതൊക്കെ.

അതേ, എനിക്ക് ഭ്രാന്താ..
ഉടലു പൊള്ളുന്ന ഭ്രാന്ത്.
നിനക്കതു പറഞ്ഞാൽ മനസ്സിലാവില്ല.

ആ… അതുവിട്.
ഞാൻ സുദേവ് സർ നോട് ചോദിച്ച് ഇഡ്ഡലിക്ക് ഒഴിച്ചു വെച്ചു.
സാറിനതാ ഇഷ്ടം ന്ന് പറഞ്ഞു.

മും,

സാമ്പാർ വെക്കണോ
ശശി ചോദിച്ചു.
നിനക്കിഷ്ടമല്ലേ അതു ഞാനുണ്ടാക്കിത്തരാം
നീ മാറ്.

എന്താ നിന്റെ മുഖത്ത് ഒരു മൂഡോഫ് പോലെ
അനു ചോദിച്ചു.

ഏയ്. ഒന്നുല്ല, നിനക്കു വെറുതേ തോന്നുന്നതാ…

ഇന്നലെ ലൈറ്റ് ഓഫാക്കാൻ മറന്നത്
സാറിനോടു പറയണ്ട
അറ്റാക്ക് വരും
അവളു ചിരിച്ചു കൊണ്ടു പറഞ്ഞു.

അതേയതേ…

ഞാനിന്നു തന്നെ പോവാൻ നോക്കട്ടേ..
ആണോ. എന്നാ ശരി നിന്റെയിഷ്ടം.

പക്ഷേ.. അനു അതല്ല അവളിൽ നിന്നും പ്രതീക്ഷിച്ച മറുപടി.

ഇവളാള് മാറിപ്പോയല്ലോ
മനസ്സിൽ കരുതി.

ഇന്ന് തന്നെ പോണം.
അതാ ശരി.
ഇവർക്കിടയിൽ
ഞാനൊരു കട്ടുറുമ്പാവുന്നില്ല..

അവൾ ഉച്ചഭക്ഷണവും ഒന്നിച്ചു കഴിച്ച് യാത്ര പറഞ്ഞിറങ്ങവേ
അവൾ തമാശ രൂപേണ സുദേവിനോട് ചോദിച്ചു
എന്താ മാഷേ ഒരു ഗൗരവം മുഖത്ത്.

ശശിയുടെ മുഖത്ത് പിരിയുന്നതിന്റെ ഒരു സങ്കടവും കണ്ടില്ല.

അവൾ ബസ്സിലിരുന്നോർത്തു.

ഇത്രയേ ഉള്ളൂ..

അവരായി അവരുടെ പാടായി.
എന്നെ മനസ്സിലാക്കാൻ അപ്പനും അമ്മയ്ക്കും അല്ലാതെ മറ്റാർക്കും കഴിയില്ല.

അതാ സത്യം.

അവൾ ബസ്സിൻ നിന്നും ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോൾ വഴിയിലുടനീളം
വെയിലും, മഴയും ഒന്നിച്ചു വന്നിരിക്കുന്നു –

അവിടെയിറങ്ങിയ
അമ്മിണിയമ്മ പല്ലില്ലാത്ത മോണ കാട്ടി ച്ചിരിച്ചു കൊണ്ട്പറഞ്ഞു
മോളേ.. ഇന്ന് കുറുക്കന്റെ കല്യാണമാണ്
ദാ…കണ്ടില്ലേ വെയിലത്തു പെയ്യുന്ന മഴ.

അവളുടെ കാതിലേക്കതൊന്നും കയറിയില്ല.
അവൾ വേഗം ചെമ്മൺ പാതയിലൂടെ നടന്നുനീങ്ങി –

ഈ നാടിനും
ഈ മനുഷ്യർക്കും എന്തൊരു മാറ്റമാ..

എല്ലാവർക്കും സെൽഫിഷ് മൈന്റാ…

സ്വയം എവിടെയെങ്കിലും
ഒതുങ്ങിക്കൂടുന്നതാ ബുദ്ധി.

വീട്ടിലെത്തിയതറിഞ്ഞതേയില്ലവൾ.

മോളിങ്ങു പോന്നോ ഇത്ര വേഗം.
രണ്ടു ദിവസം കഴിഞ്ഞേ വരുമെന്ന് പറഞ്ഞിട്ട്.

ഭവാനിയമ്മയുടെ (അവളുടെ അമ്മ)ചോദ്യം കേട്ടപ്പോളാണവർ അവിടെ എത്തിയതറിഞ്ഞത്.

ഉവ്വ്. ഞാനിങ്ങു പോന്നു.
എന്താ ഇവിടെ നിന്നും പോണോ..

ന്താകുട്ട്യേ.. നിനക്ക് എന്താ പറ്റിത്..

നിക്ക് ഒന്നുല്ല,
എനിക്കൊരു മാറ്റവും ഇല്ല അമ്മാ..
ബാക്കിയുള്ളവർക്ക് ആണ്
മാറ്റം.
ഞാനത് മനസ്സിലാക്കാൻ വൈകി.

ആ, അതു പോട്ടേ. ഇനി ഞാനെവിടേയ്ക്കും ഇല്ല.
ഞാനൊരു ഭാരമാവുന്നുന്ന് തോന്നിയാൽ പറഞ്ഞാ മതി -.
അവളുടെ മുഖംആകെ കറുത്തിരുണ്ട്മ്ലാനമായി.

വെയിലും മഴയും ഒന്നിച്ച വേളയിൽ പ്രകൃതി ആകെ സന്തോഷവതിയായ പോലെ…
പക്ഷികളുടെ കളകൂജനം
കാതിൽ മുഴങ്ങി
അവൾ മുഹമ്മദ് റാഫിയുടെ
[ മേരാജീവന് കോറാ കാഗസ്സ്] എന്ന
.ഹിന്ദി ഗാനം പതിഞ്ഞ ശബ്ദത്തിൽ വെച്ച് കിടന്നു.

ഞാനെന്താ ഇങ്ങനെ?
എന്തിനാ പെട്ടെന്നവളെ വിട്ട് പോന്നത് അവളവളോടു തന്നെ ചോദിച്ചു കൊണ്ടിരുന്നു.
അവളെ ഒന്നു വിളിച്ചാലോ,
വേണ്ട, അവളൊന്നു വിളിച്ചില്ലല്ലോ..

പണ്ടത്തെശശി ഇങ്ങനെയായിരുന്നില്ല.
അവളോർത്തു.

ഞാനെന്താ അവളോടിങ്ങനെ പെരുമാറിയത്.
അവളെന്തു തെറ്റ് ചെയ്തു.
അവളെന്തു വിചാരിച്ചു കാണും.
ശശികല ഓർത്തു.
ഇല്ല അവളെന്റെ കൂട്ടുകാരിയല്ലേ..
എന്നെ മനസ്സിലാക്കാൻ അവൾക്കു കഴിയും.

അവൾ അനുവിനെ വിളിച്ചു
പക്ഷേ കുറേ നേരം ബെല്ലടിഞ്ഞതല്ലാതെ അനു എടുത്തില്ല.

പിന്നീടങ്ങോട്ട് ആ വിളി മിസ്ക്കോളായി തന്നെ നിന്നു പോയി –

പിന്നീടവൾ ഔട്ട് ഓഫ് റെയ്ഞ്ചാണെന്ന് അറിയാൻ കഴിഞ്ഞു.
അവളെന്നേ എല്ലാവരേയും വിട്ടകന്നെന്ന്…
ശുഭം🙏🏻

സുജ ശശികുമാർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments