സീൻ ഒന്ന്
നഗരമധ്യത്തിലെ ചെറിയ വീട്.
അരണ്ട വെളിച്ചമുള്ള രാത്രി.
ഞെട്ടിത്തരിച്ച പോലെ വെളിച്ചം
പരക്കുന്നു.
ഒരു മുറി ദൃശ്യമാകുന്നു.
അവിടെ ഒരു കൂട്ടം ചെറുപ്പക്കാർ.
ഉൻമാദികളെപ്പോലെ ഒരുവനുനേരെ
തിരിഞ്ഞ് മർദ്ദിക്കുന്നു.
അവൻ്റെ നിലവിളിക്കു മുകളിൽ,
ഇടി, തൊഴി, ആക്രോശങ്ങൾ.
സീൻ രണ്ട്.
വീർത്ത മുഖവുമായി ഒരു യുവാവ്
മർദ്ദനമേറ്റവൻ.
തറയിൽ നിന്നും
എഴുന്നേൽക്കാനാവാതെ,
നിരങ്ങുന്നു.
നിഷ്ക്കാസിതൻ്റെ ദയനീയ ഭാവം.
നിശ്വാസത്തിൻ്റെ വല്ലാത്ത ശബ്ദം.
വീടിൻ്റെ മുറ്റത്തേക്ക് തുറന്ന വാതിൽ.
സീൻ മൂന്ന്.
വീടിൻ്റെ ബാത്ത് റൂമിൻ്റെ വെൻ്റിലേറ്റർ.
അതിൻ്റെ സുതാര്യയിലേക്ക്
സൂര്യപ്രകാശം.
അതിലേക്ക് ഉറ്റുനോക്കുന്ന ഒരു
സംഘം.
അടക്കിപ്പിടിച്ച സംസാരം.
സീൻ നാല്.
വീടിൻ്റെ മുറ്റം.
ഒരു പോലീസ് വാഹനം കിടക്കുന്നു.
അകത്തെ മുറിയിൽ പോലീസ്
വേഷധാരികൾ.
ബാത്ത് റൂമിൻ്റെ കതക് പൊളിക്കുന്ന
ശബ്ദം.
സീൻ അഞ്ച്.
വീടിൻ്റെ അകത്തെ മുറി.
രണ്ട് പോലീസ് ഓഫീസർമാർ.
മൂന്ന് സാദാപോലീസുകാർ.
ഒരു പോലീസുകാരൻ എന്തോ
എഴുതിക്കൊണ്ടിരിക്കുന്നു.
സമീപം ഏതാനും യുവാക്കൾ
കൈകെട്ടി വിഷണ്ണരായി നിൽക്കുന്നു.
സീൻ ആറ്.
വീടിൻ്റെ മുറ്റം.
പോലീസ് വാഹനത്തിനരുകിൽ ഒരു
ആംബുലൻസ്.
വീടിൻ്റെ വാതിലിലൂടെ പോലീസ്
സംഘം പുറത്തേക്ക്.
കൂടെ ഒരു സ്ട്രച്ചറിൽ യുവാൻ്റെ
ശരീരവുമായ് ആറോളം യുവാക്കൾ.
സീൻ ഏഴ്.
യുവാവിൻ്റെ ശരീരം
ആംബുലൻസിലേക്ക്.
യുവാക്കളിൽ ചിലർ അതോടൊപ്പം
കയറി.
മറ്റു ചിലർ പോലീസ് വാഹനത്തിൽ.
രണ്ടു വാഹനങ്ങളും നീങ്ങുന്നു.
സീൻ എട്ട്.
പഴയൊരു വീട്.
ധാരാളം പേർ തടിച്ചുകൂടിയിരിക്കുന്നു.
മുറ്റത്ത് ഒരു കസേരയിൽ ഒരു
മധ്യവയസ്സൻ.
തേങ്ങലുകൾ അടങ്ങാതെ,
അയാളുടെ കണ്ണുകൾ നിറഞ്ഞ്,
കറുത്ത കബനീനദി ഒഴികിവരുന്നു.
സീൻ ഒമ്പത്.
പഴയ വീടിൻ്റെ അകത്തളം.
കട്ടിലിൽ ഒരമ്മ ഇരിക്കുന്നു.
പാറിപ്പറക്കുന്ന തലമുടി.
കലങ്ങിമറിയുന്ന ഹൃദയം, മുഖത്താകെ
ഉറഞ്ഞ കണ്ണുനീർ.
അവർക്കു ചുറ്റും നിസ്സഹായരായ
സ്ത്രീകളുടെ തേങ്ങലുകൾ.
സീൻ പത്ത്.
വീട്ടുമുറ്റത്ത് ഒരു ചിത കത്തിയമരുന്നു.
രാത്രി കനത്തുകനത്ത് ഇരുൾ
പെരുക്കുന്നു.
മധ്യവയസ്സൻ അതേ കസേരയിൽ.
ഒരു വലിയ സ്വപ്നം
കത്തിത്തീർന്നതിൻ്റെ ഭാവം.
സീൻ പതിനൊന്ന്.
റ്റി.വിയിൽ ചാനൽ ചർച്ചയുടെ ദൃശ്യം.
അതിൻ്റെ പ്രകാശത്തിൽ മധ്യവയസ്സൻ
തേങ്ങലൊടുങ്ങാതെ തെളിഞ്ഞു.
സീൻ പന്ത്രണ്ട്.
പ്രഭാതം.
നഗരത്തിരക്ക്.
കൊടികൾ, പോസ്റ്ററുകൾ.
ഒടുങ്ങിപ്പോയ എന്തിൻ്റെയോ ശൂന്യത.
യാത്രക്കാരുടെ മുഖങ്ങളുടെ
കാഴ്ചയിൽ,
കൂലംകുത്തിയൊഴുകുന്ന നിരാസം.
സീൻ പതിമൂന്ന്.
സന്ധ്യ.
ചുവരിലെ കീറിയ പോസ്റ്റർ ചിത്രം.
ആദരാഞ്ലികളുടെ മഞ്ഞത്തിളക്കം.
വൈദ്യതി മുടക്കം.
ഇരുട്ട്.
ശുഭം.
ഇന്നത്തെ അവസ്ഥ