Tuesday, May 21, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

* ഇസ്രയേലിന്റെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ. 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളതാണു ഡ്രോണുകൾ. കഴിഞ്ഞ ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ രണ്ടു മണിയോടെ നടത്തിയ ഡ്രോൺ ആക്രമണം ഇസ്രയേലും സ്ഥിരീകരിച്ചു. ഇവ ഇസ്രയേലിലെത്താൻ മണിക്കൂറുകളെടുക്കുമെന്നും അതിനെ നേരിടുമെന്നും ഇസ്രയേൽ അറിയിച്ചു. ഇസ്രയേലും ജോർദാനും ഇറാഖും വ്യോമമേഖല അടച്ചു. ഇറാനിൽനിന്നുള്ള ആക്രമണത്തെ നേരിടാൻ എല്ലാ പിന്തുണയും ഇസ്രയേലിനു നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. അതേസമയം ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തു. 2 മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ജീവനക്കാരായുള്ള എംഎസ്‌സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്. ഈ മാസം ഒന്നിന് ഡമാസ്കസിലെ കോൺസുലേറ്റിനു നേരെയുണ്ടായ മിസൈലാക്രമണത്തിൽ ഇറാന്റെ 2 മുതിർന്ന ജനറൽമാർ അടക്കം 7 സേനാംഗങ്ങളാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇസ്രയേലിനെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. ഹെലികോപ്റ്ററുകളിൽനിന്നു കയറിൽ തൂങ്ങിയിറങ്ങി കപ്പലിന്റെ ഡെക്കിൽ നിരത്തിവച്ച കണ്ടെയ്നറുകളുടെ മുകളിൽ നിലയുറപ്പിക്കുന്ന ഇറാൻ കമാൻഡോകളുടെ വിഡിയോ പുറത്തുവന്നു. എംഎസ്‌സി ഏരീസ് കപ്പലിന് ഇസ്രയേൽ ബന്ധമുണ്ട് എന്നുമാത്രമാണ് ഇറാൻ ഈ സംഭവത്തെക്കുറിച്ചു പറഞ്ഞത്. കടൽക്കൊള്ളക്കാരെപ്പോലെയാണ് ഇറാന്റെ പ്രവൃത്തിയെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതികരിച്ചു. ഇറാൻ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘമായി പ്രഖ്യാപിച്ച് ഉപരോധം ഏ‍ർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
6 മാസം പിന്നിട്ട ഗാസ യുദ്ധം ഉയർത്തിയ സംഘർഷാവസ്ഥ മധ്യപൂർവദേശമാകെ കത്തിപ്പട‌രുമെന്ന ആശങ്ക വർധിപ്പിച്ചാണു ഇറാന്റെ നേരിട്ടുള്ള ഇടപെടൽ. ഗാസ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിനെതിരെ രംഗത്തുള്ള ലബനനിലെ ഹിസ്ബുല്ലയ്ക്കും യെമനിലെ ഹൂതികൾക്കും ഇറാൻ പിന്തുണയുണ്ട്.
ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനു പ്രത്യക്ഷപ്രതികാരമായി ഇറാൻ ഇസ്രയേലിനെതിരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതു വലിയ പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുമെന്നു വിലയിരുത്തൽ. ആക്രമണം ലക്ഷ്യം കണ്ടെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിനു അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നാണു മുന്നറിയിപ്പ്. ഇസ്രയേലിനു നേരെയുള്ള ആക്രമണത്തിനു പിന്നാലെ ഇറാൻ നഗരങ്ങളിൽ വലിയതോതിലുള്ള സന്തോഷ പ്രകടനങ്ങളാണു നടക്കുന്നത്. ഇതാദ്യമായാണ് ഇറാൻ പരമാധികാര ഇറാനിയൻ മണ്ണിൽനിന്ന് ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്നതെന്നു മുൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞു.
ഇറാനില്‍നിന്നും സഖ്യ രാജ്യങ്ങളില്‍നിന്നുമാണ് ഡ്രോണുകൾ തൊടുത്തത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ ഇതിനോടകം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയാറെന്നായിരുന്നു പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ആക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെ എല്ലാ സ്‌കൂളുകളും അടച്ചു. രാജ്യമെങ്ങും യുദ്ധ ഭീതിയാണു നിലനില്‍ക്കുന്നത്. ജോർദാനും ഇറാഖും ലബനോനും വ്യോമ മേഖല അടച്ചു. ഇസ്രയേല്‍ വ്യേമമേഖലയും വിമാനത്താവളവും അടച്ചു. അതേസമയം, സ്ഥിതി വിലയിരുത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.

* ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ചാണ് ആക്രമണം അവസാനിപ്പിച്ചെന്ന് ഇബ്രാഹിം റെയ്സി വ്യക്തമാക്കിയത്. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും ഇക്കാര്യത്തിൽ ഇറാൻ സൈന്യത്തെ പ്രശംസിക്കുന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് ഇസ്രയേലിന്‍റെ സൈനിക താവളങ്ങളായിരുന്നു. ദേശീയ സുരക്ഷയ്ക്ക് സമാധാനവും സ്ഥിരതയും മേഖലയിൽ അത്യന്താപേക്ഷിതമാണ്. സ്ഥിരതയും സമാധാനവും പുനരുജ്ജീവിപ്പിക്കാൻ ഏതു ശ്രമവും നടത്താൻ മടിക്കില്ലെന്നും റെയ്സി പറഞ്ഞു.

ഇബ്രാഹിം റെയ്സിയുടെ പ്രതികരണത്തിനു പിന്നാലെ പ്രസിഡന്‍റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക നീക്കം അവസാനിപ്പിച്ചതായി വ്യക്തമാക്കി. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്‌ചപ്പാടിൽ അവസാനിച്ചു. ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രം മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രയേലിനു നേരെ ഇറാൻ ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്‍റെ ആക്രമണത്തോട് ഇസ്രയേല്‍ പ്രതികരിച്ചത്. അതേസമയം, ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിയെന്ന് എയർ ഇന്ത്യ അറിയിച്ചു. ഡൽഹിയിൽ നിന്നും ടെൽ അവീവിലേക്ക് ആഴ്ചയിൽ 4 വിമാന സർവീസുകളാണുള്ളത്. ടെൽ അവീവ്, എർബിൽ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചു. എമിറേറ്റ്സ് എയർലൈൻസും ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

* ഒമാനിൽ കനത്ത മഴ. മലയാളി ഉൾപ്പെടെ 12 പേര്‍ മരണപ്പെട്ടു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷർക്കിയിൽ മതിൽ ഇടിഞ്ഞുവീണാണ് സുനിൽ മരിച്ചത്. മരിച്ചവരിൽ ഒൻപതു പേരും കുട്ടികളാണ്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ജനജീവിതം താറുമാറായി. മെട്രോ/ബസ് സ്റ്റേഷനുകളിലും വിമാനത്താവള റൺവേയിലും വെള്ളം കയറിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിൽ മഴവെള്ളപ്പാച്ചിലിൽ റോഡുകൾ ഒഴുകിപ്പോയി. ദുബായ് വിമാനത്താവളത്തിൽ 47 വിമാനങ്ങൾ റദ്ദാക്കി. 3 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ശക്തമായ മഴയും കൊടുങ്കാറ്റും തുടർന്നതോടെ വിമാനത്താവള പ്രവർത്തനം അര മണിക്കൂറോളം നിർത്തിവച്ചു. ദുബായിലും അബുദാബിയിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ രാവിലെയോടെ ശക്തമായി. മണിക്കൂറുകളോളം ശക്തമായി പെയ്ത മഴയിൽ റോഡുകൾ വെള്ളത്തിലായി.

* ഒരു ദിവസത്തെ മഴയ്ക്കു ശേഷം യുഎഇയിൽ മാനം തെളിഞ്ഞെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഒരു സ്വദേശിക്കു ജീവൻ നഷ്ടപ്പെട്ടു. ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു. ഒമാനിൽ ഒരു മലയാളി അടക്കം 18 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 10 പേർ സ്കൂൾ കുട്ടികളാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. ഒരു വർഷം പെയ്യേണ്ട മഴയാണ് ചൊവ്വാഴ്ച മാത്രം യുഎഇയിൽ പെയ്തിറങ്ങിയത്: 24 മണിക്കൂറിൽ 254 മില്ലിമീറ്റർ. 75 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ മഴ. 200 മില്ലിമീറ്ററാണ് ഒരു വർഷം സാധാരണ ലഭിക്കാറുള്ളത്. പതിനായിരക്കണക്കിനു വാഹനങ്ങൾ വെള്ളം കയറി നശിച്ചു. റോഡുകളിലെ വെള്ളക്കെട്ട് മാറാത്തതിനാൽ ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോമും സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസുകളും അനുവദിച്ചു. എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ബസ് സർവീസ് പൂർണമായി നിർത്തിവച്ചു. മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില ഫാമുകൾ വെള്ളത്തിലായി. ആയിരക്കണക്കിനു വളർത്തുമൃഗങ്ങൾക്കു ജീവൻ നഷ്ടപ്പെട്ടു. റോഡിലെ വെള്ളക്കെട്ടു നീക്കാൻ വലിയ പമ്പുകൾ ഉപയോഗിച്ചു വെള്ളം ടാങ്കറുകളിൽ ശേഖരിച്ചു മറ്റു സ്ഥലങ്ങളിലേക്കു മാറ്റുന്നത് 24 മണിക്കൂറും തുടരുന്നു. പെയ്ത്തുവെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യം ഗൾഫ് രാജ്യങ്ങളിൽ കുറവാണ്. സമുദ്രനിരപ്പിനോടു ചേർന്നു കിടക്കുന്നതിനാൽ വലിയ ആഴത്തിൽ വെള്ളം ഒഴുക്കി വിടാൻ സാധിക്കില്ല. ഇത്തവണ മരുഭൂമിയിലെ ഉയർന്ന പ്രദേശങ്ങൾ പോലും വെള്ളത്തിലായത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. ന്യൂനമർദമാണ് ഗൾഫ് മേഖലയിലെ കനത്ത മഴയ്ക്കു കാരണം. അസ്ഥിര കാലാവസ്ഥയ്ക്കു കാരണമാകുന്ന 2 തരംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ടു. ഈ മേഘങ്ങളെ പെയ്യിക്കാൻ ‘ക്ലൗഡ് സിഡിങ്ങും’ നടന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ന്യൂനമർദം മൂലം മഴയുടെ അളവു വർധിക്കുമെന്നു സർക്കാർ മുന്നറിയിപ്പുണ്ടായിരുന്നു. കടുത്ത ചൂടിൽ മരുഭൂമിയിലെ സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും വെള്ളം നൽകുക, ഭൂഗർഭജലം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൃത്രിമ മഴയെ (ക്ലൗഡ് സീഡിങ്) യുഎഇ ആശ്രയിച്ചു തുടങ്ങിയത്. പെയ്യാതെ പോകുന്ന മേഘങ്ങൾക്കു മേൽ രാസവസ്തു വിതറി ഘനീഭവിപ്പിച്ചു മഴയാക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. അനുയോജ്യമായ മേഘപാളികളിൽ, അന്തരീക്ഷത്തിൽനിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന രാസവസ്തുക്കളും ഉപ്പും ചേർത്ത മിശ്രിതം വിമാനങ്ങളിലെത്തിച്ച് വിതറുകയാണു ചെയ്യുക. ഈ മിശ്രിതം മേഘത്തിലെ ജലകണികകളെ ഘനീഭവിപ്പിക്കുമ്പോൾ മഴയായി പെയ്യും.

* ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള പള്ളിയിൽ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ്. അസ്സിറിയൻ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ബിഷപ്പിനെയും അച്ചനെയും പള്ളിയിൽ എത്തിയവരെയും ആക്രമിച്ച സംഭവത്തിൽ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിച്ചയാൾക്കും നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും ഭീകരാക്രമണമാണെന്ന് വ്യക്തമാണെന്നും പൊലീസ് അറിയിച്ചു. പരുക്കേറ്റത് ഫാ. ഐസക് റോയെൽ, ബിഷപ് മാർ മാരി ഇമ്മാനുവൽ എന്നിവർക്കാണെന്ന് പള്ളി അധികാരികൾ വെളിപ്പെടുത്തി. പള്ളിയിലെ ആരാധന ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു. അക്രമം അതിനിടയിൽ ആയിരുന്നതിനാൽ നിരവധിയാളുകൾ തൽസമയം ഇതു കാണുകയും ചെയ്തു. ബിഷപ്പിനു കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയ പതിനാറുകാരനെ വിശ്വാസികൾ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. നിയമവിരുദ്ധ ആയുധം കൈവശം വച്ചതിനുൾപ്പെടെ പലതവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾ ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പള്ളിയിൽ തടിച്ചുകൂടിയ ജനം പൊലീസിനു നേരെ കല്ലെറിഞ്ഞു. പൊലീസുകാർ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരുക്കേറ്റു.

* ഗാസയിൽ പൊലീസ് വാഹനം തകർത്ത് ഇസ്രയേൽ. 8 മരണം. ഭക്ഷണവിതരണത്തിനു സുരക്ഷയൊരുക്കിയിരുന്ന പൊലീസ് വാഹനത്തിനു നേരെയാണ് ഇസ്രയേൽ അക്രമം നടത്തിയത്. വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിൽ ഇസ്രയേൽ കുടിയേറ്റക്കാർ നടത്തുന്ന അക്രമത്തിന് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇതേസമയം, തെക്കൻ ലെബനനിലെ അയ്‍ൻ ബാലിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ ഇസ്മായിൽ യൂസഫ് ബാസിനെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലിനെതിരെ റോക്കറ്റ്, മിസൈൽ ആക്രമണങ്ങൾക്കു നേതൃത്വം നൽകിയിരുന്നത് ബാസ് ആയിരുന്നു.

* സമൂഹമാധ്യമമായ ‘എക്സ്’ (ട്വിറ്റർ) നിരോധിച്ച് പാക്കിസ്ഥാൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണു താൽക്കാലിക നിരോധനമെന്നു പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എക്സിനു നിരോധനമുള്ളതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പാക്കിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്. ഫെബ്രുവരി പകുതി മുതലേ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നു പാക്കിസ്ഥാനിലെ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിരുന്നില്ല. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ്, എക്സിന്റെ നിരോധനത്തെപ്പറ്റി സർക്കാർ വെളിപ്പെടുത്തിയത്.

‘‘പാക്ക് സർക്കാരിന്റെ നിയമങ്ങൾ പാലിക്കുന്നതിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തടയുന്നതിലും പരാജയപ്പെട്ടതിനാൽ എക്സിനെ നിരോധിക്കാൻ നിർബന്ധിതമായി’’ എന്നാണു സത്യവാങ്മൂലത്തിൽ ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഫെബ്രുവരി 17 മുതൽ എക്സ് ലഭ്യമായിരുന്നില്ലെന്നു പാക്ക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.

* നെതർലൻഡ്സിലെ കിരീടാവകാശിയായ അമേലിയ രാജകുമാരി സുരക്ഷാ ഭീഷണിയെ തുടർന്ന് ഒരു വർഷത്തോളം സ്പെയിനിൽ തങ്ങിയതായി വെളിപ്പെടുത്തൽ. ബുധനാഴ്ച സ്പാനിഷ് രാജാവ് ഫിലിപ് ആറാമനും രാജ്ഞിയും നെതർലൻഡ്സിൽ ഔദ്യോഗിക സന്ദർശനം നടത്താനിരിക്കെയാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇവരുടെ സന്ദർശന വേളയിലാണ് അമേലിയ രാജകുമാരി ഒരു രാജകീയ ചടങ്ങിൽ ആദ്യമായി ഔദ്യോഗികമായി പങ്കെടുക്കുന്നത്.

ഇതിനിടെയാണ്, സുരക്ഷാ ഭീഷണിയെ തുടർന്ന് ഒരു വർഷത്തോളം അമേലിയ സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിൽ ജീവിച്ചിരുന്നതായി റിപ്പോർട്ടുകൾ വരുന്നത്. 2022 ഒക്ടോബറിൽ പഠനത്തിന്റെ ഭാഗമായി രാജകുമാരി ആംസ്റ്റർഡാം സർവകലാശാലയിൽ ചേർന്നിരുന്നു. മറ്റു വിദ്യാർഥികൾക്കൊപ്പം സാധാരണക്കാരിയായി ജീവിച്ച് പഠിക്കാനായിരുന്നു തീരുമാനമെങ്കിലും ആളുകൾ ഇവരെ തിരിച്ചറിഞ്ഞതോടെ തിരികെ ഹേഗിലെ കൊട്ടാരത്തിലേക്കു മടങ്ങി.

ഇതിനിടെയാണ് അമേലിയ രാജകുമാരിക്കും ഡച്ച് പ്രധാനമന്ത്രി മാർക് റുട്ടിനും കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. രാജ്യത്തെ ചില കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുടെ സംഭാഷണങ്ങളിൽ ഇവരുടെ പേര് ചർച്ചയായതായി ഇന്റലിജൻസ് റിപ്പോർട്ട് വന്നതോടെ രാജകുമാരി സ്പെയിനിലേക്കു പോയി. അവിടെ ഒരു വർഷത്തോളം ജീവിച്ചതായാണ് വിവരം. അതേസമയം, എപ്പോഴാണ് ഇവർ സ്പെയിനിൽ ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല.

* ആഗോളതാപനില കുത്തനെ കൂട്ടി ലോകത്തെ പൊള്ളിച്ചതി‍നു കാരണമായ എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതായി ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രം തണുത്തു. പസിഫിക്കിന്റെ ഉപരിതലം ചൂടുപിടിപ്പിച്ച് കഴിഞ്ഞ ജൂണിലായിരുന്നു എൽ നിനോയുടെ തുടക്കം. ഡിസംബറിൽ താപനില ഏറ്റവും ഉയർന്ന നിലയിലെത്തി. ലോകമാകെ കാലാവസ്ഥ തകിടംമറിച്ച എൽ നിനോ പിൻവാങ്ങുന്നതോടെ ഇനിയെന്തെന്ന ആശങ്കയുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ തോതും സ്വഭാവവും മനസ്സിലാക്കാൻ ഇനിയുള്ള മാസങ്ങൾ ചൂണ്ടുപലകയാകും. എൽ നിനോയ്ക്ക് നേർവിപരീതമായി പസിഫിക്കിനെ തണുപ്പിക്കുന്ന ‘ലാ നിന’ ജൂൺ– ഓഗസ്റ്റ് കാലത്തു രൂപപ്പെടാൻ 60% സാധ്യതയുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞർ ഈയിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ, കാലാവസ്ഥയെ ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ അവ്യക്തയുണ്ടെന്ന് ഓസ്ട്രേലിയൻ ശാസ്ത്രസംഘം പറയുന്നു.

* മ്യാൻമറിൽ ജയിലിൽ കഴിയുന്ന ജനാധിപത്യ പ്രക്ഷോഭ നായികയും മുൻ പ്രധാനമന്ത്രിയുമായ ഓങ് സാൻ സൂ ചിയെ വീട്ടുതടങ്കലിലേക്കു മാറ്റി. രാജ്യമെങ്ങും ഉഷ്ണതരംഗം ആഞ്ഞടിക്കുന്നതിനാലാണ് 78കാരിയും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുമുള്ള സൂ ചിയെ വീട്ടുതടങ്കലിലേക്കു മാറ്റിയത്. സൂ ചിക്കൊപ്പം അറസ്റ്റിലായ മുൻ പ്രസിഡന്റ് വിൻ മിന്റിനെയും വീട്ടുതടങ്കലിലേക്കു മാറ്റിയിട്ടുണ്ട്. കൂടാതെ 28 വിദേശികൾ ഉൾപ്പെടെ 3303 തടവുകാർക്ക് പുതുവർഷാഘോഷത്തിന്റെ ഭാഗമായി ശിക്ഷയിളവു നൽകി വിട്ടയയ്ക്കുകയും ചെയ്തു. 2021 ഫെബ്രുവരിയിൽ പട്ടാള അട്ടിമറിയെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട് അറസ്റ്റിലായ സൂ ചിക്ക് വിവിധ കേസുകളിലായി 27 വർഷം ജയിൽശിക്ഷ നൽകിയിട്ടുണ്ട്. ലോകമെങ്ങുമുള്ള മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടും ശിക്ഷയിൽ തെല്ലും ഇളവു നൽകില്ല. തായ്‍ലൻഡ് അതിർത്തിയിലെ മ്യാവഡിയിൽ ഗോത്രവർഗ പ്രക്ഷോഭകർ മുന്നേറുന്ന സാഹചര്യത്തിലാണ് പട്ടാള ഭരണകൂടം അയയുന്നത്.

* ഗാസയുടെ വേദന പകർത്തിയ റോയിട്ടേഴ്സ് ഫൊട്ടോഗ്രഫർ മുഹമ്മദ് സലേമിന് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള വേൾഡ് പ്രസ് ഫോട്ടോ അവാർഡ്. ബന്ധുവായ 5 വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം മടിയിൽവച്ചു വിങ്ങിപ്പൊട്ടുന്ന പലസ്തീൻ വനിതയുടെ ചിത്രത്തിനാണു പുരസ്കാരം. ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ തകർന്ന തെക്കൻ ഗാസയിലെ നാസിർ ഹോസ്പിറ്റലിൽ നിന്ന് 2023 ഒക്ടോബറിൽ എടുത്തതാണ് ഇനാസ് അബു മാമർ (36) എന്ന യുവതിയുടെ ഈ ചിത്രം. പലസ്തീൻ സ്വദേശിയായ സലേമിന്റെ (39) ചിത്രത്തിന് 2010 ലും വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചിരുന്നു. 130 രാജ്യങ്ങളിൽനിന്നുള്ള 3,851 ഫൊട്ടോഗ്രഫർമാരുടെ 61,062 ഫോട്ടോകളിൽനിന്നാണ് പുരസ്കാരത്തിനർഹമായ ചിത്രം തിരഞ്ഞെടുത്തത്. സ്റ്റോറി ഓഫ് ദി ഇയർ വിഭാഗത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ലീ–ആൻ ഓൾവേജ് (ജിയോ മാസിക) എടുത്ത ചിത്രം പുരസ്കാരം നേടി. മഡഗാസ്കറിൽ 11 വർഷമായി ഡിമെൻഷ്യ ബാധിച്ച ആളെ മകൾ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരുന്നു അത്. അഫ്ഗാനിസ്ഥാൻ ഓൺ ദി എഡ്ജ് എന്ന പരമ്പരയ്ക്ക് അസോഷ്യേറ്റഡ് പ്രസിന്റെ ഇബ്രാഹിം നൂറൂസി ഏഷ്യ സ്റ്റോറീസ് അവാർഡ് ലഭിച്ചു. നെതർലൻഡ്സ് ആസ്ഥാനമായി 1955 ൽ ആരംഭിച്ച സ്വതന്ത്ര സ്ഥാപനമാണ് വേൾഡ് പ്രസ് ഫോട്ടോ.

* കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ, കറൻസി കൊള്ളയിൽ 2 ഇന്ത്യൻ വംശജർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പരംപാൽ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ വംശജർ. എയർ കാനഡ ജീവനക്കാരനായ ഇവരിൽ ഒരാൾ അറസ്റ്റിനു മുൻപ് രാജിവച്ചിരുന്നു. 2023 ഏപ്രിൽ 17ന് ടൊറന്റോയിലെ പിയേഴ്സൻ രാജ്യാന്തര വിമാനത്താവളത്തിലാണ് കൊള്ള നടന്നത്. സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ നിന്ന് എയർ കാനഡ വിമാനത്തിലെത്തിയെ 400 കിലോ തങ്കവും 25 ലക്ഷം കനേഡിയൻ ഡോളർ (15 കോടി രൂപ) മൂല്യമുള്ള വിദേശ കറൻസികളും അടങ്ങുന്ന പാഴ്സലുകളാണ് കാണാതായത്. ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസീവ്സ് ഫിലഡൽഫിയ ഫീൽഡ് ഡിവിഷനുമായി സഹകരിച്ച് പീൽ റീജനൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാദ് പരമലിംഗം (35), ഡ്യൂറന്റ് കിങ് മക‍്‍ലീൻ (25) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇതിൽ മക‍്‍ലീൻ ആയുധക്കടത്തു കേസിൽ യുഎസ് പൊലീസിന്റെ പിടിയിലാണുള്ളത്.

* ചൈനയുടെ സൈന്യത്തിൽ പുതിയ വിഭാഗം. ഇൻഫർമേഷൻ സപ്പോർട്ട് ഫോഴ്സ്’ എന്ന പുതിയ സൈബർ വിഭാഗത്തെ ചൈനീസ് സൈന്യത്തിൽ ഉൾപ്പെടുത്തി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്. സൈന്യത്തിന്റെ നട്ടെല്ലായി ഈ വിഭാഗം മാറുമെന്നും ചിൻപിങ് പറഞ്ഞു. ചൈനയുടെ സെൻട്രൽ മിലിറ്ററി കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും ഈ സേന. ആധുനിക യുദ്ധരീതികളിൽ ചൈനയെ കൂടുതൽ സജ്‍ജമാക്കുക എന്നതാണ് ഇതുകൊണ്ടുള്ള ഉദ്ദേശ്യമെന്ന് ചൈനീസ് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

* യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കൊലപ്പെടുത്താനുള്ള റഷ്യൻ പദ്ധതിക്കു സഹായം നൽകാൻ ശ്രമിച്ചെന്ന പേരിൽ ഒരാളെ പോളണ്ട് അറസ്റ്റ് ചെയ്തു. റഷ്യൻ ചാരൻമാരുമായി ചേർന്നു പ്രവർത്തിച്ച പോളിഷ് പൗരന്റെ പേര് പാവൽ എന്നാണെന്ന് അധികൃതർ അറിയിച്ചു. മറ്റു വിവരങ്ങൾ ലഭ്യമല്ല. യുക്രെയ്ൻ–പോളണ്ട് അതിർത്തിക്കു സമീപമുള്ള റ്സെസോ–ജാസിയൻക വിമാനത്താവളത്തിന്റെ സുരക്ഷാ വിവരങ്ങൾ കൈമാറാൻ ഇയാൾ ശ്രമം നടത്തിയെന്നാണ് പോളണ്ടിന്റെ വാദം. യുക്രെയ്നിലേക്കുള്ള മാനുഷിക– സൈനിക സഹായങ്ങളെല്ലാം പോകുന്ന നിർണായക വിമാനത്താവളമാണ് ഇത്. റഷ്യയെ ശക്തമായി എതിർക്കുന്ന പോളണ്ട് യുക്രെയ്ന്റെ സഖ്യരാജ്യമാണ്.

* പലസ്തീന് ഐക്യരാഷ്ട്ര സംഘടനയിൽ പൂർണ അംഗത്വം നൽകാനുള്ള പ്രമേയത്തെ എതി‍ർത്ത് യുഎസ്. ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയിൽ‌ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രം മാത്രമാണു പലസ്തീൻ ഇപ്പോൾ.

പൂർണ അംഗത്വം നൽകുന്നതു സംബന്ധിച്ച് യുഎൻ സുരക്ഷാസമിതിയിൽ കൊണ്ടുവന്ന കരടുപ്രമേയമാണു യുഎസ് വീറ്റോ ചെയ്തത്. 15 അംഗ സുരക്ഷാസമിതിയിലെ 12 രാജ്യങ്ങളും അനുകൂലമായി വോട്ടു ചെയ്തപ്പോൾ സ്വിറ്റ്സർലൻഡും യുകെയും വിട്ടുനിന്നു.

* ഇറാൻ നഗരമായ ഇസ്ഫഹാനിലെ വ്യോമസേനാ താവളത്തിനുനേരെ ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം. ഒന്നും സംഭവിച്ചിട്ടില്ലെന്നു പ്രതികരിച്ച ഇറാൻ, തിരിച്ചടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചില്ലെങ്കിലും ആക്രമണം നടത്തുന്നതിനുമുൻപേ തങ്ങളെ വിവരം അറിയിച്ചിരുന്നതായി ഇറ്റലിയിൽ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യുഎസ് പറഞ്ഞു. ഇറാന്റെ ആണവപദ്ധതി സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനിൽ ആകാശത്ത് ഇന്നലെ രാവിലെ സ്ഫോടനങ്ങളുണ്ടായെന്നും ഇത് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം 3 ഡ്രോണുകൾ വെടിവച്ചിട്ടതാണെന്നും ഇറാൻ അധികൃതർ അറിയിച്ചു. ഇസ്ഫഹാനിൽനിന്ന് 800 കിലോമീറ്റർ അകലെ തബ്രീസിലും ചെറു ഡ്രോണുകൾ വെടിവച്ചിട്ടു. ഇന്നലെയുണ്ടായതു ‘നുഴഞ്ഞുകയറ്റം’ ആണെന്നും ബാഹ്യാക്രമണമല്ലെന്നുമാണ് ഇറാൻ പ്രതികരിച്ചത്. ഇസ്രയേലിനെ പരാമർശിക്കുകയും ചെയ്തില്ല. ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങളും സംഭവം പ്രാധാന്യം കുറച്ചാണു റിപ്പോർട്ട് ചെയ്തത്. രാജ്യത്തിനകത്തുനിന്നുണ്ടായ ലഘുആക്രമണമാണെന്നും നാശമില്ലെന്നും ഇറാൻ സേനാമേധാവി പ്രസ്താവിച്ചു. ഇറാനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ നിസാരവൽക്കരിച്ച് ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമിറ ബ്ദുല്ലാഹിയൻ. ആക്രമണവുമായി ഇസ്രയേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാനു നേരെ ആക്രമണമുണ്ടായത്. ഇറാനിൽ പ്രവേശിച്ച മൂന്നു ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു. എന്നാൽ അത് ഡ്രോണല്ലെന്നും കളിപ്പാട്ടമാണെന്നും പറഞ്ഞ് വിദേശകാര്യമന്ത്രി സംഭവത്തെ ലഘൂകരിച്ചു.

സ്റ്റെഫി ദിപിൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments