പാലക്കാട്: ദേശീയ സീനിയർ സ്കൂൾ മീറ്റിൽ കിരീടം നേടിയ കേരള ടീമിന് ഉജ്വല സ്വീകരണം. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ പൂമാലകളുമായാണ് സ്വീകരണം ഒരുക്കിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപുരിലാണ് ദേശീയ സീനിയർ സ്കൂൾ മീറ്റ് സംഘടിപ്പിച്ചത്. 11 സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമായി 78 പോയിന്റ് നേടിയാണ് കേരളത്തിന്റെ കിരീടനേട്ടം. 76 പേരടങ്ങുന്ന ടീം കേരളത്തിനായി ട്രാക്കിലെത്തി. 34 ആൺകുട്ടികളും 32 പെൺകുട്ടികളും അടങ്ങുന്നതായിരുന്നു സംഘം. പരിശീലകരും മെഡിക്കൽ സംഘവും ഉൾപ്പെടെ 10 പേർ സംഘത്തിലുണ്ടായിരുന്നു.
മലപ്പുറത്തിന്റെ മുഹമ്മദ് മുഹ്സിൻ മൂന്ന് സ്വർണം നേടി താരമായി. ലോങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ് എന്നിവയിലാണ് സ്വർണനേട്ടം. പാലക്കാട് പറളി സ്കൂളിലെ എം ജ്യോതി രണ്ട് സ്വർണം നേടി. 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും ജ്യോതിക സ്വർണം നേടി. നാല് റിലേയിൽ ആകെ മൂന്ന് സ്വർണവും ഒരു വെള്ളിയും കേരളം നേടി. വിദ്യാഭ്യാസ ഉപഡയറക്ടർ പി വി മനോജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. താരങ്ങൾക്കും പരിശീലകർക്കും മധുരം നൽകി.