ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നിലധികം തവണ ബലാൽസംഗത്തിന് വിധേയയാക്കിയ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണിമല വെള്ളാവൂർ ഏറത്തു വടക്കേക്കര തോട്ടപ്പള്ളി കോളനി കഴുന്നാടിയിൽ താഴെ വീട്ടിൽ സുബിൻ എന്ന കാളിദാസ് (23) ആണ് പിടിയിലായത്. 2021 ജനുവരി ഒന്നിനും 2024 മാർച്ച് 31 നുമിടയിലുള്ള കാലയളവിൽ പലയിടങ്ങളിൽ വച്ചാണ് 17 കാരിയെ പീഡിപ്പിച്ചത്.
കുട്ടിയുടെ മൊഴി അനുസരിച്ച് പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്യുകയും, പീഡനം ആദ്യം നടന്നത് തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ, എഫ് ഐ ആറും മൊഴിയും തിരുവല്ലയിൽ അയച്ചുകിട്ടിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം തിരുവല്ല പോലീസ് ആരംഭിക്കുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർ ബി കെ സുനിൽ കൃഷ്ണനാണ് അന്വേഷണം നടത്തിയത്.
പ്രതി പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച മോട്ടോർസൈക്കിൾ പിതാവ് സുരേഷ് കുമാറിന്റെ പേരിലുള്ളതാണെന്ന് അന്വേഷണത്തിൽ വെളിവായി. വാഹനം സ്റ്റേഷനിൽ ഹാജരാക്കാൻ പോലീസ് നിർദ്ദേശിച്ചുവെങ്കിലും എത്തിക്കാൻ കൂട്ടാക്കാതെ വാഹനം ഒളിപ്പിക്കുകയും, മകനെ ഒളിവിൽ പോകാൻ സഹായിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ രണ്ടാം പ്രതിയായി കേസിൽ ഉൾപ്പെടുത്തിയ പോലീസ്, തുടർന്ന് നടത്തിയ ഊർജ്ജതമായ അന്വേഷണത്തിൽ കഴിഞ്ഞവർഷം നവംബർ 19ന് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തു, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
കുട്ടിയെ പീഡിപ്പിച്ച കാളിദാസിനെ കണ്ടെത്താൻ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രതിക്കായി അന്വേഷണം വ്യാപകമാക്കിയ പോലീസിന് ഇയാൾ ഡൽഹിയിൽ ഉണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘം അവിടെയെത്തി നടത്തിയ തെരച്ചിലിൽ ബദർപ്പൂർ എന്ന സ്ഥലത്തുനിന്നും യുവാവിനെകസ്റ്റഡിയിലെടുക്കികയായിരുന്നു
അവിടെ നിന്നും തിരുവല്ലയിൽ എത്തിച്ചു. വൈദ്യ പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾക്ക് ശേഷം, ഇയാളുടെ ഫോട്ടോയും വീഡിയോയും പെൺകുട്ടിയുടെ അമ്മയുടെ വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്തു തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.