കൊൽക്കത്ത: ടി20 ലോകകപ്പിലെ നിർണ്ണായക സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണെതിരെ ഉയർന്ന വംശീയ അധിക്ഷേപം വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.
മത്സരത്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശില്പിയായ സഞ്ജുവിനെ ലക്ഷ്യമിട്ട് എക്സ് (X) പ്ലാറ്റ്‌ഫോമിൽ വന്ന കുറിപ്പാണ് വിവാദമായത്. സഞ്ജുവിന്റെയും വിൻഡീസ് താരങ്ങളുടെയും നിറത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ കടുത്ത അമർഷമാണ് ആരാധകരും രാഷ്ട്രീയ നേതൃത്വവും പ്രകടിപ്പിക്കുന്നത്.
സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതൃത്വം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് പരാതി നൽകി. സഞ്ജു സാംസണെ പോലൊരു താരത്തെ നിറത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം വംശീയ അധിക്ഷേപങ്ങൾ നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തിന്റെ അഭിമാനമായ താരത്തിന് നേരെയുള്ള ഈ സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ബാഹ്യമായ വിമർശനങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്നാണ് താൻ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് സഞ്ജു വെളിപ്പെടുത്തിയിരുന്നു.തന്റെ പ്രകടനത്തെ ഇത്തരം അധിക്ഷേപങ്ങൾ ബാധിക്കാതിരിക്കാൻ താരം കാണിച്ച ജാഗ്രതയെ ക്രിക്കറ്റ് ലോകം പ്രശംസിക്കുമ്പോഴും, കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. കായിക മേഖലയിലെ വംശീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണമെന്നാണ് പൊതുവായ വികാരം.



