ആളുകളെ മനസ്സിലാക്കാൻ അധികം നേരമൊന്നും വേണ്ടന്ന് പറയും..
ഏയ് ചുമ്മാ, അങ്ങിനെയൊന്നും നമുക്ക് ആരെയും അത്ര പെട്ടന്ന് ഒന്നും മനസ്സിലാക്കാൻ പറ്റിയെന്നു വരില്ല, നമുക്കു ചുറ്റുമുള്ളവർ ബന്ധുക്കളാവട്ടെ കൂട്ടുകാരാവട്ടെ ആരും നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമാണ്.
ഒരിക്കൽ ഞാൻ എൻ്റെ ഒരു അടുത്ത ബന്ധുവിനെ കാണാൻ പോയി. ആ ചേച്ചിക്ക് എന്നെ കണ്ടപ്പോൾ ഭയങ്കര സന്തോഷമായി എത്ര നാളായി കണ്ടിട്ട് എന്നൊക്കെ പറഞ്ഞു. ഞങ്ങൾ കുടുംബ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ബന്ധുവായ ചേച്ചി പറഞ്ഞു, നിന്നെ ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത സങ്കടമാണ് മോളെ, നീ ഒറ്റക്കായിപ്പോയല്ലോ. എത്ര കാലമാണ് ഇങ്ങനെ കഴിയുക ഒരു കൂട്ടു വേണം നിനക്ക് ഒറ്റക്ക് ജീവിക്കാൻ ആവില്ല മക്കൾ ഒക്കെ അവരുടെ കാര്യങ്ങൾ നോക്കി പോകും. ആൺ കുട്ടികൾ അങ്ങിനെയാണ് നീ വല്ലാതെ ഒറ്റപ്പെടും. വയ്യാണ്ടായാൽ ഒന്നു ഹോസ്പിറ്റലിൽ കൂട്ടുവരാനും, ഇത്തിരി ചൂടുവെള്ളം എടുത്തു തരാനും, പേടി കൂടാതെ ഉറങ്ങാനും ഒരു കൂട്ടുണ്ടായേ പറ്റു, അവരുടെ ഈ വാക്കുകൾ എന്നെ നൊമ്പരപ്പെടുത്തി. നെഞ്ചകം വിങ്ങി കണ്ണുകൾ നിറഞ്ഞു വന്നു. ശരിയാണ് അവർ പറയുന്നത്. പക്ഷേ ജീവിതത്തിൻ്റെ പകുതി താണ്ടിയവൾക്ക് ഇനിയൊരു ജീവിതമോ?
എൻ്റെ അമ്മ പോയ ശേഷം ഞാൻ ശരിക്കൊന്നു ഉറങ്ങിയിരുന്നോ?, നാല് ചുവരുകൾക്കുള്ളിൽ നിസ്സഹായായി കണ്ണീര് ഒഴുക്കി എത്ര രാത്രികളാണ് കടന്നു പോയത്. അപ്പോഴാണ് അവരുടെ ഒരു പരിചയക്കാരി അവിടെക്ക് വന്നത്. അവരോട് ഈ ബന്ധുവായ ചേച്ചി ഇരിക്കാൻ ഒക്കെ പറഞ്ഞു, എന്നെ പരിചയപ്പെടുത്തി, ആ ചേച്ചിക്ക് എന്നെ അറിയാം എന്നു പറഞ്ഞു. തനിച്ചായിപ്പോയി അല്ലേ എന്ന് അവരും പറഞ്ഞു. കൂട്ടിന് ഒരു ചേച്ചി ഉണ്ട് എന്നു ഞാൻ പറഞ്ഞു. പിന്നെ വരാം എന്നു പറഞ്ഞു ഞാൻ രണ്ടു പേരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ബന്ധുവായ ചേച്ചി എൻ്റെ കൈ പിടിച്ചു, മോൾ ഇടക്ക് വരണേ എന്നു പറഞ്ഞു. ഞാൻ എഴുന്നേറ്റു നടന്നു റോഡിലെത്തിയപ്പോഴാണ് കുട എടുക്കാൻ മറന്നെന്ന് ഓർമ്മ വന്നത്.
ഞാൻ തിരിച്ചു ആ വീട്ടിലേക്ക് കയറിയപ്പോ അവരുടെ സംഭാഷണം മുറ്റത്തു നിന്നു എനിക്ക് കേൾക്കാമായിരുന്നു. എൻ്റെ ബന്ധുവിൻ്റെ പരിചയക്കാരി പറയുന്നു പാവം അവളുടെ കാര്യം, ആകെ ഉണ്ടായിരുന്ന അമ്മയും സഹോദരനും പോയി ഒറ്റക്ക് കഴിയാന്നൊക്കെ പറഞ്ഞാൽ വലിയ സങ്കടാ അല്ലേ ? അപ്പോ എൻ്റെ ബന്ധു പറയുകയാ “ഓ അവൾക്ക് എന്ത് എപ്പഴും കറക്കമാണ്, ഉള്ള അമ്പലങ്ങൾ മുഴുവൻ പോകും, ഒറ്റ സിനിമയും വിടില്ല. അവൾ ഒറ്റക്കായത് നല്ലോണം ആസ്വദിച്ചാ കഴിയുന്നത്. ആവശ്യത്തിനുള്ള പൈസ മോൻ അയച്ചു കൊടുക്കും പിന്നെയെന്താ വേണ്ടത്. കണ്ടില്ലേ നന്നായി ഒരുങ്ങിയല്ലേ നടക്കുന്നത്.”
ഞാൻ വരാന്തയിൽ മറന്നു വെച്ച എൻ്റെ കുടയും എടുത്തു ശബ്ദമില്ലാതെ ഇറങ്ങി.
എൻ്റെ ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു. കരച്ചിൽ തൊണ്ടക്കുഴിയോളം വന്നു. അത് ഒരു പുകച്ചിലായി മാറി. ഇതാണ് ജനങ്ങൾ മുന്നിൽ നിന്നു ഒന്നു പറയും മാറി നിന്നു മറ്റൊന്നു പറയും ചെയ്യും.. ഇതാണ് ലോകം.
നാളെ എന്റെ തറവാട്ടിനടുത്തുള്ള വീട്ടിലെ ഒരു കുട്ടിയുടെ കല്യാണമാണ് ആ കുട്ടിയെ ഞാൻ കണ്ടിട്ടില്ല. പക്ഷേ അതിൻ്റെ അമ്മ, ലത എന്നായിരുന്നു പേര്. എൻ്റെ അയൽക്കാരിയും. ഞങ്ങൾ ഒരു സ്കൂളിലുമായിരുന്നു പഠിച്ചത്. പക്ഷേ, അവൾ എൻ്റെ ജൂനിയറായിരുന്നു. അച്ഛനാരാണെന്ന് ലതക്ക് അറിയില്ല. ആകെ അറിയുന്നത് ലതയുടെ അമ്മക്ക് മാത്രം. ആ സ്ത്രീ തൻ്റെ മരണം വരെ അത് രഹസ്യമായി വെച്ചു, ഇതിൻ്റെ പേരിൽ അവർ അനുഭവിച്ച പീഡനം ഒറ്റപ്പെടൽ എങ്ങിനെ ലതയുടെ അമ്മ അതൊക്കെ സഹിച്ചു. അവർ എന്തിനു അവരെ നശിപ്പിച്ച ആളെ കാട്ടിക്കൊടുക്കാതിരുന്നത്?.. അവർ അയാളെ സ്നേഹിച്ചിരുന്നോ?.. ആയിരിക്കാമല്ലേ ? അവർ അയാളെ നെഞ്ചോട് ചേർത്ത് പ്രാണനായി കൊണ്ട് നടന്നിരിക്കാം ! അതാവാം ആ നാട് മുഴുവൻ അവരെ അന്ന് ഒറ്റപ്പെടുത്തിയിട്ടും, അവർ അയാളെ ഒറ്റു കൊടുത്തില്ല മരണം വന്നു കൂട്ടി കൊണ്ടു പോകും വരെയും.
അവർ ലതയെ പഠിപ്പിക്കാൻ കൂലിപ്പണിക്ക് ഇറങ്ങി. അവിടെയും ഒറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കേട്ടു അതെല്ലാം കണ്ണീരിലൊഴുക്കി തന്റെ മകളെ അല്ലലില്ലാതെ വളർത്തി. മകളെ ആര് കല്യാണം കഴിക്കാൻ ആണ് നാട്ടുകാർ പലരും അന്യോന്യം പറഞ്ഞു നടന്നു പക്ഷേ ദൈവം തീരുമാനിച്ച പോലെയല്ലേ നടക്കു, ലതയെ ഒരാൾ കല്യാണം കഴിച്ചു, അയാൾ അവളെ പൊന്നുപോലെ നോക്കി, സ്വന്തം വീട് എടുത്തപ്പോൾ തൻ്റെ അമ്മയെയും കൂടെ കൂട്ടി അവൾ. ലതയുടെ മുഖം ഞങ്ങളുടെ വീട്ടിനടുത്തുള്ള കരുണേട്ടൻ്റെ മുഖച്ഛായ ഇല്ലേ എന്നു ഞാൻ ഒരിക്കൽ എൻ്റെ അമ്മയോട് ഞാൻ ചോദിച്ചതിന് എനിക്ക് നല്ല ചീത്തയും കിട്ടി. എൻ്റെ ഉള്ളിൽ ആ സംശയം അങ്ങിനെ തന്നെ ബാക്കി നിന്നു. ലത ഒരു പാവമാണ് ചെറുപ്പത്തിലേ പരിഹാസം കേട്ട് വളർന്നവൾ, അവൾ ഒന്നു ഉറക്കേ സംസാരിക്കുന്നതു പോലും ആരും കേട്ടിരുന്നില്ല. അവളുടെ മകൾ നേരെ മറിച്ചാണ് എന്ന് പറയുന്നത് കേട്ടിരിക്കുന്നു, ഒരു ബഹളക്കാരി, അവൾക്ക് ഒരു അച്ഛനുണ്ട്, സമുഹത്തിൽ ഒരു വിലയുമുണ്ട്, അപ്പോൾ അവൾ ആരെ പേടിക്കാൻ.
ഓരോ ജീവിതങ്ങൾ പലതരം പെണ്ണുങ്ങൾ :
എൻ്റെ അയൽവാസി ഒരു ജാനു ചേച്ചി ഉണ്ടായിരുന്നു, അണ്ടി കമ്പനിയിൽ കൂലിപ്പണി ആയിരുന്നു ജോലി, അവിടെ ഒരു ഉദ്യോഗസ്ഥൻ അവരോട് അൽപ്പം സ്നേഹപൂർവ്വം പെരുമാറി, അവരിൽ അത് ഇഷ്ടത്തിൻ്റെ മത്താപ്പുകത്തിച്ചു. ജോലിക്ക് പോകുന്നതേ അയാളെ കാണാനായിട്ടാണ്, നേരാം വണ്ണം ജോലി ചെയ്യുമോ അതും ഇല്ല. അവർ എന്നും ഒരു സ്വപ്ന ലോകത്തിലായിരുന്നു. കാണാൻ ഒരു ഭംഗിയല്ലാത്ത ജാനു ചേച്ചി അവർ ഒരു സൗന്ദര്യ റാണിയാണെന്നു അവർ തന്നെ തീരുമാനിച്ചു. ജോലി ചെയ്തു കിട്ടുന്ന പൈസയിൽ അയാൾക്ക് ഓരോന്നു വാങ്ങി കൊടുക്കും. അയാൾ അത് ഒരു മടിയുമില്ലാതെ വാങ്ങി വെക്കും. അയാളെ കുറച്ചു ദിവസം കാണാതായി. അയാൾക്ക് കല്യാണം ആണെന്നു അറിഞ്ഞപ്പോൾ ജാനു ചേച്ചി ആകെ തകർന്നു. അയാൾ ഒരിക്കൽ പോലും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും, അവർ എന്തിന് ഇങ്ങനെ കരുതി?. അവർ പിന്നെ മാനസീകമായി തകർന്നു. അവർ വീണ്ടും അയാളുടെ പുറകെ തന്നെയായിരുന്നു. നന്നായി ഒരുങ്ങി ഇറങ്ങി അയാൾക്ക് കാണാനായി കമ്പനിയിൽ പോകും. അവരുടെ കുടെ ജോലി ചെയ്യുന്നവർ വാ പൊത്തി ചിരിക്കും. അയാൾ കണ്ടിട്ട് മിണ്ടിയില്ല ചിരിച്ചില്ല എന്ന് ഒക്കെ പറഞ്ഞു കരയും. അയാളെ ഒന്നു അറിയിക്കണം എൻ്റെ സങ്കടങ്ങളെല്ലാം, ഞാൻ പറഞ്ഞു ഞാൻ ഒരു കത്തു എഴുതി തരാമെന്നു. അയാൾക്കുള്ള പ്രേമലേഖനങ്ങൾ ഞാനാണ് എഴുതി കൊടുക്കുന്നത്. അത് ഒരു പതിവായി എനിക്കതിന് പരിപ്പുവടയും പഴം പൊരിയും കൂലിയായി കിട്ടുമായിരുന്നു. പ്രണയ ലേഖനങ്ങൾ എഴുതാൻ ഞാൻ പഠിച്ചു അങ്ങിനെയാവണം. ഞാൻ ഇങ്ങനെയെല്ലാം എഴുതാൻ പഠിച്ചതും.
എൻ്റെ പ്രണയ കവിതകളെല്ലാം തുടങ്ങിയത് അവിടെ നിന്നാവണം. അതേ, അത് തന്നെ, അസ്സലായി പ്രണയിക്കാൻ ഞാൻ പഠിച്ചതും ഇത് ഒക്കെ കൊണ്ടാവും.
പലതരത്തിലെ പെണ്ണുങ്ങൾ:
ജാനു ഏച്ചി ചെറിയ വട്ടുമായി അങ്ങിനെ കഴിഞ്ഞു അവർ നന്നായി ഒരുങ്ങി ചുണ്ടുകൾ കടിച്ചു ചുവപ്പിച്ചു സായിപ്പ് വരെ എന്നെ കണ്ടു മോഹിച്ചതാണെന്ന് പറയും, പക്ഷേ ഞാൻ ഒരാളെയെ സ്നേഹിച്ചുള്ളു. എൻ്റെ ദാമോദരൻ ക്ലർക്കിനെ.. അണ്ടി കമ്പനിയിലെ ഉദ്യോഗസ്ഥനെപ്പറ്റിയാണ് അവർ പറയുന്നത്. ദിവാസ്വപ്നങ്ങളിൽ അങ്ങിനെ ജീവിച്ചു ഒരു നാൾ മരണപ്പെട്ടു ഒന്നുമാകാത്ത ഒരു പ്രാവം സ്തീ…
ഇനി അടുത്ത ലക്കം തുടരും..
നല്ല എഴുത്ത് നല്ല അവതരണം
നല്ല എഴുത്ത് ❤️
നന്നായിട്ടുണ്ട്👍