ഗുണ്ടുരിലാണ് ഞാൻ ജനിച്ചത്
തഴച്ചു വളരാൻ പോഷകങ്ങളും
ദേഹരക്ഷക്കായി മരുന്നും തന്ന്-
ലാളിച്ചാണ് വളർത്തിയത്….
മൂത്ത് പാകമായപ്പോൾ
നട്ട് വളർത്തിയവർ തന്നെ
നിർദാക്ഷിണ്യം ഞെട്ടിയോടെ
പറിച്ചെടുത്തു
എന്നെ പോലെ ഹതഭാഗ്യരായ
അനേകം കൂട്ടുകാർ ഉണ്ടായിരുന്നു
കനത്ത വെയിലിൽ
ഉണക്കാനിട്ടപ്പോഴും
ചവിട്ടി മെതിച്ചപ്പോഴും
വിപ്ളവത്തിൻ്റെ പ്രതീകമായ
ചുവപ്പ് നിറം ഞങ്ങൾ
നില നിർത്തി…….
അമരാവതിയിൽ വിളഞ്ഞ നെല്ലും-
ചവുട്ടി അരയ്ക്കപ്പെട്ടിരുന്നു….
കവചങ്ങൾ കൊഴിഞ്ഞ
പടയാളികളെ പോലെ
വിളറി വെളുത്ത്,
ചാക്കിനകത്തവർ തളർന്നു-
കിടപ്പുണ്ടായിരുന്നു…
ഞങ്ങൾ ഒന്നിച്ചാണ്-
റെഡ് ഹിൽസ് കടന്ന്,
സേലം വഴി,, വാളയാർ താണ്ടി
പാലക്കാട്ടെത്തിയത്…
വലിയങ്ങാടിയിലെ
റാവുത്തറുടെ കടയിൽ
അധികനാൾ നിൽക്കാൻ കഴിഞ്ഞില്ല….
പാറ അങ്ങാടിയിലെ മാണിക്യേട്ടന്റെ
കടയിലെക്ക്, സുതാര്യമായ –
പ്ളാസ്റ്റിക് കവറിലാണ് കൊണ്ട്
പോയത്
പ്ളാസ്റ്റിക് നിരോധനമൊക്കെ
വെറും മുദ്രാവാക്യങ്ങൾ മാത്രമാണ്
മദ്യവർജ്ജന പ്രചരണം
വെറും പ്രഹസനമാണെന്നത് പോലെ….
കൊട്ടിഘോഷിക്കപ്പെട്ട
നോട്ട് നിരോധനത്തിന് പോലും
ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന
ഗർഭ നിരോധന ഉപാധിയുടെ
ഗതിയായിരുന്നല്ലോ….
അടിയന്തരാവസ്ഥയുടെ നാളുകളിൽ-
ഒരു ചാക്ക് പഞ്ചസാര അധികം
വെച്ചതിന്
ജയിലിൽ കിടന്ന ആളാണ് മാണിക്യൻ
സദാ ഉല്ലാസവാനായിരുന്ന അയാൾ
പിന്നെ വാക്കുകൾ പോലും
പൂഴ്ത്തിവെച്ചു
കോടികൾ പൂഴ്ത്തിവെയ്ക്കുന്നവർക്ക്
മുന്നിൽ പോലും അയാൾ
നിർവികാരനായിരുന്നു…
അവിടെ നിന്നും ഞാൻ പോയത്
സുമുഖിയായ മായചേച്ചിയുടെ
വീട്ടിലെക്കാണ്
അവരുടെ തലോടൽ കാംക്ഷിച്ച
എന്നെയും സഹയാത്രികരെയും
പൈപ്പ് വെള്ളത്തിൽ തുറന്ന് പിടിച്ചു
ശുദ്ധജലമെന്ന് വിശ്വസിക്കുന്ന അതിന്.
ക്ലോറിന്റെ മണമായിരുന്നു..
‘എന്തോക്കെ വിഷം തളിച്ച സാധനം’
എന്ന ചേച്ചിയുടെ ജല്പനം
വല്ലാതെ വിഷമിപ്പിച്ചു
വളരാൻ തന്ന മരുന്നുകൾ –
ഒക്കെ വിഷമായിരുന്നോ?
പിന്നെ, താലോടുമെന്ന് കരുതിയ
കൈകളാൽ
ഞങ്ങളെ അവർ രണ്ടായി മുറിച്ചു,
തിളച്ച എണ്ണയിലെക്കിട്ടു
ബംഗാളിൽ നിന്നും എത്തിയ കടുകു
മണികൾ
അവരുടെ ഭാഷയിൽ
പൊട്ടിത്തെറിച്ചു…
പഴനിയിൽ നിന്നും വന്ന കറിവേപ്പില
കരയനാവാതെ വാടി കരിഞ്ഞു…
തൊലിയുരിയുമ്പോൾ ചേച്ചിയെ
കരയിപ്പിച്ച ഉള്ളി,ചെറു
കഷണങ്ങളായി
പൊള്ളലേറ്റ് വാടി….
പൊള്ളാച്ചിയിൽ നിന്നും വന്ന ചീര
വെന്തുടഞ്ഞിരുന്നു….
അതിലെക്കാണ് ഞങ്ങളെ
നിർദാക്ഷിണ്യം തള്ളിയത്
ഇലക്കറികളിൽ പോഷകങ്ങൾ
അധികമുണ്ടെന്നാണ്
അതിൻ്റെ സത്ത് പരമാവധി കുടിച്ച്
ഞാനൊരു അതിജീവനത്തിന് ശ്രമിച്ചു
മായ ചേച്ചിയുടെ ഭർത്താവ്
സുന്ദരനായിരുന്നു
‘സുന്ദരേട്ടെ ഊണ് കാലായി’
എന്ന് കേട്ടപ്പോഴാണ് പേരും
സുന്ദരനാണ് എന്ന് മനസ്സിലായത് …
കവടിപാത്രത്തിൽ
അമരാവതിയിലെ അരി
വെന്ത് മലർന്ന് കിടക്കുന്നു
അതിന് മുകളിലെക്ക്
ചീരയിലകൾക്കൊപ്പം
ഞാനും വീണു
അപ്പോഴത്തെ ഞങ്ങളുടെ
അവസ്ഥാന്തരങ്ങൾ കണ്ട്
പരസ്പരം ചിരിച്ചു….
ഒരല്പം പൊള്ളലൊക്കെ
എറ്റിട്ടുണ്ടെങ്കിലും
ചുവപ്പ് നിറം ഞാൻ ഉയർത്തി
പിടിച്ചിരുന്നു
‘കൊല്ലാം… തോപ്പിക്കാനാവില്ല’
എന്ന മുദ്രവാക്യം പലയിടത്തും
വായിച്ചിട്ടുണ്ട്
ആരെയൊ ഉരുട്ടി കൊന്നതിന്-
അന്വേക്ഷണ വിധേയമായി,
സസ്പെൻഷനിലായിരുന്ന-
സുന്ദരേട്ട നാനാത്വത്തിൽ-
ഏകത്വം എന്ന ആശയത്തിൽ
വിശ്വസിക്കുന്ന ആളായിരുന്നു
അതിനാൽ ഞങ്ങളെയേവരെയും
കൈപത്തിയാൽ നല്ല പോലെ കൂട്ടി
കൂഴച്ചു
പിന്നെ, ഇത്തിരി വയറുമായി കിടന്ന-
എന്നെ വിരലുകൾക്കിടയിട്ടു ഞരടി,
കൂട്ടി കുഴച്ച ഉരുളക്കൊപ്പം
ഗുഹാമുഖം പോലെ തോന്നിച്ച-
വായിലെക്ക് എടുത്തു വെച്ചു
എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല,
ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു…
ഞങ്ങളെ അടിച്ചമർത്തുന്നത് പോലെ
ചവുട്ടിയരക്കപ്പെടുന്നത് പോലെ
ഒരു നാൾ നിങ്ങളും ചവുട്ടിയരക്കപ്പെടും
അയാൾക്ക് ആ മുദ്രവാക്യം
എരിഞ്ഞിരിക്കണം
അയാളുടെ മുഖഭാവം കണ്ട് –
വെള്ളമെടുത്ത് കൊടുത്തത് മായ
ചേച്ചിയാണ്
അയാൾ വെപ്രാളത്തോടെ വെള്ളം
വായിലെക്ക് കുത്തനെയൊഴിച്ചു
ഒരു വെള്ളച്ചാട്ടത്തിൽ പെട്ടതുപോലെ,
ഞാൻ അന്നനാളം വഴി
അയാളുടെ ആമാശയത്തിലെ-
ആഴങ്ങളിലെക്ക് വീണു…




👍
Sooper