പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേൽപുത്തൂർ നാരായണ ഭട്ടതിരി. അക്കാലത്തെ മഹാപണ്ഡിതനായിരുന്ന തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ മൂന്നാമത്തെ ശിഷ്യനായ മേൽപുത്തൂർ നാരായണ ഭട്ടതിരി മാധവന്റെ ജ്യോതിശാസ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി പാണിനിയുടെ വ്യാകരണസിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ പ്രക്രിയാ സർവ്വസ്വം ആണ്. മേൽപുത്തൂർ, നാരായണീയത്തിന്റെ കർത്താവ് എന്ന നിലയിലാണ് കൂടുതൽ പ്രശസ്തൻ. നാരായണീയത്തിന്റെ രചനാവേദിയായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നും ആ കൃതി ആലപിക്കപ്പെടുന്നു.
കഥാതന്തു – കാളിയ മര്‍ദ്ദനം
കാളിന്ദീ നദി സംസ്ക്കാരത്തിന്റെ ഉറവിടമാണ്. അതിന്റെ തീരത്തില്‍ മനോഹരമായ ഉദ്യാനങ്ങളും പുല്‍മൈതാനങ്ങളും ഗ്രാമങ്ങളും കാടുകളും ഉണ്ട്. എന്നാല്‍ ഈ നദിയുടെ ഒഴുക്കില്‍ ഒരിടത്ത് ആഴമേറിയ ഒരു കയമുണ്ട്. അവിടെ അത്യുഗ്ര വിഷമുള്ള “കാളിയന്‍ എന്ന ഘോരസര്‍പ്പം” താമസിച്ചിരുന്നു. അവന് ആയിരം ഫണങ്ങളുണ്ട്. ഭാര്യമാരും മക്കളും ബന്ധുക്കളുമെല്ലാം ആ കയത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. അവിടത്തെ ജലം വിഷമയമായിരുന്നതിനാല്‍ ആ പ്രദേശമെല്ലാം മരുഭൂമിയായിരുന്നു. സസ്യലതാദികളെല്ലാം കരിഞ്ഞ് പോയിരുന്നു. പക്ഷികള്‍ പോലും അതിന് മുകളില്‍ കൂടി പറന്നാല്‍ മരിച്ചുവീഴും. ജലജീവികളൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഒരു കദംബമരം മാത്രമാണ് ആ നദീതീരത്ത് പൂത്തുതളിര്‍ത്ത് നില്‍പ്പുണ്ടായിരുന്നത്.
വിനതയുടെ മകനായ ഗരുഡന്‍ അമ്മയുടെ ദാസ്യം അവസാനിപ്പിക്കാനായി ദേവലോകത്തേക്ക് അമൃതിന് പോയി. അമൃത് കൊണ്ട് മടങ്ങിവരുന്നവഴി ക്ഷീണിച്ച പക്ഷിരാജന്‍ വിശ്രമിക്കാനായി ആ കദംബമരത്തിലിരുന്നു. അമൃതകലശം തുളുമ്പി കുറച്ചു ആ വൃക്ഷത്തില്‍ വീണു. അതുകൊണ്ടാണ് ആ മരത്തിന് അമരത്വം കിട്ടിയത്. ഒരിക്കല്‍ ശ്രീകൃഷ്ണനും കൂട്ടുകാരും ഗോക്കളെ മേച്ചുകൊണ്ട് ആ നദീതീരത്തെത്തി. കണ്ണന്‍ അല്പം അകലെയായി കാനനഭംഗി ആസ്വദിക്കുകയായിരുന്നു. വിശപ്പും ദാഹവും കൊണ്ട് കൂട്ടുകാരും ഗോക്കളും കാളിന്ദീനദിയിലെ വെള്ളം കുടിച്ചപ്പോള്‍ അവര്‍ ഒന്നടങ്കം മരിച്ചുപോയി. അല്പം കഴിഞ്ഞ്, ശ്രീകൃഷ്ണന്‍ അവിടെയെത്തിയപ്പോള്‍ ആ രംഗം കണ്ട് പരവശനായി. ഉള്‍ക്കണ്ണ് കൊണ്ട് കാര്യം മനസ്സിലാക്കിയ ഭഗവാന്‍ കൂട്ടുകാരെയും
പശുക്കളെയും ജീവിപ്പിച്ചു. ഉറങ്ങി എണീറ്റത് പോലെ കൂട്ടുകാരും പശുക്കളും വന്നു കണ്ണന് ചുറ്റും കൂടിനിന്നു. ശ്രീകൃഷ്ണ ഭഗവാൻ ഒട്ടും താമസിയാതെ കാളിന്ദിയുടെ തീരത്തു നിന്നിരുന്ന കടമ്പുമരത്തിൽ കയറി കാളിന്ദീ ജലത്തിലേക്ക് ഊക്കോടെ ചാടി. കാളിന്ദിയിലെ ജലം ക്ഷോഭിച്ച് ഇളകിമറഞ്ഞു കരയിലേക്ക് വ്യാപിച്ചു.
കാളിന്ദിയുടെ അന്തർഭാഗത്ത് ഒരു കയത്തിൽ താമസിച്ചിരുന്ന കാളിയൻ ജലത്തിന്റെ ക്ഷോഭം കണ്ട് വേഗത്തിൽ പൊന്തിവന്ന് അതിന്റെ കാരണക്കാരനായ ഭഗവാന്റെ സമീപത്തേയ്ക്ക് ചെന്ന് കോപത്തോടെ ഭഗവാന്റെ മർമ്മസ്ഥാനങ്ങളിൽ ദംശിച്ചു.
കുന്നിൻകൊടുമുടികൾക്കൊത്തതും ജ്വലിക്കുന്ന കണ്ണുകളോടും വിഷം വമിക്കുന്ന വായകളോടും കൂടിയുള്ള ആ സർപ്പത്തിന്റെ ദംശനമേറ്റ് ഭഗവാൻ തെല്ലും കുലുങ്ങിയില്ല.
അതുകണ്ട ആ സർപ്പം ഭഗവാന്റെ ദേഹം ആസകലം കെട്ടിവരിഞ്ഞുകൊണ്ട് ഭഗവാനെ നിശ്ചഷ്ടനാക്കി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഗോപബാലന്മാര് ഒന്നും ചെയ്യാൻ പറ്റാതെ അതീവ ദുഖത്തിലാണ്ട് കാളിന്ദീ കരയിൽ നിൽപ്പായി.
ഈ സമയത്ത് ഗോകുലത്തില്‍ ചില ദുര്‍നിമിത്തങ്ങള്‍ കാണുവാനിടയായി. നന്ദഗോപര്‍ക്ക് ഇടത് കണ്ണും തോളും തുടയും ഒപ്പം വിറച്ചു. യശോദക്ക് ആണെങ്കില്‍ വലത് കണ്ണും തോളുമാണ് വിറച്ചത്. അവര്‍ നന്നായി വ്യസനിച്ചുപോയി. കണ്ണനും കൂട്ടുകാര്‍ക്കും പശുക്കള്‍ക്കും എന്ത് സംഭവിച്ചു എന്നറിയാതെ പലതും ചിന്തിച്ചിരിക്കുമ്പോള്‍, യശോദക്ക് തോന്നി ഒരു പക്ഷേ,കാളിന്ദീ നദിയിലെങ്ങാനും ഇറങ്ങിയിട്ട് കാളിയന്‍ ചുറ്റിക്കിടക്കുവാണോ എന്ന്. ഉടനെ തന്നെ ഒരശരീരി വാക്കുണ്ടായി “അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്” അപ്പോള്‍ത്തന്നെ യശോദയും തോഴിമാരും നന്ദഗോപരും ബലരാമനും മറ്റു ഗോപന്മാരെല്ലാവരും അവിടെക്ക് പുറപ്പെട്ടു. ആകാശത്തില്‍ ഒരു പ്രഭാവലയം പ്രത്യക്ഷമായി. ചെറിയതോതില്‍ ഭൂമി കുലുക്കവുമുണ്ടായി. അതോടെ അവരുടെയെല്ലാം പരിഭ്രമം ഏറെയായി. എല്ലാം അറിയുന്ന ബലരാമന്‍ അവരെ സാന്ത്വനപ്പെടുത്തുകയും കണ്ണന്റെ അവതാര ഉദ്ദേശം അവര്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.
കണ്ണന്റെ ശരീരം പെട്ടെന്ന് വളര്‍ന്നു വലുതായി. കാളിയന്റെ ഉടല്‍ പൊട്ടുമെന്നമട്ടായി. അവന്‍ വിവശനായി ചുറ്റുകളഴിച്ചു . വിഷം ചര്‍ദ്ദിക്കാന്‍ തുടങ്ങി. ശ്രീകൃഷ്ണന്‍ കാളിയന്റെ ഓരോ ഫണത്തിലും കയറി നിന്ന് നൃത്തം ചെയ്തു. ഇത് കണ്ട് കരയില്‍ നിന്നവര്‍ നിര്‍ന്നിമേഷരായി. ദേവകള്‍ ആകാശത്ത് പൂമാരി ചൊരിഞ്ഞു. ആകാശചാരികളായ സിദ്ധഗന്ധര്‍വ്വാദികൾ വാദ്യാഘോഷങ്ങളോടെ ഉപചരിച്ചു. ഗാനങ്ങള്‍ ആലപിച്ചു. അപ്സര സ്ത്രീകള്‍ നൃത്തമാടി. നാരദന്‍ തുടങ്ങിയ മുനിമാര്‍ സ്തുതിഗീതം മുഴക്കി.
കാളിയൻ ക്ഷീണിതനായെങ്കിലും ഓരോ തല പൊക്കികൊണ്ടിരുന്നു. എന്നാൽ ഭാഗവാനാകട്ടെ ഏതേതു ഫണം പൊങ്ങുന്നുവോ, അത് ചവുട്ടി താഴ്ത്തി കൊണ്ടിരുന്നു. ഒടുവിൽ അവന്റെ വായിൽക്കൂടേയും മൂക്കിൽ കൂടേയും രക്തം വമിച്ചു. അവൻ അതീവ ക്ഷീണിതനായി.
അതുകണ്ട് ശോകാർത്തരായ കാളിയപത്നിമാർ വസ്ത്രാഭരണങ്ങളും കേശഭാരവും അഴിഞ്ഞവരായി. ഭർത്താവിനെ മോചിപ്പിച്ചു കിട്ടുവാനായി ഭഗവാനെ സ്തുതിക്കാൻ തുടങ്ങി.
ഇപ്രകാരം അതിമഹത്തായ സ്തോത്രങ്ങളാൽ സ്തുതിച്ചുകൊണ്ട് അവർ തങ്ങളുടെ ഭർത്താവിനെ വധിക്കരുതേ എന്ന് ഭഗവാനോട് പ്രാർത്ഥിച്ചു. മദം നശിച്ച കാളിയനും ഭഗവാനോട് ക്ഷമ യാചിച്ചുകൊണ്ട് തനിക്ക് അർഹമായ ശിക്ഷ നൽകികൊള്ളാൻ അവൻ ഭാഗവാനോട് പ്രാർത്ഥിച്ചു.
ഭഗവാൻ അവന്റെ ഫണങ്ങൾ വീട്ടിറങ്ങി. അവന്റെ പത്നിമാരെ സാന്ത്വനപ്പെടുത്തി. അനന്തരം ഭഗവാൻ കാളിയനോട് ഭാര്യമാരോടുകൂടി അവിടം വിട്ട് രമണകദ്വീപിലേക്കു പൊയ്ക്കൊള്ളാൻ ആജ്ഞാപിക്കുന്നു.
അപ്പോഴാണ് കാര്യം മനസ്സിലാകുന്നത്, കാളിയന് അവിടം ഉപേക്ഷിച്ച് ഒരിടത്തും പാര്‍ക്കാന്‍ കഴിയില്ല. കാരണം അവന്റെ ശത്രുവായ ഗരുഡന്‍ അവനെ കൊല്ലും.
പണ്ട് സുരഭി എന്ന മഹര്‍ഷി കാളിന്ദിയില്‍ കുളിച്ച് കണ്ണടച്ച് ജപിച്ച് നില്‍ക്കുകയായിരുന്നു. ഗരുഡന്‍ ഇതറിയാതെ ഒരു വലിയ മത്സ്യത്തെ നദിയില്‍ നിന്നും പിടിക്കുകയും മുനിയുടെ ദേഹത്താകെ വെള്ളം തെറിപ്പിക്കുകയും ചെയ്തു. കോപം പൂണ്ട മുനി ഗരുഡനെ ശപിച്ചു. “ഇതിന് ശേഷം ഇവിടെ വന്നാല്‍ പത്തു കഷണങ്ങളായി മരിക്കും” എന്നാണ് ശാപം. (അമൃത് കൊണ്ട് വന്നതും കദംബമരത്തിലിരുന്നതും ഈ ശാപത്തിന് മുമ്പാണ്)
അത് പോലെ പാമ്പുകളും ഗരുഡനും പണ്ട് പണ്ടേ ശതൃക്കളാണല്ലോ. ഗരുഡന്‍ അനേകം പാമ്പുകളെ ഭക്ഷിച്ചിരുന്നു. അങ്ങനെയിരിക്കെ, പാമ്പുകള്‍ ഒരു തീരുമാനമെടുത്തു. ഓരോ ദിവസവും ഓരോ പാമ്പ് വീതം ഗരുഡനു ഭക്ഷിക്കാന്‍ തയ്യാറായി. വാവുബലിയായപ്പോള്‍ പാമ്പുകള്‍ക്ക് കിട്ടുന്ന ഹവിര്‍ഭാഗം (സര്‍പ്പബലി) ഗരുഡനു നല്‍കാം എന്നും, പാമ്പുകളെ ഭക്ഷിക്കരുത് എന്നുമായി വ്യവസ്ഥ. അതും ഗരുഡന്‍ സമ്മതിച്ചു. എന്നാല്‍ കാളിയന്‍ മാത്രം ഈ കരാര്‍ ലംഘിച്ചു. ഗരുഡന് അത് സഹിച്ചില്ല. അവര്‍ തമ്മില്‍ ഏറ്റുമുട്ടി . ഗരുഡന്റെ ചിറകടികൊണ്ട് വലഞ്ഞ കാളിയന്‍ അവസാനം കാളിന്ദീനദിയുടെ കയത്തില്‍ അഭയം നേടി. അങ്ങനെ അവന്റെ കുടുംബവും ആ കയത്തിലെത്തി.
തന്റെ പാദസ്പര്‍ശമേറ്റതിനാല്‍ ഗരുഡന്‍ ഒരിക്കലും കാളിയനെയും കുടുംബത്തെയും ഉപദ്രവിക്കില്ല എന്ന് ഭഗവാന്‍ ഉറപ്പ് നല്‍കി. കാളിയനും കുടുംബവും ഭഗവാനെ നാഗരത്നങ്ങള്‍ കൊണ്ട് അലങ്കരിച്ചു. അങ്ങനെ കാളിയനും കുടുംബവും കാളിന്ദീനദി വിട്ടതോടെ നദിയിലെ ജലവും അതിന്റെ തീരപ്രദേശവും ജീവികള്‍ക്കെല്ലാം ഉപയോഗയോഗ്യമായിത്തീര്‍ന്നു!
കാളിയമർദ്ദന കഥ നന്നായി വിവരിച്ചു