Wednesday, January 7, 2026
Homeആരോഗ്യംകതിരും പതിരും പംക്തി: (85) 'ചിരിയും ആരോഗ്യവും' ✍ ജസിയ ഷാജഹാൻ.

കതിരും പതിരും പംക്തി: (85) ‘ചിരിയും ആരോഗ്യവും’ ✍ ജസിയ ഷാജഹാൻ.

ചിരിക്കുക എന്നു പറയുമ്പോൾ തന്നെ അതൊരു പോസിറ്റീവ് എനർജിയെ പ്രതിനിദാനം ചെയ്യുന്നു. ചിരിയെ നമുക്ക് എന്തിനോടൊക്കെ ഉപമിക്കാം അല്ലേ? സാഹിത്യഭാഷയിൽ പറഞ്ഞാൽ ഒരു കുഞ്ഞു പൂവ് വിടർന്നു വരും പോലെ. പൂർണ്ണചന്ദ്രൻ ഉദിച്ചുയരുന്ന പോലെ. പൂ നിലാവ് പരന്നൊഴുകുന്ന പോലെ… അങ്ങനെയങ്ങനെ എത്രയെത്ര ഉപമകൾ.

ഒന്നു ചിരിക്കാൻ കഴിയുക എന്നതുതന്നെ സന്തോഷത്തിന്റെ സൂചന തരുന്നു. മറ്റൊരു വ്യക്തിയിലേക്ക് നാം പകർന്നു നൽകുന്ന ഉന്മേഷം കൂടിയാണ് ചിരി.
ചിരികളെക്കുറിച്ചുള്ള പഠനം ജിലോട്ടോളജി, സൈക്കോളജി, ഭാഷാശാസ്ത്രം തുടങ്ങിയവയുടെ ഭാഗമാണ്.

തലച്ചോറിനാൽ നിയന്ത്രിക്കപ്പെടുന്ന മനുഷ്യ സ്വഭാവത്തിന്റെ ഒരു ഭാഗമാണ് ചിരി.
സാമൂഹികമായ ഇടപെടലുകളിൽ മനുഷ്യരെ അവരുടെ ഉദ്ദേശങ്ങൾ വ്യക്തമാക്കാനും, സംഭാഷണങ്ങൾക്ക് ഒരു വൈകാരിക സന്ദർഭം നൽകാനും ചിരി ഏറെ സഹായിക്കുന്നു.

ചില സമയങ്ങളിൽ ചിരി ഒരു പകർച്ചവ്യാധി പോലെ ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് വ്യാപിച്ച് തുടങ്ങിവച്ച ആളിന്റെ ചിരി ഒരു പോസിറ്റീവ് ഫീഡ്ബാക്ക് ആയി മാറുന്നു. അങ്ങനെ സന്തോഷം നിറഞ്ഞ കുറേ വ്യക്തിത്വങ്ങളുടെ ഒരു ചെറിയ സമൂഹമെങ്കിലും അവിടെ സൃഷ്ടിക്കപ്പെടുന്നു.

ചിരിയും രക്തക്കുഴലുകളുടെ ആരോഗ്യകരമായ പ്രവർത്തനവും തമ്മിലുള്ള ബന്ധം ആദ്യമായി റിപ്പോർട്ട് ചെയ്തത് യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്ററിലെ ഗവേഷകരാണ്. ചിരി രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എൻഡോതെലിയത്തിൻ്റെ വികാസത്തിന് കാരണമാവുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇനി ചിരിയുടെ ഗുണകരമായ ജൈവ രാസ ഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചിരി സ്ട്രെസ്സ് (കോർട്ടിസോള്‍, എപി നെഫ്രിൻ) ഹോർമോണുകളുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ചിരിക്കുമ്പോൾ തലച്ചോറ് പുറത്തുവിടുന്ന എൻഡോർഫിനുകൾ ശാരീരിക വേദനകളെ അകറ്റാൻ സഹായിക്കുന്നു. ചിരി ആന്റിബോഡി ഉത്പാദിപ്പിക്കുന്ന കോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും അതുവഴി ഈ കോശങ്ങളുടെ ഫലപ്രാപ്തി കൂടുകയും ഇത് നമ്മെ ശക്തമായ രോഗപ്രതിരോധ സംവിധാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ലോകത്തൊട്ടാകെ മനോവികാരങ്ങൾ പ്രകടിപ്പിക്കുവാൻ ചിരി ഉപയോഗിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ചിരി ശക്തമായ ഒരു ഔഷധവും, ആയുസ്സിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുന്ന അമൂല്യമായ ഒരു ഭാവവികാരവുമാണ് എന്നത് പ്രത്യേകം ഓർമിക്കുക.

ഒരു നല്ല ചിരിയേക്കാൾ വേഗത്തിൽ മറ്റെന്തിനാണ് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും സന്തുലിതാവസ്ഥയിൽ കൊണ്ടുവരുവാൻ കഴിയുക? ഒന്നാലോചിച്ചു നോക്കൂ..
കൂടാതെ ചിരിയിലെ നർമ്മം നിങ്ങളിൽ പ്രത്യാശ ഉണർത്താനും, കോപം ഇല്ലാതാക്കാനും, ക്ഷമിക്കാനും, മറ്റുള്ളവരു മായി നിങ്ങളെ ബന്ധിക്കാനും, ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരു പ്രത്യേക ഉണർവ് നൽകുന്നതിനും ഒക്കെ സഹായിക്കുന്നു.

നമുക്ക് ഉപയോഗിക്കാൻ ഏറ്റവും എളുപ്പവും, യാതൊരു വിലയും കൊടുക്കേണ്ടതായിട്ടും ഇല്ലാത്ത ഈ ഒരു അമൂല്യമായ മരുന്ന് പല പ്രശ്നങ്ങളിലൂടെയും കടന്നുപോകുന്ന മനുഷ്യ ജീവിതങ്ങളെ ലഘൂകരിക്കാനും, വൈകാരികവും, മാനസികവും, ശാരീരികവുമായ ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കാനും, ആരോഗ്യവും ആയുസ്സും മെച്ചപ്പെടുത്താനും ഉത്തമമാണ്.

നമ്മളൊന്നു ചിരി അടക്കിയതിനുശേഷവും പോസിറ്റീവ് ആയ ഒരു ഊർജ്ജവും വികാരവും ഏറെ നേരം നമ്മിൽ നിലനിർത്തുന്നു എന്നുള്ളതും കുറച്ചു സമയത്തേക്ക് എങ്കിലും നഷ്ടങ്ങളെയും ദുഃഖങ്ങളെയും, നിരാശകളെയും മറന്ന് മനസ്സിനെ ഒന്ന് ശാന്തമാക്കാൻ കഴിയുന്നു എന്നുള്ളതും പ്രത്യേകമായി എടുത്തു പറയേണ്ട കാര്യമാണ്.

ജീവിതത്തിന് അർത്ഥവും വർണ്ണവും പ്രതീക്ഷകളും നൽകുന്ന ചിരി ജീവൻ്റെ തന്നെ ഒരു തുടിപ്പ് ആണ്.
രോഗശയ്യയിൽ കിടന്ന് കഷ്ടപ്പെടുന്നവരും, വിസ്മൃതിയിലേക്ക് ആണ്ടു പോയവരും, ജീവിതഭാരങ്ങളിൽ തളർന്നു പോയവരുമൊക്കെ ഒന്നു ചിരിച്ചു കാണുമ്പോൾ ഉള്ള ആ ഒരു സന്തോഷം, ഒരു പ്രതീക്ഷ, ഒരു തിളക്കം അവരെ സ്നേഹിക്കുന്നവരുടെ ജീവശ്വാസം ആണ്. അങ്ങനെയുള്ള നിമിഷങ്ങളിൽ ചിരി ഒരു പുനർജനികൂടിയാണ്.

ജീവിതത്തിലെ പല കാര്യങ്ങളും നിയന്ത്രണത്തിനും അതീതമാണ് എന്ന സത്യം ഉൾക്കൊണ്ട്, ലോകത്തിൻ്റെ ഭാരവും, മറ്റുള്ളവരുടെ പെരുമാറ്റവും നമ്മുടെ ചുമലിൽ വയ്ക്കുന്നത് അനാരോഗ്യപരമാണെന്ന് മനസ്സിലാക്കി നർമ്മത്തിൻ്റെ വഴികളെ തിരഞ്ഞെടുക്കുക. നമ്മിലെ കുട്ടിത്തം മാറാത്ത കുട്ടിയോട് സല്ലപിക്കുക .നമുക്ക് നെഗറ്റീവ് ഊർജ്ജം തരുന്നവരെ അകറ്റി നിർത്തുക. ചിലമണ്ടത്തരങ്ങളോട് സല്ലപിക്കുക. ഒരു നർമ്മ ബോധം ഉള്ളിൽ വളർത്തി ഏത് സാഹചര്യങ്ങളിലും ലഘൂകരണം തേടുക.

തമാശ പരിപാടികൾ കാണുക. ചിരിയും സന്തോഷവും തരുന്ന കാര്യങ്ങൾ ചെയ്യുക. ചിരി ക്ലബ്ബിൽ ചേരുക.സ്വയം ചിരിക്കുക.മറ്റുള്ളവരെ ചിരിപ്പിക്കുക.

“ചിരിക്കാം…ചിരിക്കാം…ചിരിച്ചു കൊണ്ടിരിക്കാം
ചിരിയുടെ അമിട്ടിനു തിരികൊളുത്താം.” എന്ന പഴയ സിനിമാ പാട്ടിൻ്റെ വരികൾ ഈയവസരത്തിൽ ഓർമ്മവരുന്നു.

അപ്പോ… എല്ലാവരും ചിരിച്ചും,കളിച്ചും തമാശകൾ പറഞ്ഞും ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും ഇരിക്കുക. എൻ്റെ ഈ ചെറിയ ലേഖനം നിങ്ങളിൽ സന്തോഷം പകർന്നു എങ്കിൽ തീർച്ചയായും കമൻ്റ് ചെയ്യുക.

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി,സ്നേഹം.

ജസിയ ഷാജഹാൻ✍

RELATED ARTICLES

2 COMMENTS

  1. ചിരിക്കുവാൻ മറന്നുപോയ മനുഷ്യരും നമ്മുടെ ഇടയിൽ ഉണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com