ഒരു ശാന്തിക്കാരൻ്റെ ഏറ്റവും കുറഞ്ഞ യോഗ്യത എന്തായിരിയ്ക്കണമെന്ന് അടുത്തകാലത്തൊന്നും ആധികാരികമായി ആരും നിർവ്വചിച്ചിട്ടില്ല.പക്ഷെ, ഇത്തരം ചിന്താഗതിയുടെ ഫലമായി 1968ൽ ഗുരുവായൂർ കൂടിയ കേരളത്തിലെ തന്ത്രിമാരുടെ ഒരു പൊതുയോഗം ആ കാര്യത്തെക്കുറിച്ച് ആധികാരികമായി ചിന്തിയ്ക്കുകയും വളരെ തൃപ്തിയോടെയല്ലെങ്കിലും ഒരു പ്രമേയത്തിൽ ഈ കാര്യം ആവിഷ്ക്കരിക്കുകയും ചെയ്തിട്ടുള്ളത് ഇവിടെ പറയുന്നത് യുക്തമായിരിയ്ക്കുമെന്ന് ഞാൻ വിചാരിക്കുന്നു.
ഹൈന്ദവ ജനതയുടെ ഇന്നത്തെ അധ:പതനത്തിന് പ്രധാന കാരണം അവരുടെ അദ്ധ്യാത്മിക കേന്ദ്രങ്ങളായ ക്ഷേത്രങ്ങളിൽ എത്രയോ കാലമായി തുടർന്നുവരുന്ന കർമ്മശുദ്ധിയില്ലായ്മയാണന്ന് തന്ത്രശാസ്ത്രദൃഷ്ട്യാ കാണാവുന്നതാണ്. ഈ അധ:പതനത്തിനു മുഖ്യമായി ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ ചെയ്യുന്നവരുടെ നിലവാരം കണക്കിലേറെ താഴ്ന്നു പോയതുതന്നെയാണ് കാരണം. കർമ്മങ്ങളെപ്പറ്റി പിഴവറ്റ പ്രായോഗിക പരിജ്ഞാനവും അതിൻ്റെ പുറകിലുള്ള ഭാവനകളെ സംബന്ധിക്കുന്ന ശരിയായ ബോധവും സർവ്വോപരി ഭക്തികൊണ്ടും ഉപാസനകൊണ്ടും നേടിയ മന:ശക്തിയും ഈശ്വരാനുകൂല്യവും ഉള്ള അർച്ചകന്മാർ ക്ഷേത്രത്തിൽ നിയുക്തരാവുക എന്നതാണ് ഈശ്വരചൈതന്യത്തെ സമ്പുഷ്ടവും ലോകാനുഗ്രഹ ദായകവും ആക്കിത്തീർക്കുന്നതിന് ആദ്യമായി ചെയ്യേണ്ടത്. ഈ പശ്ചാത്തലത്തിൽ അർച്ചകന്മാർക്ക് അവശ്യം ഉണ്ടായിരിയ്ക്കേണ്ട യോഗ്യതയുടെ മാനദണ്ഡം നിശ്ചയിക്കേണ്ടത് ആവശ്യമാണ്.
അതുകൊണ്ട് ക്ഷേത്രങ്ങളിൽ നിത്യപൂജ നടത്തുന്ന അർച്ചകന്മാർക്ക് ഏറ്റവും കുറഞ്ഞത് തഴെ പറയുന്ന യോഗ്യതകളെങ്കിലും ഉണ്ടായിരിയ്ക്കേണ്ടതാണെന്ന് കേരളത്തിലെ തന്ത്രിമാരുടെ ആ സദസ്സ് തീരുമാനിച്ചിരുന്നു. അവ ഏതെല്ലാം എന്ന് പരിശോധിക്കാം.
1- ശാന്തിക്കാരൻ സന്ധ്യാവന്ദനാദി നിത്യകർമ്മങ്ങൾ നിഷ്കൃഷ്ടമായി അനുഷ്ഠിച്ച് സ്വന്തം ഉപാസനാബലം വർദ്ധിപ്പിക്കുവാൻ ശ്രദ്ധിക്കുന്ന ആളായിരിക്കണം.
2- നിത്യപൂജയിൽ അവശ്യം വേണ്ടതായ വേദഭാഗങ്ങൾ അതായത് പുണ്യാഹം, സപ്തശുദ്ധി, ഭാഗ്യസൂക്തം, പുരുഷസൂക്തം, ശ്രീരുദ്രം, മുതലായവ അക്ഷരശുദ്ധിയോടുകൂടി ശാന്തിക്കാരൻ അഭ്യസനം നടത്തിയിരിയ്ക്കേണ്ടതാണ്.
3- ഗണപതി, വിഷ്ണു, ശിവൻ, ദുർഗ്ഗ,ഭദ്രകാളി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നീ ദേവന്മാരുടെയെങ്കിലും ചെറിയ പൂജയും ഹോമാചാരവും പിഴവുകൂടാതെ ചെയ്യുവാൻ ശാന്തിക്കാരൻ പഠിച്ചിരിക്കണം. ക്ഷേത്രദർശനം ചെയ്യുന്ന ആരാധകന്മാർക്കു മാർഗ്ഗദർശ്ശകമായ രീതിയിൽ ശാന്തിക്കാരൻ സദാചാരനിരതനും ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അറിവുള്ളവനും ആയിരിക്കണം’
4- ശാസ്ത്രദൃഷ്ട്യാ ഈ പ്രമേയത്തിൽ പറഞ്ഞിട്ടുള്ളതുമാത്രം പോരെന്നും അതതു മന്ത്രദേവതകൾക്കു മന്ത്രദീക്ഷ വേറെതന്നെ നടത്തണമെന്നുള്ളതാണ് പരമാർത്ഥം. പക്ഷെ അങ്ങനെയൊരു നിർദ്ദേശം ഇന്ന് നടപ്പില്ലാക്കുവാൻ മാത്രമല്ല പറയുവാൻപോലും വൈഷമ്യമാണെന്നു തോന്നുന്നതിനാലാണ് പ്രസ്തുതപ്രമേയം മേൽ കാണിച്ച രൂപത്തിൽ ആവിഷ്ക്കരിക്കുവാൻ സംഗതി വന്നത്. ഇപ്പോഴാകട്ടെ തന്ത്രിമാർക്കുപോലും ഇക്കാര്യത്തിൽ വേണ്ട നിഷ്ഠയോ ആചാരമോ ഇല്ലെന്ന് ഖേദപൂർവ്വം ഞാൻ ഇവിടെ സൂചിപ്പിക്കുന്നു. (ചുരുക്കം ചിലരെ ഒഴിച്ചു നിർത്തിക്കൊണ് ഞാൻ ഇത് പറയുന്നത്)
“വിപ്ര: കുലീന: കൃതസംസ്ക്രിയൗഘ:
സ്വാധീതവേദഗമതത്ത്വവേത്താ
വർണ്ണാശ്രമാചാരപരോ/ധിദീക്ഷോ
ദക്ഷസ്തപസ്വീ ഗുരുരാസ്തികോ/സ്തു “
(തന്ത്ര സമുച്ചയം 1 -ാം പടലം ശ്ലോകം – 5 )
മുകളിൽ കാണിച്ച തന്ത്രസമുച്ചയത്തിലെ പ്രസിദ്ധമായ ശ്ലോകത്തിൽ ശരിയായ തന്ത്രിവിപ്രനും കുലപാരമ്പര്യമുള്ളവനും ഷോഡശാദി സംസ്ക്കാരക്രിയകൾ കഴിഞ്ഞവനും പഠിച്ചവനും വേദാഗമങ്ങളുടെ പൊരുൾ അറിഞ്ഞവനും വർണ്ണാശ്രമാചാരങ്ങളിൽ നിഷ്ഠയുള്ളവനും അധിദീക്ഷിതനും സമർത്ഥനും തപസ്വിയും ഈശ്വരവിശ്വാസിയുമായിരിയ്ക്കണമെന്ന് പറയുന്നുണ്ട്. ഇവിടെ “അധിദീക്ഷ” എന്ന പദം ശ്രദ്ധിക്കുക. അവനവൻ്റെ കുലാചാരമായ പൂജാദി മന്ത്രോപാസനാ കർമ്മങ്ങളിൽ ദീക്ഷിതനാകണം എന്നാണ് ഇതിനർത്ഥം. ദീക്ഷ തന്ത്രശാസ്ത്രത്തിലെ ഒരു സാങ്കേതിക പദമാണ്.
(തുടരും)




നല്ല അറിവ്
🙏🙏🙏
നല്ല അറിവ്
👌🙏🙏
Saji, sheefa, Aravind, sithara thanks to your comments
🙏🙏
നല്ല ചിന്ത തന്നെ ഗുരുജി.. ആത്മീയ ശക്തി പകരാൻ കഴിവുള്ളവരാകട്ടെ അവർ. നന്ദി ഗുരുജി. നമസ്ക്കാരം ‘