‘’ബെസ്റ്റ് ഫ്രം വേസ്റ്റ്’ കൊണ്ടു ഉണ്ടാക്കിയ ശില്പങ്ങൾ എന്നു പറയുമ്പോൾ സാധാരണയായി ടൈലുകൾ, കണ്ണാടികൾ, പൊട്ടിയ വളകൾ, ട്യൂബ് ലൈറ്റ് കഷണങ്ങൾ, ഒക്കെയായിരിക്കും നമ്മുടെ മനസ്സിലേക്ക് ഓടി വരുക. എന്നാൽ അതിനിടയിൽ പൊട്ടിയ ടോയ്‌ലറ്റ് ഫിക്‌ചറുകൾ ഇലക്ട്രിക് സ്വിച്ചുകൾ അവയെല്ലാം കൂടി ഉപയോഗിച്ചു അലങ്കരിച്ച ടെറാക്കോട്ട പാത്രങ്ങൾ, അറകൾ, വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും മനുഷ്യരൂപങ്ങളുടെയും പ്രതിമകളെല്ലാം കാണുമ്പോൾ, അതും ഏകദേശം 5000 പ്രതിമകൾ ‘’’’’’! ഇതെല്ലാം കാണുമ്പോൾ കണ്ണ് ചുമ്മാ തള്ളി പോകാതെ എന്തു ചെയ്യും.ഛണ്ഡിഗഡിലെ വിനോദ സഞ്ചാര കേന്ദ്രമായ റോക്ക് ഗാർഡൻ സന്ദർശിച്ചപ്പോഴുള്ള അനുഭവമാണിത്.
40 ഏക്കറിൽ പരന്നു കിടക്കുന്ന ഈ പൂന്തോട്ടത്തിൽ ഇത്തരം പ്രതിമകൾക്ക് പുറമെ മനുഷ്യ നിർമ്മിത വെള്ളച്ചാട്ടവും ആംഫി തിയേറ്ററുകൾ, നടുമുറ്റങ്ങൾ, സങ്കീർണ്ണമായ പാതകൾ, അക്വേറിയം ഒക്കെ ഉണ്ട്. പക്ഷെ
ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിൽ നിന്ന് നിർമ്മിച്ച കലാരൂപങ്ങളും ശിൽപങ്ങളുടെ മുന്നിൽ ജീവനുള്ള പലതരത്തിലുള്ള മീനുകളുടെ ഗ്ലാമർ കുറഞ്ഞുവോ എന്ന് സംശയം.
ഈ പാർക്കിനകത്ത് ഒരു ഗ്രാമവും ഉണ്ട്.വർഷത്തിലെ വിവിധ മാസങ്ങളിൽ നിരവധി സാംസ്കാരിക പരിപാടികൾ ഇവിടെ നടക്കാറുണ്ടത്രേ!
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരങ്ങളിലൊന്നായ ഛണ്ഡിഗഡ് എന്ന സ്ഥലം രൂപകൽപ്പന ചെയ്യാൻ വർഷങ്ങളുടെ ആസൂത്രണവും ദശലക്ഷക്കണക്കിന് രൂപയും വേണ്ടിവന്നു, എന്നാൽ ചണ്ഡീഗഡിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണമായ റോക്ക് ഗാർഡൻ്റെ ചരിത്രം രസകരമാണ്.
നേക്ക് ചന്ദ് എന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ സൃഷ്ടിപരമായ ഭാവനയുടെയും അൻപത് വർഷത്തെ അധ്വാനത്തിൻ്റെയും ഫലമാണിത്.ചണ്ഡീഗഢ് ക്യാപിറ്റൽ പ്രോജക്ടിലെ എൻജിനീയറിങ് ഡിപ്പാർട്ട്‌മെൻ്റിൽ റോഡ് ഇൻസ്‌പെക്ടറായിരുന്നു നേക് ചന്ദ്, 1957-ൽ,
നഗര, വ്യാവസായിക മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമായി ഉപയോഗിച്ചിരുന്ന സ്ഥലത്ത് ചെന്ന് കുപ്പികൾ |പ്ലംബിംഗ് സാമഗ്രികൾ, തെരുവ് വിളക്കുകൾ …… എന്നിവയെല്ലാം ശേഖരിച്ച് അടുത്തുള്ള PWD (പൊതുമരാമത്ത് വകുപ്പ്) വെയർഹൗസിലേക്ക് കൊണ്ടുപോയി മനുഷ്യരെയും മൃഗങ്ങളെയും പോലെയുള്ള കലാരൂപങ്ങളാക്കി രൂപപ്പെടുത്തും.
നേക് ചന്ദിന് ഇതുപോലെ നിർമ്മിക്കാൻ അനുമതിയില്ല. അതുകാരണം പാർക്ക് പൊളിക്കാൻ അധികാരികൾ തയ്യാറായത്രേ!പക്ഷേ പൊതുജനങ്ങൾ ഇടപെട്ടു. 1976 ൽ പാർക്ക് ഒരു പൊതു ഇടമായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നേക് ചന്ദിന് ശമ്പളവും പദവിയും (“സബ് ഡിവിഷണൽ എഞ്ചിനീയർ, റോക്ക് ഗാർഡൻ”) 50 തൊഴിലാളികളെയും നൽകി, അങ്ങനെ അദ്ദേഹത്തിന് മുഴുവൻ സമയവും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചു.അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി, ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീക്ക് നേക് ചന്ദ് അർഹനായി. 1983-ൽ റോക്ക് ഗാർഡനും ഒരു ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടു. പാർക്ക് പൊളിക്കാൻ പോയ കാര്യങ്ങൾ അറിഞ്ഞപ്പോൾ നമ്മുടെ നിയമങ്ങൾ ഓർത്ത് മൂക്കത്ത് വിരൽ വെച്ചു പോയി ‘ എന്തു പറയാൻ’ അല്ലേ!
ഡോൾ മ്യൂസിയത്തിലാണെങ്കിൽ പാഴ് വസ്ത്രങ്ങൾ കൊണ്ട് നിർമ്മിച്ച ഒരാൾ വലുപ്പമുള്ള ഏകദേശം 200 ‘റാഗ് പാവകൾ’ ഉണ്ട്.മൊത്തത്തിൽഎല്ലാ പ്രായക്കാർക്കും സന്ദർശിക്കാൻ പറ്റിയ രസകരമായ ഒരു സ്ഥലം എന്നു പറയാം.മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്.
തിരക്കേറിയ നഗരത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന ശാന്തവും കാണികൾക്ക് അത്ഭുതവും സമ്മാനിക്കുന്ന ഒരു സ്ഥലമാണ്. റോക്ക് ഗാർഡൻ.ഇതുപോലെയൊരു സ്ഥലം മറ്റൊരിടത്തും കണ്ടിട്ടില്ലാത്തതു കൊണ്ട് ഒരു പാട് പുതുമകൾ സമ്മാനിച്ച സ്ഥലം.
ഈ എപ്പിസോഡ് കൂടി എൻ്റെ ഹിമാചൽ പ്രദേശം വിശേഷങ്ങൾ തീരുകയാണ്. വായനയിൽ എൻ്റെ കൂടെ കൂടിയ എല്ലാ കൂട്ടുകാർക്കും നന്ദി …. നമസ്കാരം
ഇനി അമേരിക്കയിലെ കാഴ്ചാവിശേഷങ്ങളുമായി അടുത്താഴ്ച കാണാം. വായനയും പ്രോത്സാഹനവുമായി കൂടെ കാണുമല്ലോ …. അല്ലേ?
Thanks




Rock garden ചിത്രം മനോഹരമായി വരച്ചുകാട്ടി
പതിവുപോലെ നല്ല അവതരണം
Thanks ❤️
ഞാൻ കുറച്ചു കൊല്ലങ്ങൾക്കു മുമ്പെ ഈ ഗാർഡനിൽ പോയിരുന്നു. അന്ന് ആ ശില്പിയെ നേരിട്ടു കാണുകയും സംവദിക്കുകയും ചെയ്തിരുന്നു.
👍
നല്ല അവതരണം 🌹
Thanks ❤️