സതി – സാവിത്രി.
മരക്കഷ്ണം വെട്ടിക്കൊണ്ടുവരാം എന്ന് പറഞ്ഞ് പ്രാണേശ്വരിയെ പറഞ്ഞ് ആശ്വസിപ്പിച്ച് അവിടെ ഇരുത്തിയത്തിനുശേഷം, സത്യവാൻ മഴുവുമെടുത്തു കൊണ്ട് കാട്ടിനുള്ളിലേയ്ക്ക് കടന്നു. തനിച്ചിരിക്കാൻ ധൈര്യമില്ലാതെ സാവിത്രിയും ഭർത്താവിനെ അനുഗമിച്ചു. മരം വെട്ടിക്കൊണ്ടുവരാൻ പോയ സേവവൃന്ദങ്ങളെ
തിരിച്ചയിച്ചിട്ട് സത്യവാൻ തനിച്ച് അതിനൊരുങ്ങി പുറപ്പെട്ടത്, വിധിവൈപ രീത്യം കൊണ്ടെന്നേ പറയാനുള്ളൂ.
മരം വെട്ടിക്കൊണ്ടിരിക്കുമ്പോൾ ഒരു കൊമ്പ് ഒടിഞ്ഞു ശരീരത്തിൽ വീണ് സത്യവാൻ തൽക്ഷണം തന്നെ മരിച്ചു. ആത്മവല്ലഭന്റെ ദുരന്ത നിര്യാണം കണ്ട് തീവ്രമായ സങ്കടത്തോടെ സാവിത്രി ഭർത്താവിന്റെ ശിരസ്സെടുത്ത് മടിയിൽ കിടത്തിക്കൊണ്ട്, ഹൃദയം പൊട്ടുമാറ് കരഞ്ഞു വിലപിക്കാൻ തുടങ്ങി.
തൽക്ഷണം, മരിച്ചവരുടെ ആത്മാവിന് അവകാശിയായ യമൻ അവിടെ വന്നു. സത്യവാന്റെ ജീവനെ യമൻ സങ്കചിതമാക്കി ബന്ധിച്ചു കയ്യിലാക്കിക്കൊണ്ടു പോകാൻ തുടങ്ങുന്നത്, പതിവ്രതാശിരോരത്നമായ ആ സാധു സ്ത്രീക്ക് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. അവളും കദനച്ചൂടിൽ കത്തിയെരിയുന്ന കരളോടെ അന്തകനെ മന്ദം മന്ദം അനുഗമിച്ചു.
അതുകണ്ടു കൃതാന്തകൻ ആ കൃശോദരിയോട് ശാന്തമായി ചോദിച്ചു.
ഹേ! തരുണീരത്നമേ! സുശീലെ! നീ എന്തിനാണ് എന്നെ പിന്തുടരുന്നത്?.. ഞാൻ കാലനാണ്.
സാവിത്രി പറഞ്ഞു എന്നെ വിധവയാക്കി, എന്റെ ഭർത്താവിന്റെ ജീവനും കൊണ്ടു പോകുന്ന അങ്ങയുടെ പുറകെ ഞാനും വരേണ്ടവളല്ലേ?.. എനിക്ക് മറ്റൊരു ഗതിയുമില്ല. എന്നെ അങ്ങേക്ക് തടുക്കാനും സാധ്യമല്ല. ഭർത്താവിന്റെ സന്നിധിയാണ് പതിവ്രതയായ ഭാര്യയുടെ അഭയസങ്കേതം. പരമ ശിവന്റെ ഉത്സംഗത്തിൽ അദ്രികന്യക ഇരിക്കുന്നതും ആ നിലയിലാണ്.
അപ്പോൾ യമൻ പറഞ്ഞു ഹേ പെണ്മണി ഞാൻ പോകുന്നത് പ്രേതലോകത്തിലേക്കാണ്. മരിച്ചവർക്ക് മാത്രമുള്ള ഒരു ലോകമാണത്. ശരീരികളായ ആർക്കും തന്നെ അവിടെ പ്രവേശിക്കാൻ സാധ്യമല്ല. നീ സന്തോഷമായി തിരിച്ചു പോകൂ. നിന്റെ ഭർത്താവ് അൽപ്പായുസ്സായി മരിക്കണം എന്നായിരുന്നു വിധി. അതനുസരിച്ച് മരിക്കുകയും ചെയ്തു.
മരണം ആരുടേയും അധികാരത്തിൽ പെട്ടതല്ല. ദൈവഹിതമനുസരിച്ചു അത് സംഭവിക്കുന്നു. ആയതിനാൽ നീ സമാധാനത്തോടെ തിരിച്ചു പോകൂ. നിന്റെ ഭർത്താവിന്റെ ആത്മാവ് മരിക്കുന്നില്ല. അതിനെ ആവരണം ചെയ്തിരിക്കുന്ന ശരീരമാണ് മരിച്ചത്. അതിന് നീ എന്തിന് സങ്കടപ്പെടുന്നു.?. അതിന് നീ എന്തിന് സങ്കടപ്പെടുന്നു.?.. ലോകത്തിലുള്ള സർവ്വജീവരാശികളും അവരുടെ കർമ്മഫലമ നുസരിച്ച് ജനന മരണങ്ങൾക്ക് വിധേയരാകുന്നു. അതു പ്രകൃതിയിലെ ഒരു അഖണ്ഡവും അനിഷേധ്യവുമായ നിയമമാണ്. അതു മാറ്റാനും മറിക്കാനും ആരെക്കൊണ്ടും സാധ്യമല്ല. അതിനാൽ നീ സന്തോഷമായി തിരിച്ചു പോകൂ. നിനക്ക് മംഗളം ഉണ്ടാകട്ടെ എന്നുപറഞ്ഞു.
(തുടരും)




രസകരമായിട്ടുണ്ട് എഴുത്ത്👍👍