അധ്യാപക ജീവിതത്തിനിടയിൽ, സ്കൂളിലെ, ക്ലാസ്സിലെ നിരവധി ഓർമ്മകൾ മനസ്സിലേയ്ക്ക് ഓടി എത്തുന്നുണ്ട്. മനസ്സിന്റെ പൊത്തിൽ മുട്ടയിട്ടിരിക്കുന്ന ചില ഓർമകൾ എത്ര കാലം കഴിഞ്ഞാലും മറക്കാൻ ആവില്ല ല്ലോ..?
എൻ്റെ ആദ്യ സ്കൂളിലെ ഒരു അനുഭവം മലയാളി മനസ്സ് സൗഹൃദങ്ങളുടെ ഇടയിൽ പങ്ക് വെയ്ക്കാം.
1985 ജൂലൈ 27 സമയം രാവിലെ 9 മണി. മലപ്പുറം ജില്ലയിലെ മഞ്ചേരി അടുത്ത് നെല്ലിക്കുത്ത് ഹൈസ്കൂളിന്റെ ചുറ്റുമതിൽ ഇല്ലാത്ത കോമ്പൗണ്ടിലേക്ക് ഞാൻ കയറി. മുറ്റത്ത് ഒരു വലിയ മാവ് . അതിൻന്റെ ചുവട്ടിൽ കുറെ കുട്ടികൾ ഓടിക്കളിക്കുന്നുണ്ട് . ദേഹത്ത് രഹസ്യമായി തഴുകി കാറ്റ് കടന്നു പോയി. കുട്ടികൾ എനിക്ക് ഓഫീസ് മുറി കാണിച്ചു തന്നു. അധ്യാപക പരിശീലനം കഴിഞ്ഞ് ആദ്യത്തെ പോസ്റ്റിങ്ങ് ആണ് . പ്രധാന അധ്യാപിക സാവിത്രി ടീച്ചറെ മാത്രം മുൻ പരിചയം ഉണ്ട്.
രജിസ്റ്ററിൽ ഒപ്പ് വച്ചു. “മാഷിനെ 5 .ഡി ക്ലാസ് കാണിച്ചുകൊടുക്കു.”എച്.എം പ്യൂണിനോട് പറഞ്ഞു.
നേരെ 5 ഡി ക്ലാസ്സിൽ എത്തി.
ആദ്യം പരിചയപ്പെടൽ. പിന്നെ ഒരു കവിത ചൊല്ലി കുട്ടികളെ കയ്യിലെടുത്തു. ഒരു വലിയ സൗഹൃദത്തിന്റെ തുടക്കം കൂടി ആയിരുന്നു അത്. ഓരോ ദിവസം ചെല്ലുന്തോറും സ്വന്തം മക്കളെപ്പോലെ അല്ലെങ്കിൽ വീട്ടിലെ അംഗങ്ങളെ പോലെ ആയി കുട്ടികൾ മാറി. പത്ത് വയസ്സ് കാരന് സ്കൂൾ എന്ന് പറഞ്ഞാൽ എണ്ണമറ്റ അത്ഭുത ദൃശ്യങ്ങളുടെ പ്രദർശന ശാലകൾ ആണല്ലോ! സ്കൂളിൽ
എന്നും രാവിലെ എത്തുമ്പോഴേക്കും കയ്യിൽ തൂങ്ങി ക്ലാസിലേക്ക് ആനയിക്കാൻ കുട്ടികളുടെ മത്സരം ആയിരുന്നു.
ദിവസങ്ങൾ മാസങ്ങൾക്ക് വഴി മാറി. അവസാനം മാർച്ച് മാസത്തെ അവസാന പ്രവൃർത്തി ദിവസം എത്തി. ഇതുവരെ പറഞ്ഞതും പറയാത്തതും ആയ ഒട്ടേറെ കാര്യങ്ങൾ അവർ പറഞ്ഞു. അവസാനം ഇബ്രാഹിം എന്ന കുട്ടി മുന്നിലേക്ക് വന്നു. എന്നോട് കുനിയാൻ പറഞ്ഞു. ഞാൻ കുനിഞ്ഞു. പച്ചനിറത്തിലുള്ള പ്യാരി മിഠായി കൊണ്ട് കോർത്ത ഒരു വലിയ മാല എൻ്റെ കഴുത്തിൽ അണിഞ്ഞു.
ബെൽ മുഴങ്ങി ശോകമൂകമായ അന്തരീക്ഷത്തിൽ ഞാൻ പുറത്തേക്കിറങ്ങി.
ഏതാണ്ട് 15 മിനിറ്റ് കഴിഞ്ഞ് ഒരു പ്യൂൺ എൻറെ അടുത്തേക്ക് വന്നു. എന്നോട് അഞ്ച് ഡി ക്ലാസ്സിലേക്ക് ചെല്ലാൻ പറഞ്ഞു. “ആ ഡ്രിൽ ടീച്ചർക്ക് എന്തോ പറയാനുണ്ട്.”
ഞാൻ ക്ലാസിനു മുന്നിൽ എത്തിയപ്പോൾ ഡ്രിൽ ടീച്ചർ പുറത്തേക്ക് വന്നു. “മാഷേ കുട്ടികളെല്ലാവരും ബെഞ്ചില് കമിഴ്ന്നു കിടക്കുകയാണല്ലോ ?ഞാൻ എത്ര വിളിച്ചിട്ടും അവർ എഴുന്നേൽക്കുന്നില്ല. പുറത്തേക്ക് വരുന്നുമില്ല. എന്താണ് ഉണ്ടായത്? ”
ഞാൻ പതുക്കെ ക്ലാസിലേക്ക് കയറി. ‘മക്കളെ’ എന്ന് വിളിച്ചതും എല്ലാവരും എഴുന്നേറ്റു പക്ഷേ, അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുകയായിരുന്നു. എല്ലാവരുടെയും കണ്ണ് കലങ്ങി ഇരിക്കുന്നു “മാഷേ, മാഷ് പോകണ്ട”..
കുട്ടികൾ ഏക സ്വരത്തിൽ വിളിച്ചുപറഞ്ഞതു കേട്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു.
1985 മുതൽ 2018 വരെ പന്ത്രണ്ട് സ്കൂളുകളിൽ അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ചിട്ടുമുണ്ട്. പക്ഷേ ഇന്നും നെല്ലിക്കുത്ത് ഹൈസ്കൂളിലെ 5ഡി ക്ലാസിലെ അവസാന ദിവസവും , പ്യാരി മിഠായി കോർത്ത മാലയും എൻ്റെ ഓർമ്മയിൽ ഉണ്ട് , മങ്ങാതെ….