ന്യൂഡൽഹി :- പാർലമെൻറ് വളപ്പിലുണ്ടായ സംഘർഷത്തിനിടെ രണ്ട് ബിജെപി എംപിമാരെ ശാരീരികമായി ആക്രമിച്ചു എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസ് വ്യാഴാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബിജെപി എംപിമാരായ ഹേമങ്ക് ജോഷി, അനുരാഗ് ഠാക്കൂർ, ബാൻസുരി സ്വരാജ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
രാഹുൽ ഗാന്ധി നിയമസഭ അംഗമായതിനാൽ തുടർനടപടികൾക്കായി ഡൽഹി പൊലീസ് നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് സൂചന. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷായുടെ അംബേദ്കർ പരാമർശത്തെ തുടർന്ന് കോൺഗ്രസ് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിൽ ബിജെപി എംപിമാരായ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രാജപുത്ത് എന്നിവർക്ക് പരിക്കേറ്റിരുന്നു.രാഹുൽ ഗാന്ധി പിടിച്ചു തള്ളിയതാണെന്നും അങ്ങനെയാണ് പരിക്കേറ്റതെന്നുമാണ് ബിജെപിയുടെ ആരോപണം. തലയിൽ പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. രാഹുൽഗാന്ധി പ്രതിപക്ഷ അംഗങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചതായി ബിജെപി എംപിമാരുടെ പരാതിയിൽ പറയുന്നു.
രാഹുൽഗാന്ധി ഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്ന് കേന്ദ്രമന്ത്രി ശിവ് രാജ് സിംഗ് ചൌഹാൻ ആരോപണമുന്നയിച്ചിരുന്നു. അതേസമയം ബിജെപി എംപിമാർ തള്ളിയതിനെത്തുടർന്ന് തനിക്കു പരിക്കേറ്റെന്നാരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു.