ഹിമാചൽ പ്രദേശത്തിലേക്കുള്ള ഒരു യാത്ര എന്നു പറയുമ്പോൾ തന്നെ ഒന്നു ചുരുണ്ട് കൂടി ഇരിക്കുവാനാണ് തോന്നുക.
“മഞ്ഞ് നിറഞ്ഞ മലനിരകളുടെ പ്രവിശ്യ” എന്നാണത്രേ ഹിമാചൽ പ്രദേശത്തിന്റെ അക്ഷരാർത്ഥം.ഭൂമിശാസ്ത്രപരമായി പച്ചപ്പ്, നദികൾ, ശാന്തമായ കാലാവസ്ഥ, മഞ്ഞുവീഴ്ച, പർവതങ്ങൾ, ആപ്പിൾ വളരുന്ന സംസ്ഥാനം,താഴ് വരയിലുള്ള ആളുകൾ, അങ്ങനെ എല്ലാം കൂടെ വിനോദസഞ്ചാരത്തിന് പറ്റിയ സ്ഥലമാണിത്. കൂടാതെ ‘ധൈര്യത്തിന്റെ നാട്’/ ‘വീർ ഭൂമി’ എന്നൊക്കെയാണ് വിശേഷണം.
മണാലി, കുളു , ഷിംല …. ഹിമാചൽ പ്രദേശിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്നു മാറി ‘ ഉന ‘ എന്നൊരു ചെറിയ മുനിസിപ്പൽ നഗരത്തിലേക്കായിരുന്നു യാത്ര. പതിവു പോലെ നമ്മുടെ ‘ഗൂഗിൾ അമ്മച്ചിയുടെ മാപ്പ് ‘ അനുസരിച്ച് hotel ലേക്കുള്ള വഴി എത്തിയത് ഒരു കാട്ടിലേക്കായിരുന്നു. വെള്ളത്തിനകത്തേക്ക് അല്ലല്ലോ എന്ന ഭാഗ്യം. അവിടെ നിന്ന് ഹോട്ടലിലേക്ക് phone വിളിക്കുന്നത് കേട്ട്, ഒരു പയ്യൻ വന്ന് സഹായിക്കുകയായിരുന്നു. . അത്രയും നിശ്ശബ്ദതയാണവിടെ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? ഇതെല്ലാം ഗൂഗിളിന്റ സ്ഥിരം പണിയാണത്രേ!
പഞ്ചാബിന്റെ ഭാഗമായിരുന്ന ഉന ജില്ല , പഞ്ചാബിന്റെ പുനഃസംഘടനയുടെ ഫലമായി, ഉന അടക്കമുള്ള എല്ലാ മലയോര പ്രദേശങ്ങളെയും ഹിമാചൽ പ്രദേശിലേക്ക് മാറ്റുകയായിരുന്നു.
താമസ്ഥലത്തേക്കുള്ള വഴിയിൽ പലപ്പോഴും നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദികളുടെ കാഴ്ച സുന്ദരം. വേനൽകാലത്ത് മഞ്ഞു ഉരുകുന്നതും വർഷക്കാലത്തുള്ള മഴയും കാരണം ഇവിടുത്തെ നദികൾ ഒരിക്കലും വറ്റാറില്ല. ഞങ്ങളുടെ താമസം ‘ഗോബിന്ദ് സാഗർ തടാകത്തെ അഭിമുഖീകരിച്ചായിരുന്നു.ഭക്രാ അണക്കെട്ടിൽ നിന്നാണ് ഇത് രൂപപ്പെട്ടിരിക്കുന്നത്. ഓ…. ‘ ഭക്ര നങ്കൽ അണക്കെട്ട് – കേരളത്തിലെ ഏതോ ക്ലാസ്സു മുറിയിലിരുന്ന് പഠിച്ച ആ കാര്യങ്ങളാണ് ഓർമ്മ വന്നത്.
താമസിക്കുന്ന സ്ഥലത്തിന്റെ പേര് കണ്ടപ്പോൾ ….eh? ‘ Simble Valley’ ! മലയാളികൾക്കും simble & simbly ക്കെല്ലാം ഒരു അഭേദ്യമായ ബന്ധമുണ്ട്. മലയാളികൾ പൊതുവെ simple, simply…നെയെല്ലാം simble , simblyഎന്നൊക്കെയാണത്രേ ഉച്ചരിക്കുക. എന്റെ ആദ്യത്തെ കേരളത്തിന് പുറത്തുള്ള യാത്രയിൽ അവിടെയുള്ള കൂട്ടുകാർ ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്നോട് ‘ simbly & simble ‘പറയുന്നത് കേട്ട് , ചത്താലും ‘simply & simple’ പറയില്ല എന്ന് ശപഥം എടുത്ത എന്റെ മുൻപിൽ ആ ‘ നെയിം ബോർഡ്’ കോക്രി കാണിക്കുന്നതു പോലെ.
എന്തു കോക്രി കാണിക്കാനും ഞങ്ങൾ തയ്യാറാണ് എന്ന മട്ടിലാണ് അവിടുത്തെ പ്രീ- മാര്യേജ് ഷൂട്ടിംഗ് ആയി വന്നിട്ടുള്ള വധുവരന്മാർ. ഈ താമസ്ഥലം അതിന് പേരു കേട്ടതാണ്. പലരും പഞ്ചാബ്, ലുധിയാന, അമൃത്സർ …. 2-3 മണിക്കൂർ യാത്ര ചെയ്താണ് ഇവിടെ എത്തുന്നത്.ഷൂട്ടിംഗിനു വേണ്ടി ഗ്രാമം, കോട്ട, കടകൾ ലൗ സൈനുകൾ , ….. എല്ലാത്തിന്റെയും മോഡലുകൾ ഉണ്ടാക്കി ഇട്ടിരിക്കുകയാണ് താമസ സ്ഥലത്ത്.
Open carൽ കൂടി ഓടിച്ചു പോവുമ്പോൾ വഴിവക്കിൽ കാണുന്ന സുന്ദരിക്ക് ലിഫ്റ്റ് കൊടുക്കുക ….. അതുപോലത്തെ സിനിമയിൽ കാണുന്ന സീനുകളെ വെല്ലുന്ന വിധത്തിലാണ് പല സീനുകളും . പയ്യനും പെണ്ണും എല്ലാം തരം ഭാവങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ‘ തീം സീനുകളാണ് ‘എവിടേയും . ഭാവിയിൽ ഉപയോഗമാവും എന്ന ചിന്തയിലാകാം. എന്തായാലും കണ്ടിരിക്കാൻ രസമുണ്ട്.
മേക്കപ്പ് ആർട്ടിസ്റ്റ് , ഡ്രസ്സ് ഡിസൈനുകാർ , വീഡിയോ ക്കായിട്ടുള്ള ലൈറ്റ് ബോയ്, ക്യാമറാമാൻ , ഡയറക്ടർ അവർക്കെല്ലാം അസിസ്റ്റൻസുമാർ …. എന്നു വേണ്ട 8 – 10 പേർ ഇതിനു പുറകിൽ പ്രവർത്തിക്കുന്നുണ്ട്. കാണുമ്പോൾ തമാശയായിട്ട് തോന്നുമെങ്കിലും പലരുടേയും ഉപജീവനമാർഗ്ഗവുമാണിത്. ഒരു പ്രൊഫണൽ ഫോട്ടോ ഷൂട്ടിംഗിന് പതിനായിരം രൂപ മുതൽ 5 ലക്ഷം രൂപ വരെ ചിലവുണ്ടെന്നാണ് പറഞ്ഞത്.
പ്രീ മാര്യേജ് ഷൂട്ടിംഗ് കണ്ടപ്പോൾ എനിക്കും ചുമ്മാ ഒരാഗ്രഹം – ആഫ്റ്റർ മാര്യേജ് ഫോട്ടോ എടുക്കാനായിട്ട്…..
ഡൽഹിയിൽ നിന്ന് ഏകദേശം 350 കി.മീ യാത്ര ചെയ്തു മടുത്തിരിക്കുന്നു. യാത്രകൾ എപ്പോഴും പുതിയ അറിവുകളുടേയും അനുഭവങ്ങളുടേയും ഓർമ്മകളുടേയും മറ്റും ആകെ തുകയാണ് എന്ന് പറയാറുണ്ട്. ഇവിടേയും മാറ്റമില്ല.
ഇനി ഊനയിലെ ഓരോ കാഴ്ചകളും ചോദിച്ചു – ചോദിച്ചു പോകാം അല്ലേ?
Thanks
അതേ, നമുക്കും റിറ്റയോടൊപ്പം ചോയ്ച്ചു ചോയ്ച്ചു പോകാം.


എല്ലാ വിവരണങ്ങളും വായിക്കാറുണ്ട്. വളരെ വിശദമായിത്തന്നെയുള്ള എഴുത്ത് ഒരു പാടിഷ്ടം. യാത്രാവിവരണങ്ങളുടെ സൂപ്പർസ്റ്റാർ…

