Logo Below Image
Sunday, March 30, 2025
Logo Below Image
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം 37) 'പുതിയ വീഥികൾ' ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം 37) ‘പുതിയ വീഥികൾ’ ✍ സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

പുതിയ വീഥികൾ…

“മാഷ് ആകെ നനഞ്ഞല്ലോ…?
ഒരു കാര്യം ചെയ്യൂ…
സ്റ്റെപ്പ് ഇറങ്ങി താഴേക്ക് ചെല്ലു അവിടെ ഒരു മുറിയുണ്ട്.
അവിടുന്ന് ഡ്രസ്സ് മാറ്റൂ..”

കടയുടെ ഒരു വശത്തുകൂടെയുള്ള വഴി ചൂണ്ടിക്കാട്ടി വിജയൻ ചേട്ടൻ പറഞ്ഞു.
തടികൊണ്ടുള്ള പടികൾ ഇറങ്ങി താഴേക്ക് ചെല്ലുമ്പോൾ മുളകൾ കൊണ്ട് തീർത്ത ചുമരുകൾ ഉള്ള ഒരു മുറിയും അതിനോട് ചേർന്ന് അടുക്കളയും.!

കൊച്ചു മുറിയിൽ ഒരു കട്ടിലും ഒരു മേശയും മാത്രം . മുളകൊണ്ടുള്ള ചുമർ കാണാൻ നല്ല ഭംഗിയുണ്ട് . കട്ടിലും മുളകൊണ്ട് ഉണ്ടാക്കിയതാണ് . സദാനന്ദൻ മാഷ്
നനഞ്ഞ മുണ്ട് അഴിച്ചുവെച്ച് ബാഗിൽ നിന്നും ഒരു മുണ്ടെടുത്ത് ഉടുത്തു. അതിനുശേഷം മുകളിലേക്ക് വന്നു.

“ഒന്ന് ബാത്റൂമിൽ പോകണമല്ലോ ?എവിടെയാണ് ബാത്ത്റൂം?”

ഉത്തരം വിജയൻ ചേട്ടൻ ഒരു ചിരിയിൽ ഒതുക്കി.

” മൂത്രമൊഴിക്കാൻ ആണോ മാഷേ ?”

“ഉം……”

“ദാ ആ കാണുന്ന മരത്തിന്റെ പിന്നിൽ പോയ്ക്കോളൂ, ആരും കാണില്ല…”

സദാനന്ദൻ മാഷ് റോഡിലേക്ക് ഇറങ്ങിയതും ആലിൻ ചുവട്ടിന്റെ അടുത്തുള്ള വീട്ടിൽ നിന്നും രണ്ടു കണ്ണുകൾ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു .
നേരത്തെ തന്നെ കണ്ടു ചിരിച്ചവർ ആയിരിക്കണം…

“മാഷിന് എന്താ കുടിക്കാൻ വേണ്ടത് ?
കഞ്ഞിവെള്ളമോ..,?
അതോ നാരങ്ങാവെള്ളമോ ..?”

“എനിക്ക് പച്ചവെള്ളം മതി…”

“അയ്യോ മാഷേ ഇവിടുത്തെ പച്ചവെള്ളം കുടിക്കണ്ട. ഞങ്ങളാരും കുടിക്കാറില്ല…..”

“അതെന്താ ….?”

“അത് മാഷിന് വഴിയെ മനസ്സിലാകും….”

“എടീ മാഷിന് ഒരു ഗ്ലാസ് ചൂടുവെള്ളം കൊടുക്കൂ.”

വിജയൻ ചേട്ടൻ ഭാര്യയോട് പറഞ്ഞു.

“എവിടെയാണ് നാട്? ”

സദാനന്ദൻ മാഷ് സ്ഥലം പറഞ്ഞു.

“ഓ…! തെക്കനാണ് അല്ലേ..?
ഇവിടെ കോട്ടയം, പാലാക്കാർ ഒരുപാട് പേർ ഉണ്ട് …”

“ആണോ….?”

“വീട്ടിൽ ആരെല്ലാം ഉണ്ട്?”

സദാനന്ദൻ മാഷ് തന്നെക്കുറിച്ചും വീടിനെക്കുറിച്ചും ഒരു ലഘു വിവരണം നൽകി ..

“എൻ്റെ മക്കൾ ഈ സ്കൂളിലാണ് പഠിക്കുന്നത്.”

“ആണോ..?
ഏത് ക്ലാസ്സിലാ…?”

“അരുൺ നാലാം ക്ലാസിലും അനില രണ്ടാം ക്ലാസിലും..”

” ഓ, അത് ശരി. കുട്ടികൾ ഉച്ചയ്ക്ക് ഉണ്ണാൻ വരുമോ..”

“ഇല്ല, സ്കൂളിൽ നിന്നും കഞ്ഞിയും പയറും കഴിക്കും.”

“ഓ..ഞാനത് മറന്നു…”

“സ്കൂളിൽ എത്ര അധ്യാപകരുണ്ട്..?”

“എച്ച് .എം സരസ്വതി അമ്മ. പിന്നെ വിപിൻ മാഷ് , സജിമോൻ മാഷ്. അവർരണ്ടു പേരും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനം കിട്ടിയവരാണ്.”

“ആണോ..?”

“മാഷന്മാര് രണ്ട് പേരും നല്ലവരാണ്. അവർ വന്നിട്ട് രണ്ടാഴ്ചയെ ആയുള്ളൂ. പക്ഷേ , ഞങ്ങൾ നല്ല കമ്പനിയായി. അവർ താമസിക്കുന്നത് ആ കാണുന്ന കെട്ടിടത്തിലാണ്.”

തൊട്ടടുത്തുള്ള പഴയ ഓടിട്ട കെട്ടിടം ചൂണ്ടി വിജയൻ ചേട്ടൻ പറഞ്ഞു .

“ഇത്രയും അടുത്താണോ താമസം?”

” അതെ…”

“സമയം ഒരു മണി ആകാറായല്ലോ. ഞാൻ സ്കൂളിലേക്ക് ചെല്ലട്ടെ…”

“ശരി.. ”

“സ്കൂൾ ഇവിടെ അടുത്താണോ? ഏതു വഴിയാണ് പോകേണ്ടത്?”

“ദാ ഈ റോഡിലൂടെ നേരെ പോയാൽ മതി. സ്കൂളിന്റെ മുൻപിൽ വരെയേ റോഡ് ഉള്ളൂ.”

“ഓ അതു ശരി…”

“ബാഗ് ഇവിടെ വച്ചോളൂ ..”
.
“ശരി .. വൈകിട്ട് കാണാം..”

ബാഗ് മേശപ്പുറത്ത് വച്ച് സദാനന്ദൻ മാഷ് മെല്ലെ മണ്ണ് റോഡിലേക്ക് ഇറങ്ങി. ആലിൻ ചുവട്ടിലെ വീടിന്റെ വാതിൽ പടിയിൽ ഒരു തല കണ്ടു .തന്റെ നോട്ടം പതിഞ്ഞു എന്ന് മനസ്സിലായപ്പോൾ പെട്ടെന്ന് അവർ ഉൾവലിഞ്ഞു .ചുവന്ന ബ്ലൗസ് ധരിച്ച ഒരു സ്ത്രീയാണ്.

ആലിൻ ചുവട് കഴിഞ്ഞതും വലതുവശത്തായി കുറെ ഓലമേഞ്ഞ കുടിലുകൾ കാണാം . ചേർന്ന് ചേർന്ന് വീടുകൾ കണ്ടാൽ അറിയാം അതൊരു ഊര് ആണെന്ന്. വഴിയിൽ ആരെയും കാണാനില്ല . കുറച്ച് നടന്നതും കുട്ടികളുടെ ഇരമ്പൽ കേൾക്കാം . ദൂരെ പുഴയോരത്ത് ഒരു വലിയ ആൽമരം തലയുയർത്തി നിൽക്കുന്നു. ആൽമരത്തിന്റെ എതിർവശത്തായി സ്കൂൾ കെട്ടിടംകാണാം. ഒരു കോൺക്രീറ്റ് കെട്ടിടം.

പടികൾ കയറി മുറ്റത്തേക്ക് എത്തിയപ്പോൾ കോൺക്രീറ്റ് കെട്ടിടത്തിനോട് ചേർന്ന് തെങ്ങോല കൊണ്ട് മേഞ്ഞ ഒരു താൽക്കാലിക ഷെഡ് കാണാം. വാതിലുകൾ ഇല്ല. സൈഡിലായി അര പ്ലേസ് പോലെ തെങ്ങോല മറിച്ചിട്ടുണ്ട് . പക്ഷേ മഴ വന്നാൽ ചാറലടിച്ചു കയറാനുള്ള സാധ്യത കൂടുതലാണ്. ഓലമേഞ്ഞ കെട്ടിടത്തിൽ നാല് ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്.

സ്കൂളിന്റെ പടിഞ്ഞാറുവശം കുന്നിൻപുറമാണ്, ഒപ്പം നല്ല കാട് പിടിച്ച പ്രദേശം . കോൺക്രീറ്റ് കെട്ടിടത്തിന്റെ മുകളിലേക്ക് അടക്കം മുള്ളുകളുള്ള ഇഞ്ച ചെടി പടർന്നു കയറിയിരിക്കുന്നത് കാണാം.

പേരാലിന്റെ ഓരം ചേർന്നു ശിരുവാണിപ്പുഴ ശാന്തമായി ഒഴുകുന്നു . ചെറിയ പാറക്കല്ലുകളിൽ തട്ടി വെള്ളം പതഞ്ഞൊഴുകുന്ന കാഴ്ച ആരും നോക്കി നിന്നുപോകും..!

കുട്ടികൾ ഗ്രൗണ്ടിൽ ഓടിക്കളിക്കുന്നു. പുലിയന്നൂർ സ്കൂളിലെ കുട്ടികളെപ്പോലെ അല്ല എന്ന് ഒറ്റനോട്ടത്തിൽ അറിയാം.
രണ്ടുമൂന്ന് പെൺകുട്ടികൾ ഓടിവന്ന് കയ്യിൽ തൂങ്ങി .

“ങ്ങള് പുതിയ മാഷാണോ ..?”

“അതെ….”

“സുന്ദരിക്കുട്ടികളുടെ പേര് എന്താണ്..?

“ഞാൻ അനില. ഇത് ലക്ഷ്മി.
ചുരുണ്ട മുടിയും വട്ട മുഖവുമുള്ള ഒരു സുന്ദരിക്കുട്ടി ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു.”

“അനില എത്ര ക്ലാസ്സിലാണ് പഠിക്കുന്നത് …?”

“രണ്ടാം ക്ലാസിൽ ..”

“ചോറുണ്ടോ ?”

“ചോറല്ല, കഞ്ഞിയും പയറും .”

“ഓ അതു ശരി….
കഞ്ഞിയും പയറും കഴിച്ചോ? ”

അവർ തലയാട്ടി …

“ആരാണ് വിളമ്പിത്തന്നത് നിങ്ങളുടെ ടീച്ചർ ആണോ?”

“അല്ല ഒരു ചേച്ചിയാ …”

“അതെന്താ …?”

“ഞങ്ങൾക്ക് പുതിയ ടീച്ചർ വരുമെന്ന് എച്ചം ടീച്ചർ പറഞ്ഞു..”

“ആണോ?
ടീച്ചർ തന്നെ വേണോ?
ഞാൻ വന്നാലോ പഠിപ്പിക്കാൻ..?”

“മതി..”

“ശരി വരാട്ടോ…..”

“എവിടെയാണ് മോളെ ഓഫീസ്..?”

“ദാ അവിടെയാണ്…
ഞങ്ങൾ കൊണ്ടു വിടാം…”

സദാനന്ദൻ മാഷിന്റെ കൈപിടിച്ചുവലിച്ച് കുട്ടികൾ ഓഫീസ് മുറിയുടെ മുന്നിലെത്തിച്ചു.

( തുടരും…..)

സജി ടി. പാലക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments