തിരിഞ്ഞു നോക്കുമ്പോൾ…
എത്ര പെട്ടെന്നാണ് ഒരു സ്കൂൾ വർഷം കടന്നുപോയത് !
ആദ്യമായി ഈ വിദ്യാലയത്തിലേക്ക് വന്ന ദിവസം ഓർക്കുമ്പോൾ മനസ്സിൽ പേടി തോന്നുന്നു. കലിതുള്ളി കരകവിഞ്ഞ് ഒഴുകിയിരുന്ന ഭവനിപ്പുഴയുടെ രൗദ്രഭാവം എങ്ങനെ മറക്കാൻ!
വന്യജീവികളുടെ ആക്രമണം പ്രതീക്ഷിച്ചു കൊണ്ടായിരുന്നു നടത്തം….
കേരളത്തിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് തികച്ചും വേറിട്ട ഭൂപ്രകൃതിയാണ് അട്ടപ്പാടിയിലേത്. പണ്ടത്തെ കൊടുങ്കാട് ഇന്ന് മരുഭൂമിക്ക് സമം ആയിരിക്കുന്നു, ആദിവാസി ജനവിഭാഗങ്ങളുടെ മനസ്സു പോലെ….!
ഇവർക്ക് മാത്രം ഇപ്പോഴും ദുരിത പൂർണ്ണമായ ജീവിതം നയിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുമ്പോഴാണ് വഞ്ചനയുടെയും അഴിമതിയുടെയും കഥകൾ കേട്ട് നാം അന്തം വിട്ടിരുന്നു പോകുന്നത്..!
അട്ടപ്പാടിയിലെ ഗോത്രവർഗ്ഗക്കാർക്ക്
സ്നേഹിക്കാൻ മാത്രമേ അറിയൂ. അത് ചിലർ മുതലാക്കി എന്നുള്ളതാണ് വാസ്തവം….
പുറംലോകവുമായി കാര്യമായ ബന്ധം ഇല്ലാത്ത ഒരുപറ്റം മനുഷ്യരുടെ കഷ്ടപ്പാടും ദുരിതവും എന്ന് അവസാനിക്കും?
ഇവരുടെ ഭൂമി ഇവർക്ക് എന്നെങ്കിലും തിരിച്ചു കിട്ടുമോ?
സമൂഹത്തിന്റെ മുൻനിരയിലേക്ക് ഇവർക്ക് കടന്നുകയറി വരുവാൻ ഇനിയും എത്രനാൾ കാത്തിരിക്കണം…?
കാട്ടുകിഴങ്ങും കാട്ടുതേനും റാഗിയും, ചോളവും ഭക്ഷിച്ച് കഴിയുന്ന ഇവിടുത്തെ ജനങ്ങൾക്ക് ഇനിയും എത്രനാൾ കഴിയണം നല്ല പോഷക ഗുണങ്ങൾ ഉള്ള ഭക്ഷണപദാർത്ഥങ്ങൾ ലഭിക്കുവാൻ!
ഒരു നല്ല ആശുപത്രി ഈ മണ്ണിൽ ഉയർന്നു വരാൻ ഇനി എത്ര നാൾ കാത്തിരിക്കണം ..?
എല്ലാ ഊരുകളിലേക്കും നല്ല റോഡുകൾ ഉണ്ടാകാൻ എത്രനാൾ ഇവർ കാത്തിരിക്കണം..?
വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും സുരക്ഷ ലഭിക്കുന്ന വീടുകളിലേക്ക് മാറുവാൻ ഇവർ ഇനി എത്ര നാളുകൾ കാത്തിരിക്കണം ….?
“സാർ എന്താ പകൽക്കിനാവ് കാണുകയാണോ..?.”
“ആര് ലതയോ?
ഞാൻ വെറുതെ കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്തെടുക്കുകയായിരുന്നു. ഒരു വർഷം പോയത് അറിഞ്ഞില്ല.”
“സാർ നാളെ വാർഷിക പരീക്ഷ കഴിയും അല്ലേ?”
“ഉം…”
“നമ്മൾ തമ്മിൽ എന്നാണ് ഇനി കാണുക?”
“ഭൂമി ഉരുണ്ടതല്ലേ…? എവിടെയെങ്കിലും വച്ച് കാണാം. അതൊക്കെ പോട്ടെ,
ഞാനൊരു കാര്യം ചോദിച്ചാൽ താൻ സത്യം പറയുമോ ?”
“സാർ ചോദിക്കൂ..?”
” തനിക്ക് എന്നെ ഇഷ്ടമാണോ? ”
ചോദ്യം കേട്ടതും തന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി…
പിന്നീട് അവളുടെ കണ്ണുകളെ ദൂരേക്ക് പായിച്ചു….
“സാർ സത്യം പറഞ്ഞാൽ മറ്റുള്ളവരെക്കാൾ എന്തോ ഒരു പ്രത്യേകത ഞാൻ സാറിൽ കണ്ടു.”
“മനസ്സിലായില്ല ….”
“എത്രയോ സാറന്മാർ ഇവിടെ വന്നിരിക്കുന്നു. പക്ഷേ അവരോടൊന്നും ഞാൻ ഇത്ര അടുത്ത് പെരുമാറിയിട്ടില്ല. സാറിന്റെ പെരുമാറ്റം, സ്വഭാവം ,വിനയം, എന്തിനേറെ സാറിന്റെ ചിരി പോലും ആരും ഇഷ്ടപ്പെട്ടു പോകും. സ്വാഭാവികമായും ഞാനും ഇഷ്ടപ്പെട്ടുപോയി.
“എനിക്കും ലതയെ ഇഷ്ടമാണ്. പക്ഷേ, ആ ഇഷ്ടം ലത ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒന്നല്ല. തനിക്ക് അറിയാമല്ലോ, ഒരു ചെറിയ കുടുംബത്തിലെ വലിയ പ്രാരാബ്ധക്കാരനാണ് ഞാൻ . എന്നെ ആശ്രയിച്ചാണ് മാതാപിതാക്കളും നാല് പെങ്ങമ്മാരും ജീവിതം സ്വപ്നം കാണുന്നത്. എൻ്റെ മുന്നിലുള്ള ആദ്യത്തെ പരിഗണന അവർക്ക് സംരക്ഷണം ഒരുക്കുക എന്നതാണ്. ഇപ്പോഴത്തെ ജോലി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖാന്തരം ലഭിച്ചതാണല്ലോ ..?
പി .എസ് .സി ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. പി.എസ്.സി നിയമനം കിട്ടി, പെങ്ങന്മാരുടെ കല്യാണവും കഴിയുമ്പോഴേക്കും എൻ്റെ പ്രായം വളരെ മുന്നോട്ടു പോയിട്ടുണ്ടാവും..!
ഇതിനിടയിൽ എന്റെ ജീവിതത്തിന് എന്ത് പ്രസക്തി…..? ”
ലതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .സാരിത്തലപ്പുകൊണ്ട് മുഖം തുടച്ചുകൊണ്ട് അവൾ പെട്ടെന്ന് മുറ്റത്തേക്ക് ഇറങ്ങി .
“സാർ ഇപ്പോൾ വരാം …”
“ഉം..”
“എന്താണ് രണ്ടുപേരുംകൂടി കരച്ചിലും പിഴിച്ചിലും ..!”
സോമൻ മാഷ് അവിടേക്ക് വന്നു.
“രണ്ടുദിവസം കൂടി കഴിഞ്ഞാൽ സ്കൂൾ അടക്കുമല്ലോ..?
ലതയ്ക്ക് എന്നെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റണം.”
“അത് ശരിയാ മാഷേ. ആന കൊടുത്താലും ആശ കൊടുക്കരുത് , എന്നാണ് പഴഞ്ചൊല്ല്..”
“ഉം….”
“മാഷ് വളരെ സോഷ്യൽ ആയി പെരുമാറുന്നത് കൊണ്ട് ലത തെറ്റിദ്ധരിച്ചു കാണും….”
“അതേ…”
“മാഷേ നമ്മൾ ഇനി എന്നാണ് കാണുക…?
അടുത്ത വർഷവും ചിലപ്പോൾ അട്ടപ്പാടിയുടെ ഏതെങ്കിലും ഭാഗത്താകും പോസ്റ്റിങ്ങ് അല്ലേ ..?”
“അറിയില്ല ..”
“ഇൻറർവ്യൂ സമയത്ത് ഇവിടേക്ക് തന്നെ പോസ്റ്റിംഗ് തരാൻ പറയു .”
“തീർച്ചയായും അതിന് ശ്രമിക്കും. കാരണം ഇവിടെ എനിക്ക് നിങ്ങളെ എല്ലാവരെയും അത്രയ്ക്ക് ഇഷ്ടപ്പെട്ടു. ”
“ഞങ്ങളെ മാത്രം….?”
ചിരിച്ചുകൊണ്ട് സോമൻ മാഷ് ചോദിച്ചു.
പകരം ഒരു ചിരി സദാനന്ദൻ മാഷും സമ്മാനിച്ചു.
“രാജു മാഷിന്റെ കത്ത് ഉണ്ടായിരുന്നോ?
നല്ല സ്കൂൾ ആണോ..?”
“അതു പറയാൻ മറന്നു…
സാർ പോയതിൽ പിന്നെ ഒരു കത്ത് അയച്ചിരുന്നു. ടൗണിൽ നിന്നും നാലു കിലോമീറ്റർ ദൂരമേ ഉള്ളൂ . നല്ല നാടാണ് , നാട്ടുകാരും. നൂറോളം കുട്ടികൾ പഠിക്കുന്ന ഒരു കൊച്ചു വിദ്യാലയം! ”
” ഓ അത് ശരി . സാറിന്റെ അസുഖം മാറിയോ?
അവിടെ പാർത്തീനിയം ചെടി ഇല്ലല്ലോ….?”
“ഉവ്വ്… സുഖമായിരിക്കുന്നു…”
“അടുത്ത വർഷവും ഞങ്ങൾ ഇവിടെ തന്നെ ആണല്ലോ ..? അട്ടപ്പാടിയിൽ എവിടെയെങ്കിലും ആണ് മാഷിന് പോസ്റ്റിങ്ങ് കിട്ടുന്നതെങ്കിൽ ഇടയ്ക്ക് ഇവിടേക്ക് വരണം കേട്ടോ.
സമയം കിട്ടുമ്പോൾ കത്തയക്കണം.
ഏത് സ്കൂളിൽ പോസ്റ്റിംഗ് കിട്ടിയാലും വിശേഷങ്ങൾ പങ്കുവയ്ക്കണം. ”
“തീർച്ചയായും…”
വരണ്ട കാറ്റ് വീശി അടിച്ചപ്പോൾ പൊടി പടലം കൊണ്ട് സ്കൂളും പരിസരവും മറഞ്ഞു.
നല്ല വിവരണം
അവതരണം മനോഹരം