Monday, October 7, 2024
Homeകേരളംഎസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം — എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമമെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി നിയമസഭയിൽ പറ‍ഞ്ഞു. എസ്എഫ്ഐ പ്രവർത്തനം നടത്തിയതിന്റെ പേരിൽ 35 പേർ കൊലചെയ്യപ്പെട്ടു. ഇത്തരം ഒരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോയെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു.

കൊല നടത്തുക അതിനെ നിർലജ്ജം ന്യായീകരിക്കുക, കൊലയാളികളെ സംരക്ഷിക്കുക ഇതാണ് പ്രതിപക്ഷ നേതാക്കൾ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. നിങ്ങൾ നടത്തിയ ആക്രമങ്ങളെ നേരിട്ടുകൊണ്ട് അല്ലേ എസ്എഫ്ഐ വളർന്നുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പടിപടിയുള്ള വളർച്ചയായിരുന്നില്ലേ എസ്എഫ്ഐയുടേത്. നടക്കാൻ പാടില്ലാത്തത് നടക്കുന്നുണ്ടെങ്കിൽ അതിനെ ന്യായീകരിക്കുന്നത് ഞങ്ങടെ പണിയല്ല. തെറ്റിനെ തെറ്റായി തന്നെ പറയുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

എസ്എഫ്ഐ നിറഞ്ഞുനിൽക്കുന്ന പ്രസ്ഥാനമാണ്. അതിനെ താറടിച്ച് കാണിക്കാൻ ശ്രമിക്കുന്നത്. വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടാകുന്നത് നിർഭാഗ്യകരമായ കാര്യം. അത് ഒഴിവാക്കാൻ വിദ്യാർത്ഥി സംഘടനകളും സ്ഥാപനവും പരിശ്രമം നടത്തണം. സംഘർഷം ഉണ്ടാകുമ്പോൾ ഒരു പ്രത്യേക വിദ്യാർത്ഥി സംഘടനയെ താറടിക്കാനുള്ള കാഴ്ചപ്പാട് പ്രശ്നങ്ങളെ സങ്കീർണമാക്കും. മരംകണ്ട് കാട് കാണുന്നില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. സംഘർഷത്തിൽ നടപടി ഉണ്ടാകും. അതിൽ പെട്ടവർ നടപടി നേരിടുക തന്നെ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പല നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെ കാണാതെ ക്യാമ്പസുകളിൽ ആകെ ഗുണ്ടാവിളയാട്ടം എന്ന് പ്രചരിപ്പിക്കരുത്. പക്ഷപാരമായ പ്രചരണത്തിന് സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടാകാം. സർക്കാരിന് അത് അംഗീകരിക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നവകേരള യാത്രക്കിടെയുണ്ടായ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനംമെന്ന് വിശേഷിപ്പിച്ചു. തന്റെ വാഹനത്തിലേക്ക് ചാടി എത്തിയവരെ രക്ഷപ്പെടുത്തുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേഹത്ത് വാഹനം തട്ടാതിരിക്കാൻ ആണ് പിടിച്ചുമാറ്റിയത്. ഞാൻ കണ്ടതാണ് ഞാൻ പറയുന്നത്. ഇന്നലെയും പറഞ്ഞു ഇന്നും പറഞ്ഞു നാളെയും പറയുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments