ഹിമാചൽ പ്രദേശിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് നൈനാ ദേവി ക്ഷേത്രം.ദുർഗ്ഗാ ദേവിയുടെ ആരാധനയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണിത്. ഐതിഹ്
ചെറുതും എന്നാൽ പ്രകൃതിരമണീയവുമായ ഒരു കുന്നിന് മുകളിലാണ് നൈനാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഭക്തിക്കും ടൂറിസ്സത്തിനും പ്രാധാന്യമുള്ള സ്ഥലമെന്നും പറയാം. ക്ഷേത്രത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് നോക്കിയാൽ മനോഹരമായ ഗോവിന്ദ് സാഗർ തടാകവും മുഴുവൻ നഗരവും കാണാം.ക്ഷേത്രത്തിലേക്ക് 1.25 കിലോമീറ്റർ കുത്തനെയുള്ള പാതയിലൂടെ മലമുകളിലെത്താം . ഭൂരിഭാഗം തീർത്ഥാടകരും ‘ജയ് മാതാ ദി ‘ എന്ന് വിളിച്ച് കാൽനടയായി മലമുകളിൽ എത്തുന്നു.
അല്ലെങ്കിൽ കേബിൾ കാർ സൗകര്യവുമുണ്ട്.
കേബിൾ കാർ,സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1219 മീറ്റർ ഉയരത്തിലാണ് ആ യാത്ര. ഒരു വശത്ത് മറ്റൊരു പുണ്യസ്ഥലമായ വിശുദ്ധ ആനന്ദപൂർ സാഹിബ് ഗുരുദ്വാരയുടെയും മറുവശത്ത് ഗോബിന്ദ്സാഗറിന്റെയും സമാനതകളില്ലാത്ത കാഴ്ചയാണ്.
(കേബിൾ കാറിൽ നിന്നുമുള്ള കാഴ്ച)
അവിടെ നിന്നും ക്ഷേത്രത്തിലേക്ക് നല്ലൊരു നടപ്പ് തന്നെയുണ്ട്. ഈ പുരാതന ക്ഷേത്രം എ.ഡി പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്നാണ് കരുതുന്നത് എന്നാൽ പിന്നീട് ഇത് മണ്ണിടിച്ചിലിൽ നശിച്ചു പോയിരുന്നേക്കാം. പിന്നീട് 1883-ൽ പുനഃസ്ഥാപിച്ചതായി പറയപ്പെടുന്നു. നൈനാ ദേവി ക്ഷേത്രസമുച്ചയത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കൂറ്റൻ ആൽ മരം ഉണ്ട്. പ്രധാന ശ്രീകോവിലിലേക്കുള്ള പ്രവേശന കവാടത്തിന്റെ വലതുവശത്ത് ഹനുമാൻ, ഗണപതി എന്നിവരുടെ വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നു. അതിനടുത്തെല്ലാം എട്ട് – പത്തു വയസ്സുള്ള പെൺകുട്ടികൾ ധരിച്ചിരിക്കുന്ന വേഷത്തിനുമുകളിലൂടെ ഒരു തുണികൊണ്ട് സാരി പോലെ ചുറ്റി, മുഖത്തെല്ലാം മേക്കപ്പ് ചെയത് കണ്ണടച്ച് ഇരിക്കുന്നുണ്ട്. ഭിക്ഷക്കായി ഒരു തുണി വിരിച്ചിട്ടുമുണ്ട്. ഓരോരുത്തർ നടന്നു പോകുമ്പോൾ ഇടയ്ക്കിടെ കണ്ണു തുറന്നു നോക്കുവാനും മടിയില്ല. കണ്ടപ്പോൾ തമാശയായി തോന്നി. പാവം കുട്ടികൾ.
ക്ഷേത്രത്തിനടുത്തേക്ക് എത്തുമ്പോഴേക്കും പൂജക്കായുള്ള സാധനങ്ങളും മറ്റു പലതരത്തിലുള്ള കടകളുമായി ശരിക്കുമൊരു ടൂറിസ്റ്റ് സ്ഥലമാകുന്നു. പല കടക്കാരും ചെരിപ്പുകൾ ഞങ്ങൾ സൂക്ഷിക്കാം എന്ന വാഗ്ദാനമായിട്ടാണ് നിൽക്കുന്നത്. ക്ഷേത്രത്തിന്റെ അടുത്തുള്ള ചെരുപ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് തിരക്കായിരിക്കും അതിനു പകരം ഈ കടകളിൽ വെയ്ക്കാമെന്നാണ് അവരുടെ അഭിപ്രായം. കൂട്ടത്തിൽ കടയിൽ നിന്ന് എന്തെങ്കിലും സാധനങ്ങളും വാങ്ങിക്കുമല്ലോ, എന്നൊരു ‘മാർക്കറ്റിംഗ്’ ചിന്തയും അവർക്കുണ്ട്. എന്തായാലും അവരുടെ ആ ചിന്ത ശരി തന്നെയാണ് , നമ്മൾ എന്തെങ്കിലുമൊക്കെ വാങ്ങിച്ചു പോകും എന്നത് സത്യമാണ്. കൗതുകമായി തോന്നിയത് കൊടുത്ത രൂപക്ക് ബാലൻസായി തന്നത് ‘ മെറ്റലിന്റെ രണ്ടു കണ്ണുകൾ’ നേർച്ചപെട്ടിയിൽ ഇടാനാണ് പറഞ്ഞത്. ക്ഷേത്ര ദർശനത്തിനായി ഏകദേശം ഒന്നര – രണ്ടു മണിക്കൂർ ചെലവഴിക്കണം. അതിനായിട്ടുള്ള ക്യൂ അങ്ങനെ നീണ്ടു കിടക്കുകയാണ്.. പ്രധാന ശ്രീകോവിലിനോട് ചേർന്ന് ഒരു ചെറിയ ഗുഹയുണ്ട് അത് ശ്രീ നൈനാ ദേവി ഗുഹ എന്നു പറയുന്നു.
ഭക്തരും ടൂറിസ്റ്റുകളുമായി നിറഞ്ഞു കവിഞ്ഞൊഴുകുന്ന അവിടെ നിന്നുമുള്ള മടക്കയാത്രയിൽ എവിടെ നിന്നോ ചാടി വീണത് പോലെ മൂന്നു – നാലു ട്രാൻസ്ജെഡറുമാർ. ഞങ്ങളെ രണ്ടു പേരേയുമാണ് ബ്ലോക്ക് ചെയ്ത് നിറുത്തിയെങ്കിലും അദ്ദേഹം എങ്ങനെയോ അവരിൽ നിന്നും മാറി പോയി. ഞാൻ ഇവരുടെ ഇടയിലും. സാധാരണ ഇവർ ആണുങ്ങളെ ശല്യം ചെയ്യുന്നതാണ് ട്രാഫിക് സിഗ്നലിന്റെ അവിടെയെല്ലാം കണ്ടിട്ടുള്ളത്. അതുകൊണ്ട് ഞാൻ ഇവരെ ശ്രദ്ധിക്കാറേയില്ല. പക്ഷെ ഇവിടെ ‘ വിദേശി ഹേ’ എന്നു പറഞ്ഞു എനിക്ക് ചുറ്റും. 500 രൂപ തരാനാണ് പറയുന്നത്. അപകടം വരുമ്പോൾ ഫോണിൽ എല്ലാവരും വീഡിയോ എടുക്കും എന്ന് പറയുന്നതുപോലെയായി. ചുറ്റുമുള്ളവർ. അവർക്കാണെങ്കിൽ തമാശ എനിക്കാണെങ്കിൽ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. പൈസ ഇല്ല എന്നു പറഞ്ഞപ്പോൾ ‘ ഗൂഗിൾ പേ’ ചെയ്യാനാണ് പറയുന്നത്. അത് കേട്ടപ്പോൾ ഞാൻ ഞെട്ടി…. ചിരിച്ചു പോയി. അതിൽ അവർക്കും എനിക്കും തമാശയായി അതോടെ യാത്ര പറഞ്ഞു പിരിഞ്ഞു. പിന്നീടാണ് ഓർത്തത് അവരുമായി ഫോട്ടോ എടുക്കാമായിരുന്നുവെന്ന് …..
നൈനാ ദേവി ക്ഷേത്രം പോലെ അവരും മനസ്സിലേക്ക് കയറി ഇറങ്ങിയവർ….
എല്ലാവർക്കും നല്ലൊരു ദിനം ആശംസിച്ചു കൊണ്ട് ….
Thanks
നല്ല അവതരണം


Super


