Tuesday, January 6, 2026
Homeമതംപുരാണകഥകളിലൂടെ ഒരു യാത്ര.. (8) 'ശര്യാതിയുടെ യാഗം' (തുടർച്ച..) ✍ ശ്യാമള ഹരിദാസ്.

പുരാണകഥകളിലൂടെ ഒരു യാത്ര.. (8) ‘ശര്യാതിയുടെ യാഗം’ (തുടർച്ച..) ✍ ശ്യാമള ഹരിദാസ്.

ശര്യാതിയുടെ യാഗം തുടർച്ച.

രാജകൊട്ടാരത്തിനുചുറ്റും കമനീയമായ രീതിയിൽ വലിയ യാഗശാലയും നെടുംപുരകളും അതിഥി മന്ദിരങ്ങളും ഭോജനശാലകളും നിരന്നു.

ഒരു സന്മുഹുർത്തത്തിൽ യജ്ഞവും വിധിപ്രകാരം സമാരംഭിച്ചു. വസിഷ്ഠൻ, അത്രി, അംഗീരസ്സ്, പുലഹൻ, പുലസ്ത്യൻ, നാരദൻ തുടങ്ങിയ ബ്രഹ്മർഷി മുഖ്യന്മാരും വന്നു
ചേർന്നു. വേറെയും പല മഹർഷിമാരും, മഹാബ്രാഹ്മണരും വേദിയിൽ സന്നിഹിതരായി. ക്ഷണിക്കപ്പെട്ട ക്ഷോണീപതികളും വളരെ നേരത്തെ തന്നെ സമാഗതരായി.

യാഗത്തിന്റെ പ്രധാന ഹോത്രി ച്യവനമഹർഷി തന്നെ ആയിരുന്നു. ഭൃഗുപുത്രനുള്ളപ്പോൾ അദ്ദേഹം തന്നെയായിരിക്കണം പ്രധാന ഹോത്രി എന്നായിരുന്നു മറ്റു മാമുനികളുടെ അഭിപ്രായം. സിദ്ധിയും അപാര തപശക്തിയുമുള്ള ഒരു യതീശ്വരനാണ് ച്യവനൻ. ശാന്തതയുടേയും, അനുകമ്പയുടേയും, മഹാ ത്യാഗത്തിന്റെയും ഉറവിടമായിരുന്നു അദ്ദേഹം. അങ്ങിനെ ഒരു മഹർഷിവര്യനെ ഹോത്രിയായി വരിച്ചതിൽ ശര്യാതിയെ മറ്റു മാമുനികൾ അഭിനന്ദിച്ചു.

സുകന്യ ഒരു ശുകബാലികയെ പോലെ സോല്ലാസം അവിടവിടെ ഓടിനടന്നു
രസിച്ചും, ഇടക്കിടെ ഭർത്തൃസവിധത്തിൽ വന്ന് അദ്ദേഹത്തിനു വേണ്ട പരിചരണങ്ങൾ ചെയ്തു കൊടുത്തും എല്ലായിടത്തും വ്യാപിച്ചുകൊണ്ട് പെരുമാറി. യാഗത്തിന്റെ ഹവിസ്സു കാംക്ഷിച്ചു ഇന്ദ്രാദിദേവന്മാരും സന്നിഹിതരായി. ആ കൂട്ടത്തിൽ അശ്വിനിദേവകളും ഉണ്ടായിരുന്നു.

അവരുടെ സാന്നിധ്യം നാകലോകാധിപന് ഒട്ടുംതന്നെ ഇഷ്ടപ്പെട്ടില്ല. അതിനാൽ അദ്ദേഹം മറ്റുള്ളവരോടായി പുച്ഛസ്വരത്തിൽ അലറി ഈ അശ്വിനീ ദേവകൾക്ക് ഇവിടെ എന്തു കാര്യം?.. അവരെന്തിനു ഇവിടെ വന്നു?.. അർഹതയില്ലാത്ത സ്ഥലത്ത് പ്രവേശിക്കുന്നത് ഉചിതമാണോ?.. യജ്ഞത്തിൽ സോമപാനത്തിന് അർഹതയില്ലാത്ത ദേവവർഗ്ഗം. ഇവിടെ ഇരിക്കുന്നതെന്തിന്?.. ഇവരെ ആരു ക്ഷണിച്ചു. അവർ ഇവിടെ ഇരിക്കുന്നതു തന്നെ മറ്റുള്ളവർക്ക് അപമാനമാണ്.

ആ നാകാധിപൻ ഇങ്ങനെ പലതും പകയോടെ പുലമ്പിക്കൊണ്ടിരുന്നു. പക്ഷേ ആരും അതിനു ഒരു മറുപടിയും പറഞ്ഞില്ല. എന്നിട്ടും ഇന്ദ്രൻ പിറുപിറുത്തു കൊണ്ടുതന്നെയിരുന്നു.

സോമപാനത്തിന് സമയമായപ്പോൾ സോമഭാഗം ഇന്ദ്രാദി ദേവന്മാർക്ക് കൊടുക്കുന്ന കൂട്ടത്തിൽ അശ്വിനിദേവകൾക്കും നൽകാൻ ച്യവനൻ സന്നദ്ധനായി. അതുകണ്ടു മഹേന്ദ്രൻ തടുത്തു പറഞ്ഞു.

ഹേ മഹർഷേ അങ്ങ് എന്താണ് ഈ കാണിക്കാൻ തുടങ്ങുന്നത്?.. അർഹതയില്ലാത്തവർക്ക് സോമയാഗം നൽകുവാൻ അങ്ങയോട് ആരുപദേശിച്ചു?..

ച്യവനൻ പറഞ്ഞു ആരും ഉപദേശിച്ചതല്ല നിങ്ങളെ പോലെത്തന്നെ അവരും സോമപാനത്തിന് അർഹരാണെന്ന് എനിക്ക് തോന്നുന്നു. അവരും ദേവകൾ അല്ലേ?..

ഇന്ദ്രൻ പ്രതിഷേധിച്ചു. അവർ ദേവകളാണെങ്കിലും സോമപാനത്തിന് അവർക്ക് അർഹതയില്ല. ദേവ വൈദ്യന്മാർ ആയതുകൊണ്ട് അവർക്ക് ഭ്രഷ്ട് ഉണ്ട്. അതാണ്‌ അതിനു കാരണം. ഒരു യാഗത്തിനും സോമഭാഗം അവർക്ക് കിട്ടാറില്ല. കൊടുക്കാറുമില്ല. ഇവിടെ പല യാഗഹോത്രികളും ഇരിപ്പുണ്ട്, അവരോട് ചോദിച്ചു നോക്കൂ.

അപ്പോൾ ച്യവനമഹർഷി പറഞ്ഞു എന്നാൽ ഈ യാഗത്തിൽ സോമപാനത്തിന് അവർ അർഹരാണ് എന്ന് ഞാൻ വിധിക്കുന്നു. എല്ലാം കൊണ്ടും അർഹരാണെന്ന് ഞാൻ വിധിക്കുന്നു. മേലാൽ നടക്കുന്ന യാഗങ്ങളിലും സോമപാനം ചെയ്യാൻ അവർക്ക് അർഹത ഉണ്ടായിരിക്കും.

അപ്പോൾ ഇന്ദ്രൻ പറഞ്ഞു ഇത് അധർമ വും അക്രമവുമാണ്. ഒരു ഹോത്രിയായാൽ എന്തും പ്രവർത്തിക്കാം എന്നോ?… ഇന്ദ്രൻ കോപത്തോടുകു‌ടി ഉറക്കെ അലറി. ഇവിടെ കൂടിയിരിക്കുന്ന ബ്രഹ്മർഷികൾ ആരെങ്കിലും പറയട്ടെ ഇത് ധർമ്മമാണെന്ന്.

ച്യവനൻ അധർമ്മമാണെന്ന് ആരെങ്കിലും പറയട്ടെ. ഇന്ദ്രാ അഹങ്കാരം കൊണ്ട് ചുവടു മറന്ന് സംസാരിക്കരുത്. കശ്യപപത്നിയായ അദിതി പ്രസവിച്ചതാണ്
അങ്ങയേയും ഈ അശ്വിനി ദേവകളുടെ പിതാവായ സവിതാവി നേയും. ആ നിലയിൽ ഇവർ അങ്ങയുടെ സ്വന്തം സഹോദരന്റെ പുത്രന്മാരാണ്. ആദി ദേവന്മാരായ ദേവകൾ കശ്യപന്റെ സന്തതി പരമ്പരകളല്ലേ?.. ദ്വാദശാദിത്യന്മാരിൽ ഒരാളാണ് ഇവരുടെ പിതാവ്. ആ സ്ഥിതിക്ക് അശ്വിനിദേവകൾക്ക് എങ്ങിനെ ഭ്രാഷ്ട് സംഭവിച്ചു?.. അവർക്ക് ഭ്രാഷ്ട് ഉണ്ടെങ്കിൽ അങ്ങേയ്ക്കും അങ്ങയുടെ കൂട്ടർക്കും ഭ്രഷ്ട് ഉണ്ട്. വൈദ്യ വൃത്തിയാൽ പരസഹായം ചെയ്യുന്നത് കൊണ്ടാണോ അവർക്ക് ഭ്രഷ്ട് സംഭവിച്ചത്?.. പുണ്യകരമായ ആതുര സേവകൊണ്ട് അവർ അങ്ങേയറ്റം ശ്രേഷ്ഠ ന്മാരാണ്. ആയിരം കണ്ണുകളുമായി അബദ്ധക്കാരനായി അങ്ങ് വന്നപ്പോൾ അതു ചികിൽസിച്ചു മാറ്റാൻ അവർ മടിച്ചതാണോ ഭ്രഷ്ടിനു കാരണം?.. എല്ലാവർക്കും അത് അറിയാം.

(തുടരും…)

ശ്യാമള ഹരിദാസ്✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com