തിരുവനന്തപുരം: ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സബ്സിഡി കൊടുത്ത വകയിലെ തുക നല്കിയില്ലെങ്കില്‍ മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് സപ്ലൈകോ.
സബ്സിഡി ഇനങ്ങളിലെ കുടിശികയായി 1600 കോടിയോളം രൂപയാണ് സപ്ലൈകോയ്‌ക്ക് സര്‍ക്കാര്‍ നല്കാനുള്ളത്. കുടിശിക കൊടുക്കാത്തതിനാല്‍ കരാറുകാര്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നുമില്ല. സപ്ലൈകോയുടെ വിതരണ കേന്ദ്രങ്ങള്‍ കാലിയായി. അടിയന്തര ഇടപെടല്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരുമെന്ന് സപ്ലൈകോ മുന്നറിയിപ്പു നല്കിയത്.
ഇതോടെ മുഖ്യമന്ത്രിക്കു കത്തെഴുതി കാത്തിരിക്കുകയാണ് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. അടിയന്തരമായി 500 കോടിയെങ്കിലും വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കരാറുകാര്‍ ഉത്പന്നങ്ങള്‍ നല്കാതായതോടെ ക്രിസ്മസ്-പുതുവത്സര ചന്തകള്‍ തുടങ്ങാന്‍ സാധിച്ചില്ല. കടുത്ത വിമര്‍ശനമുയര്‍ന്നതോടെ 17.63 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. അതുകൊണ്ട് ഉത്പന്നങ്ങള്‍ വാങ്ങി ഏതാനും ജില്ലകളില്‍ ക്രിസ്മസ്-പുതുവത്സര ചന്തകള്‍ തുടങ്ങി. എന്നാല്‍ 13 ഇന സബ്സിഡി സാധനങ്ങളില്‍ അഞ്ചേയുണ്ടായിരുന്നുള്ളൂ. പ്രതിഷേധത്തെ തുടര്‍ന്ന് പല ജില്ലകളിലും ചന്തകള്‍ നിര്‍ത്തി. എന്നിട്ടും സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന് സപ്ലൈകോ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മറുപടി കൊടുത്തേയില്ല.
പൊതുവിപണിയിലാണെങ്കില്‍ വില കുതിച്ചുകയറുന്നുണ്ട്. മുളകിന് 225 രൂപയ്‌ക്കു മുകളിലായി, അരിക്ക് 60ല്‍ നിന്നും ഉയരുന്നു. മറ്റെല്ലാ ഉത്പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കുന്നു. ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്നിട്ടും വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാരിനാകുന്നില്ല.