യാത്ര എന്നു പറയുമ്പോൾ തന്നെ പതിവു ‘കോറസ്സിൽ ‘ നിന്നൊരു മോചനം എന്നാണ് മനസ്സിൽ. ആ അവധിക്കാലത്ത് എത്ര മണിക്ക് എണീക്കണം, രാവിലെ 8 മണിക്ക് അല്ലെങ്കിൽ 9 മണിക്കോ മനസ്സിനു തന്നെ ഒരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ! പക്ഷെ എന്നും എണീക്കുന്ന സമയമാവുമ്പോൾ നിദ്രാദേവി ‘ റ്റാറ്റ’ പറഞ്ഞു പോകും. പിന്നെ കുറച്ചു നേരം കൂടി തിരിഞ്ഞും മറിഞ്ഞും കിടന്നാലും തഥൈവ. അങ്ങനെയാണ് താമസ്ഥലമായ ഹിമാചൽ പ്രദേശത്തിലെ ഉനയിലുള്ള റിസോർട്ടിലെ ബാൽക്കണിയിലെത്തിയത്. കണ്ണു എത്താത്ത ദൂരം പരന്നു കിടക്കുന്ന നീല തടാകം – ‘ഗോവിന്ദ് സാഗർ തടാകം ‘ . വെള്ളത്തിലെ മീൻ പിടിക്കാൻ പരുന്തുകളുടെ വട്ടം കറങ്ങിയുള്ള പറക്കലാണ് ആകാശത്തിലെങ്കിൽ നിന്നെ ഞാൻ പിടിക്കാം എന്ന മട്ടിലാണ് കൊക്കുകളുടെ ഒറ്റകാലിലുള്ള ഇരുപ്പ്. മീൻ കിട്ടാത്തതിന്റെ അമർഷമാണോ എന്നറിയില്ല കാ … കാ …. എന്ന കാക്കയുടെ വിളിയും കേൾക്കാം.അവരെല്ലാം തിരക്കിലാണ്.
ഗോവിന്ദ സാഗർ തടാകം,ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകവും ലോകത്തിലെ രണ്ടാമത്തെ വലിയ തടാകവുമാണ്. സിഖുകാരുടെ പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്റെ പേരിലാണ് ഈ വലിയ തടാകം അറിയപ്പെടുന്നത്. ജലസേചനത്തിനും ജലവൈദ്യുതിക്കും മത്സ്യകൃഷിക്കുമാണ് തടാകം ഉപയോഗിക്കുന്നത്. മനുഷ്യർക്ക് മീൻ പിടിക്കാൻ ലൈസൻസ് വേണമെന്നാണ് കേട്ടത്.
ആ പ്രധാന റോഡിന്റെ സമാന്തരമായി 90 കിലോമീറ്റർ നീളവും ഏകദേശം 170 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമായി ഗോവിന്ദ് സാഗർ ആ പാതയിലൂടെയുള്ള യാത്രക്കാർക്ക് മനോഹരമായ കാഴ്ച സമ്മാനിക്കുകയാണ്.
കായലുകളിലേക്കുള്ള പ്രവേശനം അത്ര എളുപ്പമല്ല. എന്നാലും കുന്നുകളിൽ നിന്നുള്ള തടാകത്തിന്റെ കാഴ്ച വളരെ മനോഹരമാണ്. ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിനടുത്തായി ആകെ രണ്ടു റിസോർട്ടുകളാണുള്ളത്. മനോഹരമായ ഈ ഗോവിന്ദ് സാഗറിനെ അഭിമുഖീകരിച്ചു കൊണ്ട് ഇനിയും റിസോർട്ടുകൾ പണിയാമല്ലോ എന്നൊരു കുരുട്ട് ബുദ്ധി എനിക്ക് തോന്നാതിരുന്നില്ല. പക്ഷെ ഹിമാചൽ പ്രദേശത്തുള്ളവർക്ക് മാത്രമെ അവിടം സ്ഥലം വാങ്ങിക്കാൻ പറ്റുകയുള്ളൂ എന്നൊരു നിയമമുണ്ടത്രേ!
ഹിമാലയൻ പർവതനിരകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന് പച്ചപ്പ് നിറഞ്ഞ പർവ്വതം അതിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. ജലസംഭരണത്തിന്റെ കാര്യത്തിൽ രാജ്യത്തെ മൂന്നാമത്തെ വലിയ റിസർവോയർ കൂടിയാണ് ഇത്. ഭക്രയിലെ ഹൈഡൽ അണക്കെട്ടാണ് ഇതിന്റെ ഉറവിടം. ലോകത്തിലെ ഏറ്റവും ഉയർന്ന ഗ്രാവിറ്റി അണക്കെട്ടുകളായ ഭക്ര അണക്കെട്ടിനെ സ്കൂളിൽ പഠിച്ചിട്ടുണ്ടെന്നാണ് എന്റെയൊരു ഓർമ്മ.
(കടപ്പാട് Google)
ഏഷ്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ അണക്കെട്ടാണെന്ന വിശേഷണവും ഉണ്ട്.രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് പഞ്ചാബിന്റെയും ഹിമാചൽ പ്രദേശിന്റെയും അതിർത്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. സത്‌ലജ് നദിക്ക് കുറുകെയാണിത്. ഈ നദിയുടെ പേരോന്നും വലിയ പരിചയമില്ലെങ്കിലും കാണാൻ നല്ല ഭംഗിയുണ്ട്. അവിടെ ചെന്നപ്പോഴാണറിയുന്നത് ഭക്രയും നംഗലും രണ്ട് വ്യത്യസ്ത അണക്കെട്ടുകളാണ്. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലെ ഭക്ര എന്ന ഗ്രാമത്തിന് മുകളിലാണ് ആദ്യത്തേത്.
മറുവശത്ത്, പഞ്ചാബിലെ നംഗലിൽ നിലവിലുള്ള ഭക്ര അണക്കെട്ടിന് 13 കിലോമീറ്റർ താഴെയാണ് നംഗൽ അണക്കെട്ട്. അവ പലപ്പോഴും കൂട്ടായി പരാമർശിക്കപ്പെടുന്ന വ്യത്യസ്ത അണക്കെട്ടുകളാണ്. പതിവുപോലെ ഭക്ര നംഗൽ അണക്കെട്ട്, വെള്ളപ്പൊക്കം തടയാൻ മാത്രമല്ല, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി ഉൽപ്പാദിപ്പിക്കാനും കൂടാതെ ജലസേചനം നൽകി വിവിധ സംസ്ഥാനങ്ങളിലെ കർഷകരെ സഹായിക്കുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഏകദേശം 10 ദശലക്ഷത്തിലധികം ഏക്കർ വയലുകളിലെ ജലസേചനത്തിന് സഹായിക്കുന്നുണ്ടത്രേ! “ഉയിർത്തെഴുന്നേൽക്കുന്ന ഇന്ത്യയുടെ പ്രതീകമെന്ന്” എന്നാണ് ജവഹർലാൽ നെഹ്റു ഈ ഡാമിനെ വിശേഷിപ്പിച്ചിരുന്നത്.
ഭക്രാ അണക്കെട്ടിന്റെ നിർമ്മാണം 1948-ൽ തുടങ്ങി, ഒടുവിൽ 1963 ഒക്ടോബർ 22-ന് പൂർത്തിയായി.
ഭ(ക നങ്കൽ ഡാമിനെ പറ്റി വായിച്ചും അവിടെയുള്ളവരിൽ നിന്നു കിട്ടിയ അറിവുകളുമായിട്ടായിരുന്നു അങ്ങോട്ടേക്കുള്ള യാത്ര.
മുഴുവൻ സമയവും പോലീസ് സംരക്ഷണത്തിലാണ് ഈ സ്ഥലം. ഫോട്ടോ എടുക്കാൻ പാടില്ല എന്ന കർശന നിയമവുമുണ്ട്. സന്ദർശിക്കുന്നതിനായി മുൻപായി നമ്മുടെ idയുടെ നമ്പറും വാഹനത്തിന്റെയും മൊബൈൽ നമ്പറും എല്ലാം പോലീസ് എഴുതി എടുക്കുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും ടൂറിസം എന്ന നിലയിൽ വലിയ പ്രാധാന്യം കണ്ടില്ല. ആ വഴിയിൽ കൂടി യാത്ര ചെയ്യുമ്പോൾ ഡാം കാണാം എന്നു മാത്രം. അതുകൊണ്ടു തന്നെ മനസ്സിലുണ്ടാക്കി എടുത്ത ആ നല്ല ഇമേജുകളുമായി ചേർന്നു പോയില്ല കൂട്ടത്തിൽ ID – ചെക്ക് ചെയ്യുന്നതിനിടയിലെ ഉദ്യോഗസ്ഥരുടെ സംശയദൃഷ്ടിയോടെയുള്ള ചോദ്യങ്ങളും ശരിയായി തോന്നിയില്ല.
എന്തായാലും ഞങ്ങളുടെ ഇടുക്കി അണക്കെട്ടും ഒട്ടും മോശമല്ലാട്ടോ, അത് ഏഷ്യയിലെ ആദ്യത്തെ ‘ ആർച്ച് ഡാം ‘അണക്കെട്ടാണ്.
എന്റെ അച്ഛൻ അവിടുത്തെ( KSEB) ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ടു തന്നെ അച്ഛനിൽ നിന്നും കേട്ടറിഞ്ഞ വിവരങ്ങൾ അവരുമായി ഹിന്ദിയിൽ പങ്കു വെച്ചപ്പോൾ, അവർ മനസ്സിലാക്കിയത് ഞാനാണ് ഇടുക്കി ഡാം പണിതത് എന്നാണെന്ന് തോന്നുന്നു. ആകെയൊരു ബഹുമാനം.
ചില യാത്രകൾ അങ്ങനെയാണ് പ്രതീക്ഷകളുമായി ഒത്തുചേർന്നു പോകാൻ പ്രയാസമാണ്. അതുപോലൊരു യാത്രയായി ഭക്ര നഗൽ സന്ദർശനം എന്നാൽ ഗോവിന്ദ സാഗർ അതിനു നേരെ വിപരീതവുമായിരുന്നു. അല്ലെങ്കിലും
ഇത്തരം അനുഭവങ്ങളും യാത്രയുടെ ഒരു ഭാഗമാണല്ലോ?
Thanks
സൂപ്പർ വിവരണം
Thanks
സുന്ദരമായ വിവരണം
അച്ഛൻ്റെ പേരിൽ മകൾക്ക് ഗോൾ അടിക്കാൻ സാധിച്ചതിൽ അഭിമാനിക്കാം
അഭിനന്ദനങ്ങൾ മാഡം

ഹ… ഹ….. അതെ
…… Thanks
ഗോവിന്ദ് സാഗർ അണക്കെട്ടിനെ കുറിച്ച് ചെറിയ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മനോഹരമായ പതിവ് ശൈലിയിലുള്ള എഴുത്തിലൂടെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചതിൽ സന്തോഷം..
ഭക്രാനംഗൽ അണക്കെട്ടിനെ കുറിച്ച് ചെറുപ്പത്തിൽ പഠിച്ചതാണ്. പക്ഷേ ഒന്നുകൂടി ചിത്രങ്ങളും ദൃശ്യങ്ങളും മനസ്സിലേക്ക് കൊണ്ടുവരുവാൻ യാത്ര അവതരണം സഹായിച്ചു ഒരുപാട് സന്തോഷം
Thanks
നല്ല വിവരണം
Thanks
വളരെ മനോഹരവും വിജ്ഞാനപ്രദവുമായ വിവരണം. ചിത്രങ്ങൾ അതിമനോഹരം. നല്ലെഴുത്തിന് ആശംസകൾ, അഭിനന്ദനങ്ങൾ

.
കൂടുതൽ അറിവ് നൽകി. നന്നായിട്ടുണ്ട്
